Sorry, you need to enable JavaScript to visit this website.

ഹജ് കർമങ്ങൾ അവസാനിച്ചു; ഹാജിമാർ മിനായോട് വിടപറഞ്ഞു

വിടവാങ്ങൽ ത്വവാഫിനു ശേഷം ഹറമിൽ കഴിയുന്ന ഹാജിമാർ.

മക്ക- സിവശേഷതകളാൽ ശ്രദ്ധേയമായ ഈ വർഷത്തെ ഹജിന് പരിസമാപ്തി. ഹാജിമാർ മൂന്നാം ദിവസത്തെ കല്ലേറു കർമം പൂർത്തിയാക്കി ഉച്ചക്കു ശേഷം മിനായോട് വിടപറഞ്ഞു. തുടർന്ന് ഹറമിലെത്തി വിടവാങ്ങൽ ത്വവാഫ് പൂർത്തിയാക്കി മഗ്്‌രിബിനു ശേഷം അവരവരുടെ താമസ കേന്ദ്രങ്ങളിലേക്ക് ഹാജിമാർ മടങ്ങി. ഇനി ഒരാഴ്ചക്കാലം താമസ കേന്ദ്രങ്ങളിൽ ക്വാറന്റൈനിൽ കഴിയും. ഹജിനു മുൻപും ഹാജിമാർ ക്വാറന്റൈനിൽ കഴിഞ്ഞിരുന്നു. സാധാരണ അഞ്ചാം ദിനത്തിൽ എല്ലാ ഹാജിമാരും മിനാ വിടാറില്ല. അഞ്ചാം ദിവസം ജംറയിലും മക്കയിലേക്കുള്ള വഴികളിലുമുണ്ടാകാവുന്ന വൻ തിരക്ക് കണക്കിലെടുത്ത് വിദേശ രാജ്യങ്ങളിൽ നിന്നു വരുന്ന ഹാജിമാരിൽ നല്ലൊരു ശതമാനം അന്നു കൂടി മിനായിൽ തങ്ങി അടുത്ത ദിവസത്തെ കല്ലേറു കൂടി പൂർത്തിയാക്കി മഗ്‌രിബിനു മുൻപായാണ് മിനാ വിടാറുള്ളത്. എന്നാൽ ഈ വർഷം പരിമിതമായ ഹാജിമാർ മാത്രമായതിനാൽ അഞ്ചാം ദിനത്തോടെ എല്ലാവരും മിനാ താഴ്‌വാരം വിട്ടു. അതോടെ തമ്പുകളുടെ നഗരി വീണ്ടും ശാന്തതയിലേക്കു മടങ്ങി. 
കോവിഡ് പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമായിരുന്നു ഹജ് കർമങ്ങൾ നടന്നത്. ഹജിനു മുൻപ് കോവിഡ് ടെസ്റ്റിനു വിധേയമാക്കി നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയാണ് ഹാജിമാരെ തെരഞ്ഞെടുത്തിരുന്നതെങ്കിലും സാമൂഹിക അകലം പാലിച്ചു കൊണ്ടായിരുന്നു പുണ്യ സ്ഥലങ്ങളിലെ ഓരോ കർമവും അവർ നിർവഹിച്ചത്. മിനായിലെ താമസ കേന്ദ്രങ്ങളിലും ഇതുറപ്പാക്കിയിരുന്നു. പരസ്പരം ഇടപഴകാൻ അനുവദിക്കാതെ 20 പേരടങ്ങുന്ന സംഘങ്ങളാക്കി ആരോഗ്യ, സുരക്ഷാ, ഹജ് മന്ത്രാലയ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു ഹാജിമാർ ഹജ് കർമങ്ങൾ നടത്തിയത്. 25 ലക്ഷത്തോളം ഹാജിമാർ പങ്കെടുക്കാറുള്ളിടത്ത് ആയിരം ഹാജിമാരിൽ ഈ വർഷം ഹജ് പരിമിതപ്പെടുത്തുകയായിരുന്നു. 
ഈ വർഷത്തെ ഹജ് പരിപൂർണമായും സൗജന്യമായിരുന്നുവെന്നതടക്കം ഒട്ടേറെ അപൂർവതകളാൽ ശ്രദ്ധേയമായിരുന്നു. ഓരാ വർഷവും ആയിരക്കണക്കിനു റിയാൽ ചെലവഴിച്ചാണ് ആഭ്യന്തര, വിദേശ ഹാജിമാർ എത്താറുള്ളത്. ദിവസങ്ങളോളം യാത്രയും താമസവും അവർക്കു വേണ്ടിവന്നിരുന്നു. എന്നാൽ ഇത്തവണത്തെ ഹാജിമാർക്ക് പണച്ചെലവോ അധിക സമയമോ ദർഘ യാത്രകളോ വേണ്ടിവന്നില്ല. സൗദിക്കകത്തുള്ള 160 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 70 ശതമാനം വിദേശികളും 30 ശതമാനം സ്വദേശികളുമടങ്ങുന്ന തീർഥാടക സംഘത്തിൽ ആയിരം പേരാണുണ്ടായിരുന്നത്. ഈ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ ഹാജിമാർ പങ്കെടുത്ത ഹജ്. 


തീർഥാടകരിലെ ഏക മലയാളി അബ്ദുൽ ഹസീബ് ഹറമിൽ.

വിദേശികളുടെ കൂട്ടത്തിൽ ഇടം പിടിച്ച ഏക മലയാളിയാവാനുള്ള സൗഭാഗ്യം ഉണ്ടായത് മഞ്ചേരി മേലാക്കം മുസ്്‌ലിയാരകത്ത് അബ്ദുൽ ഹസീബ് എന്ന യുവാവിനാണ്. ലക്ഷക്കണക്കിനു ഹാജിമാർ ഒത്തുകൂടുമ്പോഴുണ്ടാകുന്ന തിക്കും തിരക്കും മൂലം കർമങ്ങൾ ഏറെ സമയമെടുത്തും കൃമായി ചെയ്യാൻ പലർക്കും കഴിഞ്ഞെന്നു വരാറില്ല. എന്നാൽ ഈ വർഷത്തെ ഹാജിമാർക്ക് കർമങ്ങളെല്ലാം ചിട്ടയോടെയും സമയമെടുത്തും നിർവഹിക്കാൻ കഴിഞ്ഞു. എല്ലാ വർഷവും ഹജ് വേളയിൽ സജീവമാവാറുള്ള മിനായിലെ മസ്്ജിദ് ഖൈഫ് ഈ വർഷം ആളനക്കമില്ലാതെ അടഞ്ഞു കിടന്നു. 11,000 ച.മീറ്റർ വിസ്തൃതിൽ നാലു ലക്ഷത്തോളം ഹാജിമാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ടെങ്കിലും അറഫയിലെ മസ്ജിദുന്നമിറക്കകത്ത് ഇരുന്ന് അറഫാ പ്രസംഗം കേൾക്കാനും നമസ്‌കരിക്കാനും ഭാഗ്യം ലഭിക്കണമെങ്കിൽ വളരെ നേരത്തെ അറഫയിലെത്തി ഇടം കണ്ടെത്തണം. എന്നാൽ ഈ വർഷത്തെ ഹാജിമാർ അകലം പാലിച്ച് പള്ളിക്കകത്തിരുന്നിട്ടും എല്ലാവരേയും ഉൾക്കൊണ്ട ശേഷവും പള്ളിയുടെ അധിക ഭാഗവും ഒഴിഞ്ഞു കിടന്നു. അറഫാ സംഗമത്തിൽ കാരുണ്യത്തിന്റെ മലയെന്നറിയപ്പെടുന്ന ജബറു റഹ്്മ തീർഥാടകരാൽ തൂവെള്ള പുതക്കാറുണ്ടായിരുന്നുവെങ്കിൽ ഇക്കുറി ചുട്ടു പൊള്ളുന്ന വെയിലിൽ ഭാവമാറ്റമില്ലാതെ നിലകൊണ്ടു. 
മുസ്ദലിഫയിലെ രാപ്പാർപ്പിനിടെ ജംറകളിൽ എറിയാനുള്ള കല്ലുകൾ ശേഖരിച്ചു കൊണ്ടാണ് ഹാജിമാർ മിനായിലേക്കു മടങ്ങാറുള്ളത്. എന്നാൽ ഇത്തവണ ജംറകളിൽ എറിയുന്നതിന് അണുവിമുക്തമാക്കിയ കല്ലുകളുടെ പാക്കറ്റുകൾ ഹാജിമാർക്ക് നേരത്തെ തന്നെ നൽകിയിരുന്നു. വൺവേ സംവിധാനമാണെങ്കിലും ജംറകളിൽ കല്ലേറിന് തിരക്ക് അനുഭവപ്പെടാറുണ്ട്. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചെത്തിയാണ് കല്ലെറിയാറുമുള്ളത്. എന്നാൽ ഇത്തവണ അവർ വേറെ വേറെ എത്തി സാമൂഹിക അകലം പാലിച്ച് പ്രത്യേകം മാർക്ക് ചെയ്ത സ്ഥലങ്ങളിൽ നിന്ന് ഒരു തിരക്കുമില്ലാതെയാണ് കല്ലെറിഞ്ഞത്. മണിക്കൂറിൽ മൂന്നു ലക്ഷം തീർഥാടകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള അഞ്ചു നിലകളുള്ള ജംറ കോംപ്ലക്‌സിലെ രണ്ടു നിലകൾ മാത്രമാണ് ഈ വർഷം ഉപയോഗിച്ചത്. ഏറ്റവും താഴത്തെ നിലയും മൂന്നാം നിലയും മാത്രമാണ് തുറന്നത്. എല്ലാ വർഷവം ഒരു ദിവസം മൻപ് പ്രസവിച്ച കുഞ്ഞുങ്ങൾ മുതൽ നൂറു വയസ്സ് കഴിഞ്ഞവർ വരെ ഹജിനെത്താറുണ്ട്. എന്നാൽ ഇക്കുറി 25നും 65നും ഇടയിലുള്ള പ്രായക്കാർ മാത്രമായിരുന്നു ഹാജിമാരായുണ്ടായിരുന്നത്്. ആർക്കും പ്രായത്തിന്റെയോ രോഗത്തിന്റെയോ അലട്ടലുകളുണ്ടായിരുന്നില്ല. കോവിഡ് രോഗ വിമുക്തി നേടിയവരും ഇതുവരെ ഹജ് നിർവഹിക്കാത്തവരുമായ ആരോഗ്യവാന്മാരായവരെയാണ് ഹജിന് തെരഞ്ഞെടുത്തത്. 
ഹജ് കർമം നിർഹിക്കുമ്പോൾ ധരിക്കുന്ന വസ്ത്രവും മറ്റു സാധനങ്ങളും ഓരോ ഹാജിമാരും കൊണ്ടുവരികയാണ് പതിവെങ്കിൽ ഇത്തവണ അതെല്ലാം അടങ്ങിയ ബാഗുകൾ ഹാജിമാർക്ക് ഹജ് കർമങ്ങൾ തുടങ്ങുന്നതിനു മുൻപേ നൽകി. സംസം വെള്ളം കാനുകളാക്കി വെച്ചിരിക്കുന്നിടത്തു നിന്നോ പൈപ് ലൈൻ വഴി എത്തുന്നിടത്തു നിന്നോ ആണ് ലഭിച്ചിരുന്നതെങ്കിൽ ഇക്കുറി ഒരു തവണ മാത്രം കുടിക്കാൻ കഴിയുന്ന ചെറു കുപ്പികളിലാക്കി വേണ്ടുവോളം ലഭ്യമാക്കി. ഭക്ഷണം ശാസ്ത്രീയ പരിശോധനകൾക്കു വിധേയമാക്കി പാക്കറ്റുകളിലാക്കിയും ഓരോ നേരവും ഹാജിമാർക്ക് എത്തിച്ചു നൽകി. അതുകൊണ്ട് സംസം വെള്ളത്തിനോ ഭക്ഷണത്തിനോ ആർക്കും ഒരിടത്തും അന്വേഷിച്ചു പോകേണ്ടി വന്നില്ല. പുണ്യ സ്ഥലങ്ങളിലേക്കു യാത്രക്ക് ട്രെയിനിലും, മറ്റു വാഹനങ്ങളിലും വൻ തുക നൽകി തിക്കിത്തിരക്കി കയറേണ്ടിയിരുന്നുവെങ്കിൽ ലക്ഷ്വറി ബസുകളുടെ പകുതി ശേഷി മാത്രം വിനിയോഗിച്ച് ഓരോ ഹാജിക്കും പ്രത്യേകം സീറ്റുകൾ നൽകിയാണ് യാത്രാ സംവിധാനമൊരുക്കിയത്. വാഹനങ്ങളിൽ കയറിപ്പറ്റാൻ കഴിയാതെ കിലോമീറ്ററുകളോളം ഹാജിമാർ നടന്നു പുണ്യ സ്ഥലങ്ങളിലെത്താറുണ്ട്. അതിനിടെ പലരെയും കാണാതാവുകയും പ്രതികൂല കാലാവസ്ഥയിൽ രോഗികളായും അവശരായും ഒക്കെ മാറാറുമുണ്ട്. എന്നാൽ ഇത്തവണ അതൊന്നും ഉണ്ടായില്ല. വഴി തെറ്റിയും തനിയെ കർമങ്ങൾ നിർവഹിക്കാൻ കഴിയാതെയുമുള്ള ഹാജിമാരെ സഹായിക്കാൻ മലയാളികളടക്കം ആയിരക്കണക്കിനു സന്നദ്ധ പ്രവർത്തകർ പുണ്യ സ്ഥലങ്ങളിലെത്താറുണ്ട്. ഇത്തവണ അവരുടെ അസാന്നിധ്യം കൊണ്ടും ഈ വർഷത്തെ ഹജ് സവിശേഷത പുലർത്തി.

Tags

Latest News