Sorry, you need to enable JavaScript to visit this website.

വിഖ്യാത സൗദി ടൂർ ഗൈഡ് കൊറോണ ബാധിച്ച് മരിച്ചു

സഈദ് ബിൻ ജംആൻ

റിയാദ്- സൗദിയിലെ ഏറ്റവും വിഖ്യാതനായ ടൂർ ഗൈഡ് സഈദ് ബിൻ ജംആൻ കൊറോണ ബാധിച്ച് മരിച്ചു. 90 വയസ്സായിരുന്നു. അബൂസനദ് എന്ന വിളിപ്പേരിൽ പ്രശസ്തനായ സഈദ് ബിൻ ജംആൻ എഴുത്തും വായനയും അറിയാത്ത നിരക്ഷരനായിരുന്നു. എന്നാൽ  ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ എന്നിവ അടക്കം നാലു വിദേശ ഭാഷകൾ അനായാസം സംസാരിക്കാൻ കഴിയുമായിരുന്നു.
സൗദി സന്ദർശകരെ രാജ്യത്തിന്റെ ചരിത്രത്തെയും പൈതൃകങ്ങളെയും കുറിച്ച് അറിയിക്കുന്നതിൽ സംഭാവനകൾ നൽകി പരമ്പരാഗത വേഷവിധാനങ്ങളോടെ നജ്‌റാനിലാണ് ടൂറിസം മേഖലയിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്. ഏറ്റവും ഒടുവിൽ രോഗശയ്യയിൽ വെച്ച് നൽകിയ മാധ്യമ അഭിമുഖത്തിൽ വിദേശ ടൂറിസ്റ്റുകളുമായുള്ള ഓർമകൾ പങ്കുവെക്കുകയും ടൂർ ഗൈഡായി പ്രവർത്തനം പുനരാരംഭിക്കാനും ചരിത്ര, പുരാതന കേന്ദ്രങ്ങളിൽ ചുറ്റിനടക്കാനുള്ള അഭിനിവേശം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 


നജ്‌റാനിൽ വിനോദ സഞ്ചാര വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിൽ അബൂസനദ് സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ദീർഘകാലത്തെ പരിചയസമ്പത്തും വിദേശ ഭാഷകൾ അനായാസം കൈകാര്യം ചെയ്യാനുള്ള ശേഷിയും പൈതൃകങ്ങളെ കുറിച്ച അഗാധ ജ്ഞാനവും ടൂറിസ്റ്റുകളുമായി ഇടപഴകുന്നതിലെ ലാളിത്യവുമാണ് സഈദ് ബിൻ ജംആനെ രാജ്യത്തെ ഏറ്റവും പ്രശസ്തനായ ടൂർ ഗൈഡാക്കി മാറ്റിയത്. ഏഴു ആൺമക്കളും ആറു പെൺമക്കളുമുണ്ട്. വിവാഹിതരായ മക്കൾക്കെല്ലാവർക്കും കുട്ടികളുമുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ ആരും തന്നെ സഈദ് ബിൻ ജംആന്റെ തൊഴിലിൽ ഏർപ്പെട്ടവരല്ല.    

Tags

Latest News