1921 എന്ന സിനിമയിലെ മുത്ത് നാവാരത്‌ന മുഖം കത്തിടും മയിലാളേ എന്ന കേരളം നെഞ്ചേറ്റിയ
ഗാനം പാടിയ ഇപ്പോൾ മലപ്പുറത്തെ വിരുന്നുകാരൻ. കൊല്ലത്ത് നിന്ന് മലപ്പുറത്തെത്തിയ അപൂർവ്വ പ്രതിഭ.
കൊല്ലം നൗഷാദ് ബാബു എന്ന കലാകാരന്റെ ജീവിതത്തിലൂടെ..
കോവിഡ് കാലത്തെ ഒഴിവ് സമയങ്ങൾ സംഗീതത്തിന്റെ അനന്തരതലങ്ങൾ തേടുകയാണ് നൗഷാദ് ബാബു. ചരിത്ര ഭൂമിയായ പൂക്കോട്ടൂരിലെ വീട്ടിലിരുന്നാണ് സംഗീതതലങ്ങൾക്ക് ഈണം നൽകുന്നത്. 1962ൽ കൊല്ലം ജില്ലയിലെ പള്ളിമുക്കിൽ അബ്ദുൽ അസീസ്-കുത്സു ബീവി ദമ്പതികളുടെ മകനായ നൗഷാദ് ബാബുവിന് ഒന്നര വയസിൽ പോളിയോ ബാധിച്ച് കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടു. കൊല്ലം എൻ.എസ്എസ് യു.പി സ്‌കൂളിലും ക്രിസ്തുരാജ് ഹൈസ്‌കൂളിലുമായാണ് സ്‌കൂൾ പഠനം പൂർത്തിയാക്കിയത്.സ്‌കൂളിലെ ജോയ് കുട്ടി മാഷും, വർഗീസ് മാഷുമാണ് നൗഷാദ് എന്ന കുട്ടിയിലെ സ്വരമാധുര്യം ആദ്യമായി തിരിച്ചറിഞ്ഞത്. സ്‌കൂളിൽ നടക്കാറുള്ള പാട്ടു മൽസരങ്ങളുടെ വിധികർത്താവായിരുന്ന ഏറ്റുമാനൂർ മോഹൻ റാം സാറിന്റെ നിർബന്ധത്തെ തുടർന്നാണ് കൊച്ചു കുട്ടിയായിരുന്ന നൗഷാദ് ആദ്യമായി കൊല്ലം ബാലഭവനിൽ സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച് തുടങ്ങിയത്. 1978ൽ കൊല്ലത്ത് വെച്ച് നടന്ന ശ്രീ നാരായണ ഗുരുധർമ്മ പരിപാലന യോഗത്തിലെ പ്ലാറ്റിനം ജൂബിലി ഫെസ്റ്റിൽ ഒരു കൗമാരക്കാരൻ െ്രെപസ് ഗാനഗന്ധർവ്വൻ യേശുദാസിൽ നിന്ന് ഏറ്റുവാങ്ങുകയും അദ്ദേഹത്തിന്റെ നിർബന്ധ പ്രകാരം സംഗീത കോളേജിൽ ചേരുകയും അതുവഴി ശാസ്ത്രീയമായി സംഗീതം അഭ്യസിക്കണമെന്ന മോഹം നൗഷാദ് ബാബുവിനുണ്ടാവുകയും ചെയ്തു.
അങ്ങനെ കൊല്ലം എസ്.എൻ കോളേജിലെ പ്രൊഫസർ ശിവപ്രസാദിന്റെ താൽപര്യപ്രകാരം തിരുവനന്തപുരത്തെ സ്വാതി തിരുനാൾ സംഗീത കോളേജിലേക്ക് അവസരം കിട്ടി. പഠനത്തിനും ഒപ്പം ശാരീരിക പരിമിതികളെ മറികടക്കാനുള്ള നിശ്ചയദാർഢ്യത്തിനും കൂടെ നിന്ന് കരുത്തും സ്‌നേഹവാൽസല്യങ്ങളും പ്രോൽസാഹനവും നൽകിയ കൊല്ലത്തെ ജനറൽ പിക്‌ചേർസിന്റെ ഉടമയുമായ രവീന്ദ്രൻ നാഥൻ നായരെ പറ്റി പറയുമ്പോൾ ഇന്നും നൗഷാദ് ബാബുവിന് ആയിരം നാവാണ്. സംഗീത കോളേജിൽ നിന്നും 1983ൽ ഗാന ഭൂഷൺ പാസായ അദ്ദേഹം 1986ൽ ഗാനപ്രവീണും നേടിയെടുത്തു.1982 മുതൽ തന്നെ ആകാശവാണിയുടെ സ്ഥിരം ഗായകനായി മാറിയ നൗഷാദ് ബാബു പിന്നീട് നിരവധി കാസറ്റുകളിലും ആൽബങ്ങളിലും പാടി ആരാധക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു. ആയിടക്ക് തന്നെ ബി ഹൈ ആർടിസ്റ്റ് എന്ന മുഖ്യധാരാ പദവി നൽകി ആകാശവാണി ആദരിച്ചു. ഐ.വി ശശി സംവിധാനം ചെയ്ത 1921 എന്ന സിനിമയിൽ മുത്തു നവരത്‌നമുഖം....എന്ന ഗാനം മലയാളം ഏറ്റെടുത്തു.

സംഗീത ജീവിതത്തിനിടയിൽ ഒട്ടേറെ ആരാധകരുള്ള അദ്ദേഹത്തിന് മലപ്പുറത്ത് എത്തിയ ശേഷം പ്രോഗ്രാമുകളുടെ തിരക്കായിരുന്നു. ഇതിനിടയിലാണ് രാജ്യത്തെ മൊത്തം പിടിച്ച് കുലുക്കിയ കോവിഡ് 19 എന്ന മഹാമാരി എത്തിയത്. ഇതോടെ പ്രോഗ്രാമുകൾ കുറഞ്ഞെങ്കിലും പുതിയ ഗാനത്തിന്റെ പണിപ്പുരയിലാണദ്ദേഹം. ഒട്ടേറെ ശിഷ്യ സമ്പത്തുള്ള ഇദ്ദേഹം പൂക്കോട്ടൂരിൽ സംഗീത ക്ലാസുകൾ നടത്തിവരികയാണ്. അതോടൊപ്പം സൗണ്ട് റെക്കോഡിംഗ്, പ്രോഗ്രാമിംഗ് തുടങ്ങിയവ നൂതന സംഗീത,സാങ്കേതിക വിദ്യകൾ ആരംഭിക്കാനിരിക്കുകയാണ്. പ്രോഗ്രാം മാനേജർ മുസ്തഫ കൊടക്കാടൻ,തബലിസ്റ്റ് ഒ.എം ഗഫൂർ, കീബോഡിസ്റ്റ് ശംസീദ് മാരിയാട് തുടങ്ങിയവരും പങ്കാളികളാണ്. ഇതിനിടയിൽ പല പ്രശസ്തരോടൊപ്പവും രാജ്യത്തിനകത്തും പുറത്തും, വേദി പങ്കിട്ട ഇദ്ദേഹം ഗൾഫ് രാഷ്ട്രങ്ങളിലും അമേരിക്കൻ ഐക്യനാടുകളിലും, ജനശ്രദ്ധയാകർഷിച്ച പരിപാടികൾ നടത്തി.
അതോടൊപ്പം തന്നെ രാഗ ശ്രീ ഗാനമേള ഗ്രൂപ്പ് തുടങ്ങി അതിന്റെ അമരത്ത് നിന്ന് പ്രവർത്തിക്കുകയും ചെയ്തു. അതേസമയം തിരക്കിട്ട സംഗീത ജീവിതത്തിനിടയിലും ഇരവിപുരം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപകനായി. സംഗീതനിശ കളിലേയും റിയാലിറ്റി ഷോകളിലേയും നിറസാന്നിദ്ധ്യമായ ഇദ്ദേഹം കുപ്പിവള, കുട്ടിക്കുപ്പായം തുടങ്ങിയ റിയാലിറ്റി ഷോകളിൽ ജഡ്ജായും പ്രവർത്തിച്ചു. 2003 മുതൽ കേരള മാപ്പിള കലാ അക്കാദമിയുടെ അമരത്തുള്ള ഇദ്ദേഹം നിലവിൽ അക്കാദമിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടാണ്. വർഷങ്ങൾ നീണ്ട ഇദ്ദേഹത്തിന്റെ സംഗീത ജീവിതത്തിൽ ഒട്ടേറെ പുരസ്‌കാരങ്ങളും, തേടിയെത്തിയിട്ടുണ്ട്. 2004 ൽ കേരള സർക്കാറിന്റെ ഗുരു ശ്രേഷ്ഠ അവാർഡ്, അദ്ധ്യാപക കലാവേദിയുടെ മികച്ച അദ്ധ്യാപകനുള്ള അവാർഡ് ,2007 ൽ അദ്ധ്യാപക കലാ സാഹിതിയുടെ ഗുരു വന്ദനം പുരസ്‌കാരവും പ്രശസ്തി പത്രവും നേടിയിട്ടുണ്ട്. ഭാര്യ വഹീദയും സംഗീതത്തെയും പാട്ടിനെയും പ്രണയിക്കുന്നു. മൂത്തമകൻ ഇംതിയാസ് മികച്ച ഗായകൻ കൂടിയാണ്. മകൾ പർവീൺ ഫാത്തിമ ഉപ്പയുടെ ബാലപാഠങ്ങൾ ചേർത്ത് പിടിച്ച് ഇപ്പോൾ സംഗീത ബിരുദധാരിയാണ്. മീഡിയവണ്ണിലെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ പതിനാലാം രാവിലെ മികച്ച മത്സരാർഥി കൂടിയായിരുന്നു. ഇപ്പോൾ ഇളയ മകൾ ഫെർമിൻ ഖദീജയുടെ എൽ.എൽ.ബി പഠനാവശ്യാർത്ഥമാണ് മലപ്പുറം പൂക്കോട്ടൂരിൽ കുടുംബസമേതം താമസമാക്കിയത്.
ബന്ധുവും സംഗീത അദ്ധ്യാപകനുമായ അൻവർ സുബൈറിന്റെ സഹായത്തോടെ കള്ളിമുൾ എന്ന സിനിമക്ക് വേണ്ടി, കണ്ണുകളില്ലാതെ... എന്നു തുടങ്ങുന്ന ഗാനമാണ് ആദ്യമായി സിനിമയിൽ പാടുന്നത്. പിന്നീട് കൂടിയാട്ടം സിനിമയിലും നൗഷാദ് ബാബു സ്വരമാധുര്യം തെളിയിച്ചു. മലബാറിലെ വിപ്ലവ പരമ്പരകളേയും ബ്രിട്ടീഷ് കാരുടെ ഏകാധിപത്യ ഭരണ നയങ്ങളേയും എടുത്ത് കാട്ടുന്ന മൺമറഞ്ഞ് പോയ ധീര ദേശാഭിമാനികളായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും, ആലി മുസ്ലിയാരുടെയുമൊക്കെ ദൃശ്യാവിഷ്‌കാരം നടത്തിയ, ജനഹൃദയങ്ങൾ ഏറ്റെടുത്ത, തിരകഥാകൃത്ത് ടി.ദാമോദരന്റെ തിരക്കഥയിൽ ഐ.വി ശശി സംവിധാനം ചെയ്ത് മമ്മൂട്ടി, സുരേഷ് ഗോപി,മുകേഷ്, പാർവ്വതി, ഉർവശി തുടങ്ങിയ വമ്പൻ താരനിര തകർത്തഭനയിച്ച 1921 സിനിമയിലെ കഥാപ്രാധാന്യം നൽകിയ മോയിൻകുട്ടി വൈദ്യരുടെ മുത്ത് നാവാരത്‌ന മുഖം കത്തിടും മയിലാളേ ... എന്ന മലബാറുകാർ നെഞ്ചിലേറ്റിയ വരികൾക്ക് ശബ്ദം നൽകിയത് ഈ കലാകാരനായിരുന്നു. ഇന്നും ആ സിനിമയും അതിലുപരി ആ ഗാനവും മലയാളത്തിന് പ്രിയപ്പെട്ടതാണ്, 2018 മാർച്ചിൽ കൊല്ലം തട്ടാമല ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നും വിരമിച്ചു.






