Sorry, you need to enable JavaScript to visit this website.

ഓരോ ഹാജിക്കും സഹായം; 6250 സി.സി.ടി.വി ക്യാമറകള്‍

മക്ക- വിശുദ്ധ ഹജ് വേളയില്‍ മക്കയിലെ പുണ്യസ്ഥലങ്ങള്‍ നിരീക്ഷിക്കുന്നതിന് ഉപയോഗിച്ചത് 6250 സി.സി.ടി.വി ക്യാമറകള്‍. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പരിമിത തോതിലുള്ള ഹാജിമാരെ മാത്രം പങ്കെടുപ്പിച്ചായിരുന്ന ഇത്തവണ ഹജ് കര്‍മം.

എല്ലാ  തീര്‍ഥാടകരുടെയും ചലനങ്ങള്‍ നിരീക്ഷിക്കാനും യഥാസമയം സുരക്ഷ ഉറപ്പുവരുത്താനും  ഹജ് മോണിറ്ററിംഗ് കേന്ദ്രത്തെ  ക്യാമറകളുമായി ബന്ധിപ്പിച്ചിരുന്നുവെന്ന് തീര്‍ഥാടകര്‍ കല്ലേറ് കര്‍മം നിര്‍വഹിക്കുന്ന ജമറാത്ത് പാലം നിരീക്ഷിക്കുന്ന ചുമതലയുള്ള കമാന്‍ഡര്‍ ബ്രിഗേഡിയര്‍ അബ്ദുറഹ്മാന്‍ അല്‍ ഖഹ്താനി പറഞ്ഞു.

കണ്‍ട്രോള്‍ സെന്ററില്‍നിന്ന് ഈ ക്യാമറകള്‍ ഉപയോഗിച്ചാണ് തീര്‍ഥാടകരുടെ നീക്കങ്ങള്‍ വീക്ഷിച്ചതും ആവശ്യമായ സ്ഥലങ്ങളില്‍ ഉടന്‍ സഹായമെത്തിക്കുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചതും.  

സി.സി.ടി.വി ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സൂം ചെയ്ത് പരിശോധിക്കാനും എന്താണ് സംഭവിക്കുന്നതെന്ന് വിലയിരുത്താനും അതിനുസരിച്ച് സുരക്ഷ ക്രമീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനും
കണ്‍ട്രോള്‍ സെന്ററില്‍നിന്ന് സാധിക്കുന്നു. ജനറല്‍ ഫീല്‍ഡ് ഓഫീസര്‍മാര്‍ക്ക് വിശാലമായ ചിത്രം യഥാസമയം നല്‍കുന്നതിലാണ് കണ്‍ട്രോള്‍ സെന്റര്‍ ശ്രദ്ധിക്കുന്നത്.

ഹജ് കര്‍മങ്ങളുടെ അവസാന ദിവസമായ ഞായറാഴ്ച തീര്‍ഥാടകര്‍ ജംറകളില്‍ കല്ലേറ് കര്‍മം നിര്‍വഹിക്കുകയാണ്. വൈകുന്നേരത്തോടെ ഹാജിമാര്‍ വിടവാങ്ങല്‍ തവാഫിനായി വിശുദ്ധ ഹറമിലേക്ക് നീങ്ങും.

 

Latest News