Sorry, you need to enable JavaScript to visit this website.

രണ്ടു വിദേശികളെ നാടുകടത്തും, മൂന്നു വാഹനങ്ങൾ കണ്ടുകെട്ടും

അനുമതിയില്ലാത്ത തീർഥാടകരെ എത്തിക്കാൻ ശ്രമിച്ചവർക്ക് തടവും പിഴയും
 

മക്ക- അനധികൃത തീർഥാടകരെ പുണ്യസ്ഥലങ്ങളിലേക്ക് കടത്താൻ ശ്രമിച്ച് പിടിയിലായ ഏഴു പേരെ മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ പ്രവർത്തിക്കുന്ന ജവാസാത്ത് സീസൺ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ ശിക്ഷിച്ചു. തടവും പിഴയും വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ ലഭിച്ചത്. ദുൽഖഅ്ദ 20 മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കാലയളവിലാണ് അനധികൃത തീർഥാടകരെ കടത്താൻ ശ്രമിച്ച ഏഴു പേരെ ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ ശിക്ഷിച്ചത്. 17 അനധികൃത തീർഥാടകരെയാണ് ഇവർ പുണ്യസ്ഥലങ്ങളിലേക്ക് കടത്താൻ ശ്രമിച്ചത്. കുറ്റക്കാരായ രണ്ടു വിദേശികളെ നാടുകടത്താനും വിധിയുണ്ട്. നിയമ ലംഘകരെ പുണ്യസ്ഥലങ്ങളിലേക്ക് കടത്താൻ ഉപയോഗിച്ച മൂന്നു വാഹനങ്ങൾ കണ്ടുകെട്ടാൻ കോടതികളിൽ നിയമ നടപടികൾ സ്വീകരിക്കാനും ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ വിധിച്ചു. 
അനധികൃത തീർഥാടകരെ പുണ്യസ്ഥലങ്ങളിലേക്ക് കടത്താൻ ശ്രമിച്ച സൗദി പൗരന്മാരായ ആതിഖ് അബ്ദുൽ അസീസ് അൽമഖാതിക്ക് 15 ദിവസം തടവും 30,000 റിയാൽ പിഴയും സായിർ സുറൂർ ബസാഅ് അൽറശീദിക്ക് 15 ദിവസം തടവും 20,000 റിയാൽ പിഴയുമാണ് ശിക്ഷ. സായിറിന്റെ കാർ കണ്ടുകെട്ടുന്നതിന് നിയമ നടപടികൾ സ്വീകരിക്കാനും തീരുമാനമുണ്ട്. നിയമ ലംഘകരെ കടത്താൻ ശ്രമിച്ച് കുടുങ്ങിയ വിദേശിയായ അരീഫുല്ല വസീറിന് 15 ദിവസം തടവും 10,000 റിയാൽ പിഴയുമാണ് ശിക്ഷ. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും വിധിയുണ്ട്. 
അനധികൃത താമസക്കാരെ കടത്തുന്നതിനിടെ പിടിയിലായ വിദേശി അബ്ദുറസാഖ് മുഹമ്മദ് അഹ്മദ് സലാമക്ക് 15 ദിവസം തടവും 40,000 റിയാൽ പിഴയും നാടുകടത്തലുമാണ് ശിക്ഷ. സൗദി പൗരൻ മുഹമ്മദ് സ്വാലിഹ് മതർ അൽമുതൈരിക്ക് 15 ദിവസം തടവും 10,000 റിയാൽ പിഴയും മറ്റൊരു സ്വദേശിയായ ആദിൽ മുഹമ്മദ് ഗാസി അൽഹർബിക്ക് 15 ദിവസം തടവും 40,000 റിയാൽ പിഴയും ആണ് ശിക്ഷ വിധിച്ചത്. ആദിൽ അൽഹർബിയുടെ വാഹനം കണ്ടുകെട്ടുന്നതിന് നിയമ നടപടി സ്വീകരിക്കാനും വിധിയുണ്ട്. 
സൗദി പൗരൻ മിശ്അൽ മുഹമ്മദ് അൽതുറൈഫിന് 15 ദിവസം തടവും 20,000 റിയാൽ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഇദ്ദേഹത്തിന്റെ വാഹനം കണ്ടുകെട്ടുന്നതിന് നിയമ നടപടി സ്വീകരിക്കാനും ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി വിധിച്ചു. നിയമ ലംഘകരെ കടത്താൻ ശ്രമിച്ചവർക്ക് ഇവർ കടത്താൻ ശ്രമിച്ച ഓരോരുത്തർക്കും 10,000 റിയാൽ തോതിൽ ആകെ 1,70,000 റിയാലാണ് പിഴ ചുമത്തിയത്. ഏഴു പേർക്കും കൂടി ആകെ 105 ദിവസം തടവും വിധിച്ചു. ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താൻ വിധിച്ച രണ്ടു വിദേശികൾക്ക് പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.
 

Tags

Latest News