Sorry, you need to enable JavaScript to visit this website.

പ്രവാസ ജീവിത പുസ്തകം മടക്കി ജിദ്ദക്കാരുടെ പ്രിയപ്പെട്ട ഗോപിയേട്ടൻ നാട്ടിലേക്ക് 

ഗോപി നെടുങ്ങാടി മകൻ അർജുൻ, ഭാര്യ ലത എന്നിവരോടൊപ്പം. 

ജിദ്ദ- മൂന്നു വ്യാഴവട്ടക്കാലത്തെ പ്രവാസ ജീവിത പുസ്തകം മടക്കി ജിദ്ദക്കാരുടെ ഗോപിയേട്ടൻ എന്ന ഗോപി നെടുങ്ങാടി ചരിത്രമുറങ്ങുന്ന മുത്തശ്ശി നഗരത്തോട് വിടപറയുകയാണ്. പ്രവാസംഗോപിയേട്ടന് സമ്മാനിച്ചത് ഏണിംഗിനേക്കാളും (സമ്പാദ്യം) ലേണിംഗ് (പഠനം) ആണ്. ഇവ രണ്ടുംകൂടിയാവുമ്പോഴുണ്ടാകുന്ന മനോസുഖം ആവോളം ആസ്വദിച്ച് രാജ്യാന്തര പരിപ്രേക്ഷ്യസമൂഹത്തോടൊപ്പം ജീവിക്കാനായതിലുള്ള നിർവൃതിയിൽ നിറഞ്ഞ മനസ്സോടെ അനുഭവങ്ങളുടെ കൂമ്പാരവുമായാണ് മടക്കം. 
36 വർഷം സൗദി അറേബ്യയിലൂടെയുള്ള സഞ്ചാരം ഗോപി നെടുങ്ങാടിക്ക് സമ്മാനിച്ചത് ഭൗതികമായ സമ്പാദ്യല്ല, യഥാർഥ സമ്പാദ്യമെന്ന തിരിച്ചറിവാണ്. സൗദിയിലെ ജീവിതം തന്നിലെ ഭൗതിക സമ്പാദ്യത്തിന്റെ സങ്കൽപം തന്നെ മാറ്റിമറിച്ചു. സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കുമ്പോഴാണ് മനുഷ്യരിൽ ക്രിയാത്മകതയുണ്ടാവൂ. ആ ക്രിയാത്മകത തന്നിലുണ്ടാക്കിയത് സൗദി അറേബ്യയാണെന്ന് ഉറച്ചു വിശ്വസിക്കുന്നയാളാണ് ഗോപി നെടുങ്ങാടി. 
മലപ്പുറം കോട്ടക്കൽ എഴുത്തശ്ശൻകളത്തിൽ വേണുഗോപാലൻ നെടുങ്ങാടി, വെങ്ങാട് പാതിരമണ്ണ രാധ കോവിലമ്മ ദമ്പതികളുടെ മകനായ ഗോപി നെടുങ്ങാടി ജീവിത പ്രാരാബ്ധങ്ങളുടെ ഭാണ്ഡവുമായാണ് സൗദിയിലെത്തിയത്. 16-ാം വയസ്സിൽ പിതാവ് മരിച്ചതോടെ മൂത്തമകനായ തന്നിലായി കുടുംബ പ്രാരാബ്ധം. അഞ്ച് സഹോദരങ്ങളുടെ കാര്യങ്ങൾ നിറവേറ്റുകയെന്ന ലക്ഷ്യവുമായാണ് വെങ്ങാട് എ.എം.യു.പിസ്‌കൂൾ, കൊളത്തൂർ നാഷനൽ ഹൈസ്‌കൂൾ, പാലക്കാട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം സാമ്പത്തിക ശാസ്ത്രത്തിലെ ബിരുദവുമായി ചെന്നൈയിലേക്ക് വണ്ടി കയറിയത്. അവിടെ ഏതാനും നാൾ റെമിംഗ്ടൺ ടൈപ്‌റൈറ്റർ കമ്പനിയുടെ സെയിൽസ്മാൻ. പിന്നീട് സൗദി അറേബ്യയിലേക്ക്. വന്നിറങ്ങിയത് റിയാദിൽ, അവിടെനിന്ന് ദമാമിലേക്ക്. പിന്നെ സൗദിയൊട്ടാകെ നഗരനഗരാന്തരങ്ങളിലൂടെയും ഗ്രാമഗ്രാമാന്തരങ്ങളിലൂടെയുമുള്ള കറക്കം. കൈയിലും തോളിലെ സഞ്ചിയിലും വിജ്ഞാനത്തിന്റെ കലവറകളായ പുസ്തകങ്ങൾ. അങ്ങനെ 12 വർഷം സൗദി ഡെസർട് ഹൗസ് എന്ന സ്വകാര്യ കമ്പനിയിൽ എൻസൈക്ലോപീഡിയയും ബി.ബി.സിയുടെ അറബികൾക്ക് സ്വയം ഇംഗ്ലീഷ് പഠിക്കാനുള്ള കോഴ്‌സുകളുടെ പുസ്തക വിൽപനയുമായി സഞ്ചരിച്ചു. അതിനുശേഷം സ്വന്തമായി മെഡിക്കൽ ടെക്സ്റ്റ്  പുസ്തകങ്ങളുമായി ആശുപത്രികൾ, ക്ലിനിക്കുകൾ കേന്ദ്രീകരിച്ചുള്ള വിൽപന. പലയിടങ്ങളിലും മാസങ്ങളോളം തങ്ങിയ അനുഭവങ്ങളുണ്ട്. ഈ യാത്രകളിൽ സൗദിയിലെ പ്രധാന ചരിത്ര സ്മാരകങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ കാണാനും സൗദിയുടെ വ്യത്യസ്ത ഗോത്രങ്ങളും അവരുടെ സംസ്‌കാരങ്ങളുമായി ഇടപഴകാനുമുള്ള സൗഭാഗ്യമുണ്ടായി. 2016 വരെ തുടർന്ന സഞ്ചാരത്തിന് വിരാമമിട്ട് നാലു വർഷം മുമ്പ് അൽഅബീർ മെഡിക്കൽ ഗ്രൂപ്പിൽ പേഷ്യന്റ് കെയർ വിഭാഗത്തിൽ ചേർന്നു. അവിടെനിന്നും വിരമിച്ചാണ് നാട്ടിലേക്കുള്ള മടക്ക യാത്ര. 
പ്രവാസം സമ്പന്നമാക്കിയ ജിവിതത്തിന്റെ പ്രത്യുപകാരമെന്ന നിലയിൽ പ്രവാസം തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി ഭാഷാ പരിജ്ഞാനം പകർന്നു നൽകാനായി ശിഷ്ടകാല ജീവിതം മാറ്റിവെക്കാമെന്ന മോഹമാണ് മനസ്സിലുള്ളത്. മലയാളികൾ എത്തിപ്പെടാത്ത മേഖലകളില്ല, വിദ്യാസമ്പന്നരുമാണ്. പക്ഷേ ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളുടെ ആശയവിനിമയകാര്യം വരുമ്പോൾ അവരുടെ പിന്നോക്കാവസ്ഥ പലപ്പോഴും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിനു തന്നെകൊണ്ടാവുന്ന പരിഹാരമെന്ന നിലയിൽ ഒരു പരിശീലന കേന്ദ്രം തുടങ്ങുകയെന്ന ലക്ഷ്യം മനസ്സിലുണ്ടെന്നും പാലക്കാടുള്ള വിശ്രമകാല ജിവിതം അതിനായി മാറ്റിവെക്കാനുമാണ് ലക്ഷ്യമിടുന്നത്.  
ഖുർആൻ പഠനവും, അതുപോലെ മറ്റു വേദ ഗ്രന്ഥങ്ങളും ആഴത്തിൽ പഠിച്ച് ഒരു ആധ്യാത്മിക അന്വേഷണം സാധ്യമാക്കാൻ പ്രവാസം ഗോപി നെടുങ്ങാടിയെ സാഹിയച്ചു. പുസ്തകങ്ങളോടുള്ള പ്രിയം ചെറുപ്പത്തിലേ തുടങ്ങിയെങ്കിലും പൈസ കൊടുത്ത് ആദ്യമായി ഒരു പുസ്തകം വാങ്ങാനുള്ള അസരമുണ്ടായത് സൗദിയിലെത്തിയ ശേഷമാണെന്നും സൗദി ജീവിതം വായനക്കും എഴുത്തിനും പ്രഭാഷണങ്ങൾക്കും ഒട്ടേറെ അവസരങ്ങൾ തുറന്നുതന്നുവെന്നും സാംസ്‌കാരിക പ്രവർത്തകനും സംഘാടകനും പ്രഭാഷകനുമായ ഗോപി നെടുങ്ങാടി പറഞ്ഞു. 2011 ൽ തുടക്കം കുറിച്ച സമീക്ഷ സാഹിത്യവേദിയുടെ ചെയർമാൻ പദവി അലങ്കരിച്ചുകൊണ്ട് ഏഴു വർഷമായി തുടർച്ചയായി പിജി സ്മാരക പ്രതിമാസ വായനക്ക് വേദിയൊരുക്കി ജിദ്ദയിലെ സാംസ്‌കാരിക മണ്ഡലത്തിൽ നിറസാന്നിധ്യമാവാൻ ഇദ്ദേഹത്തിനായി. അഖില സൗദി അടിസ്ഥാനത്തിൽ വായനോത്സവങ്ങൾ, കവിതാ പാരായണ മത്സരങ്ങൾ, ഭാഷാ കളരികൾ, ചെറുകഥ ക്യാമ്പുകൾ, പുസ്തക പ്രകാശനങ്ങൾ, ചലച്ചിത്രോത്സവങ്ങൾ, സാഹിത്യ, സംസ്‌കാരിക നായകർക്ക് സ്വീകരണങ്ങൾ അങ്ങനെ സാഹിത്യ, സാംസകാരിക പരിപാടികൾക്കും മലയാള ഭാഷാ പ്രചാരണത്തിനുമായി ഒഴിവുകാല സായാഹ്നങ്ങളെല്ലാം നീക്കിവെച്ച് വേദികളിൽനിന്ന് വേദികളിലൂടെ സഞ്ചരിച്ച് ജിദ്ദയുടെ സാംസ്‌കാരിക മണ്ഡലത്തിൽ ശോഭിച്ചാണ് ഗോപ്യേട്ടൻ മടങ്ങുന്നത്. ഭാര്യ ലതയും ഇദ്ദേഹത്തോടൊപ്പം സാസ്‌കാരിക പരിപാടികളിലെ സ്ഥിര സാന്നിധ്യമായിരുന്നു. നാലു വർഷമായി ജിദ്ദയിൽ ഹെൽത്ത് സെക്ടറിൽ ജോലി ചെയ്തിരുന്ന മകൻ അർജുനൻ ഏതാനും ദിവസം മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങി. ഈ മാസം അവസാനത്തോടെ ഭാര്യാസമേതം ഗോപിയേട്ടനും മടങ്ങും. 

 

Tags

Latest News