അനിൽ കുമാർ സി.പി എന്ന ചെറുകഥാകൃത്ത് മലയാളത്തിന്റെ വിശാലമായ എഴുത്തിന്റെ കടൽത്തീരത്ത് നിഷ്‌കളങ്കമായ ഒരു സാന്നിധ്യമാണ്. സദാ പുഞ്ചിരി തൂകുന്ന മുഖവുമായി ഈ പ്രതിഭ കഥാലോകത്ത് വ്യത്യസ്തമായ സൗമ്യാനുഭവം പകരുന്നു. അദ്ദേഹത്തിന്റെ കഥകളിൽ സാധാരണയിൽ കവിഞ്ഞ ഭാവതീവ്രതയും മൗലികതയും പ്രകടമാണ്. നല്ല പാരായണ ക്ഷമതയുള്ള ആഖ്യാനം കൊണ്ട് സമൃദ്ധമാണ് അദ്ദേഹത്തിന്റെ കഥകളെല്ലാം. മനുഷ്യമനസിന്റെ ആഴങ്ങളിലേക്കും വൈകാരികതലങ്ങളിലേക്കും സൂക്ഷ്മ നിരീക്ഷണത്തോടെ അനിൽകുമാറിന്റെ രചനകൾ ചെന്നെത്തുന്നു.
അവതരണ മികവ് കൊണ്ട് എഴുത്ത് ലളിതമാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമാണ്.
ചരിത്രവും ജീവിതവും ദർശനവും അത്യസാധാരണമായി അനിൽ കുമാർ എന്ന എഴുത്തുകാരന്റെ അക്ഷരങ്ങളിൽ വിരുന്നെത്തുന്നു.
കാലത്തിന്റെ പിടച്ചിലുകളെ സൂക്ഷ്മമായ ആഖ്യാനത്തിലൂടെ അനിൽ കുമാർ അവതരിപ്പിക്കുന്നു. ചില ഘട്ടങ്ങളിൽ കടുത്ത പ്രതിഷേധമായും മറ്റു ചില സന്ദർഭങ്ങളിൽ ആഹ്ലാദമായും അദ്ദേഹത്തിന്റെ കഥകൾ നമ്മുടെ മനസ്സുകളിൽ കുട പിടിക്കുന്നു. അനിൽ കുമാർ കഥയേയും കഥ അനിൽകുമാറിനേയും നിത്യവും പുതുക്കിപ്പണിതുകൊണ്ടേയിരിക്കുന്നു. ഒരിക്കൽ ആ കഥകളിലൂടെ സഞ്ചരിച്ചവർ വീണ്ടും ആ രുചിയന്വേഷിച്ചെത്തും. അത്തരമൊരു ആകർഷണ ശക്തിയാണ് അനിൽ കുമാർ കഥകളുടെ സവിശേഷത.
അധ്യാപകനായ അച്ഛൻ വീട്ടിലേക്ക് കൊണ്ടുവന്നിരുന്ന പുസ്തകങ്ങളും സ്‌കൂൾ ലൈബ്രറിയിലെ ഗ്രന്ഥങ്ങളുമായിരുന്നു അനിൽ കുമാർ ആദ്യമായി വായിച്ചത്. പഞ്ചതന്ത്രം, മാലിയുടെ പുസ്തകങ്ങൾ പോലുള്ളതിനോടായിരുന്നു ഇവയിൽ ആദ്യം ചങ്ങാത്തം കൂടിയത്. വായിക്കുന്ന ഓരോ പുസ്തകത്തേയും കുറിച്ച് ഒരു ചെറുകുറിപ്പ് എഴുതി അച്ഛനെ കാണിക്കണം എന്നതായിരുന്നു നിബന്ധന. ഈ ശീലം പിന്നീട് എഴുത്തിന്റെ ലോകത്ത് എത്തിയപ്പോൾ അനിൽ കുമാറിന് ഏറെ സഹായകരമായി.
കുഞ്ഞുകഥകളാണ് സ്‌കൂൾ ജീവിതകാലത്ത് എഴുതിത്തുടങ്ങിയത്. മലയാളം അധ്യാപകനായിരുന്ന അച്ഛനെ തന്നെയാണ് എല്ലാം ആദ്യം കാണിച്ചിരുന്നതും. തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തത് അദ്ദേഹമായിരുന്നു. ഇവയിൽ പലതും പിന്നീട് ബാലയുഗം, ബാലരമ തുടങ്ങിയവയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ബാല്യകാലത്ത്, നല്ലൊരു വായനക്കാരനും സഹൃദയനുമൊക്കെയായിരുന്ന അച്ഛന്റെ വിരൽതുമ്പ് പിടിച്ച് നാട്ടിടവഴികളിലൂടെ നടക്കുമ്പോഴും വീടിനടുത്തുള്ള പുഞ്ചവയൽക്കരയിൽ വൈകുന്നേരങ്ങളിൽ ഇളംകാറ്റേറ്റ് ഇരിക്കുമ്പോഴുമൊക്കെ അദ്ദേഹം പറഞ്ഞുകൊടുത്ത കഥകളിലൂടെയും ചൊല്ലിയ കവിതകളിലൂടെയും അനിൽ കുമാർ പുസ്തകങ്ങളേയും എഴുത്തുകാരേയും ഒക്കെ അറിഞ്ഞുതുടങ്ങി. 'മാമ്പഴം' അച്ഛൻ ചൊല്ലിയത് കേട്ട് ഏങ്ങലടിച്ചു അനിൽ കുമാർ കരഞ്ഞത് നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു!
എഴുത്തിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയത് അച്ഛൻതന്നെയാണ്. പിന്നീട് പ്രവാസ ജീവിതം തുടങ്ങിയതോടെ നിത്യജീവിതത്തിന്റെ സമ്മർദ്ദങ്ങൾക്കിടയിൽ എഴുത്തും വായനയും എല്ലാം പൂർണമായി നിലച്ചു. 2010ൽ ലോകത്തെ ഏറ്റവും വലിയ പ്രാദേശിക ഭാഷാ സോഷ്യൽ നെറ്റ്‌വർക്കായിരുന്ന കൂട്ടം.കോമിൽ അതിന്റെ സാരഥികളിൽ ഒരാളായി സജീവമായതോടെയാണ് വീണ്ടും എഴുത്തിന്റെ ലോകത്തേക്ക് തിരിച്ചെത്തിയത്. ബ്ലോഗിന്റേയും ഫേസ്ബുക്കിന്റേയുമൊക്കെ വിശാലലോകത്ത് എത്തിയതോടെ അനിൽ കുമാറിന്റെ എഴുത്തിനോട് ക്രിയാത്മകമായി പ്രതികരിക്കുന്ന ഒരുപാട് നല്ല സുഹൃത്തുക്കളെ ലഭിച്ചു. അവരും സ്വന്തം കുടുംബാംഗങ്ങളുമാണ് അനിൽ കുമാറിനെ എഴുത്തുകാരനാക്കി പരിവർത്തിപ്പിച്ചത്.
എഴുതാനും വായിക്കാനുമൊക്കെ എപ്പോഴും ഇണങ്ങിയും പിണങ്ങിയും നിർബന്ധിക്കുകയും നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്ത് എത്തിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട കൂട്ടുകാരി പി.വി. ധനലക്ഷ്മിയാണ് എഴുത്തിനെ ഗൗരവമായി കാണാൻ എപ്പോഴും അനിൽ കുമാറിനെ പ്രേരിപ്പിക്കുന്നത്. പലയിടത്തായി ചിതറിക്കിടന്ന കഥകൾ തെരഞ്ഞെടുത്ത് എഡിറ്റ് ചെയ്യാൻ അവർ കാണിച്ച താല്പര്യംകൊണ്ടുമാത്രമാണ് അനിൽ കുമാറിന്റെ ആദ്യ പുസ്തകം യാഥാർത്ഥ്യമായത്.

ഒരു തുടക്കക്കാരന്റെ രചനകൾ ഭേദപ്പെട്ട ഏതെങ്കിലും മുഖ്യധാരാ മാധ്യമത്തിൽ വരണമെങ്കിൽ ഒരു ഗോഡ്ഫാദർ ഉണ്ടാവണം അല്ലെങ്കിൽ അത്രത്തോളം മികച്ച രചന ആവണം എന്ന ഒരു ധാരണ അനിൽ കുമാറിന് ഉണ്ടായത് കാരണം ഇന്നുവരെ ഒരു പ്രിന്റ് മാധ്യമത്തിനും ഒരു രചനയും മുതിർന്നശേഷം അദ്ദേഹം അയച്ചിട്ടില്ല. ചില സുഹൃത്തുക്കൾ ബ്ലോഗുകളിലും മറ്റും പോസ്റ്റ് ചെയ്ത ചില കഥകളെടുത്ത് അവരുടെ ഓൺലൈൻ മാഗസിനുകളിൽ ചേർത്തിട്ടുണ്ട് എന്നുമാത്രം.
മനസ്സിൽ ഒരു ആശയം ഉണ്ടായിക്കഴിഞ്ഞാൽ പിന്നെ ഒറ്റയിരുപ്പിൽ എഴുതിത്തീർക്കുകയാണ് ചെയ്യുക. പലപ്പോഴും ഒരു തുടക്കം കിട്ടാനാണു ബുദ്ധിമുട്ട്, അത് കിട്ടിക്കഴിഞ്ഞാൽ പിന്നെ എഴുത്തിനെ അതിന്റെ വഴിക്കുവിടും. ബ്ലോഗുകൾ ഒക്കെ എഴുതുമായിരുന്ന സമയത്ത് നേരിട്ട് കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്ത് കാര്യമായ പുനർവായനകളോ തിരുത്തലുകളോ ഇല്ലാതെ പോസ്റ്റ് ചെയ്യുകയായിരുന്നു പതിവ്. അതുകാരണം പിന്നീട് വായിക്കുമ്പോൾ പല കഥകളും കൂടുതൽ മെച്ചപ്പെടുത്താമായിരുന്നു, അല്ലെങ്കിൽ മറ്റൊരു രീതിയിൽ എഴുതാമായിരുന്നു എന്നൊക്കെ തോന്നിയിട്ടുണ്ട്. നല്ല തുടക്കം കിട്ടിയിട്ടുപോലും ഒറ്റയിരുപ്പിൽ എഴുതാൻ കഴിയാഞ്ഞതുകൊണ്ട് പൂർത്തീകരിക്കാൻ കഴിയാതെപോയ പല കഥകളും ഉണ്ട്.
ചിലപ്പോഴെങ്കിലും മനസ്സിലുള്ള ഒരു കാര്യം തൃപ്തികരമായി എഴുതാൻ പറ്റിയ ഒരു വാക്കോ പ്രയോഗമോ കിട്ടാത്ത അവസ്ഥ ഉണ്ടാകും. ആ ഒരു വാക്കു കിട്ടുന്നതുവരെ അതൊരു അസ്വസ്ഥതയായി മനസ്സിൽ കിടക്കുകയും ചെയ്യും. അല്ലെങ്കിൽ ഒരു അപൂർണത അനുഭവപ്പെടും. വാക്കുകളുടെ, ഭാഷയുടെ ഈ പ്രശ്‌നം കഴിയുന്നത്ര വായനയിലൂടെ മറികടക്കാൻ ശ്രമിക്കുന്നു, പ്രത്യേകിച്ചും കാരൂരിനേയും പൊറ്റക്കാടിനേയും പോലുള്ള മഹാരഥന്മാരെ ആവർത്തിച്ചു അനിൽ കുമാർ വായിക്കുന്നു.
'ഓർമ്മകളുടെ ജാലകം' അനിൽ കുമാർ എഴുതിയ ശ്രദ്ധേയമായ പുസ്തകമാണ്. തെരഞ്ഞെടുത്ത ചെറുകഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ജീവിതത്തിന്റെ ഇടവഴികളിലും പ്രവാസത്തിന്റെ തിരക്കിലും ഗതകാലത്തിന്റെ ഓർമകളിലും കഥാകൃത്ത് കണ്ട മുഖങ്ങളും അനുഭവങ്ങളുമാണ് ഈ പുസ്തകത്തിൽ ഇതൾവിരിയുന്നത്. മലയാളത്തിൽ അധികമാരും സ്വീകരിച്ചിട്ടില്ലാത്ത വ്യത്യസ്തമായ ആഖ്യാനശൈലിയാണ് ഇതിലെ കഥകളിൽ അനാവൃതമാവുന്നത്. മികച്ച പ്രമേയങ്ങൾ അയത്‌ന ലളിതമായ ഭാഷയിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ആരും ഇഷ്ടപ്പെടുന്ന നല്ല കഥകൾ.
ഫേബിയൻ ബുക്‌സാണ് ഇതിന്റെ പ്രസാധകർ.
ചില കഥകൾ വായിച്ച് 'ഇത് എന്റെ കഥ ആണല്ലോ' എന്ന് പറഞ്ഞ് ചില വായനക്കാർ മെസ്സേജുകൾ അയക്കുമ്പോൾ തോന്നുന്ന സന്തോഷം മറക്കാനാവാത്തതാണെന്ന് അനിൽ കുമാർ സാക്ഷ്യപ്പെടുത്തുന്നു. പെരുമ്പടവത്തെ പോലെയുള്ള പ്രമുഖ എഴുത്തുകാരിൽനിന്ന് ലഭിച്ച അഭിനന്ദനങ്ങളും ജന്മനാട്ടിൽനിന്ന് എഴുത്തുകാരൻ എന്ന നിലയിൽ കിട്ടിയ ആദരവും അംഗീകാരവും മഹാഭാഗ്യമായി അദ്ദേഹം വിലയിരുത്തുന്നു.
അനിൽ കുമാറിന് പ്രിയപ്പെട്ടവരായി നിരവധി എഴുത്തുകാരുണ്ട്. ടി. പത്മനാഭൻ, സുകുമാർ അഴീക്കോട് എന്നിവരോട് പ്രത്യേക ഇഷ്ടമാണ്.
പ്രവാസ ജീവിതത്തിൽ വ്യത്യസ്ത ദേശക്കാരും ഭാഷക്കാരുമായ ധാരാളം ആൾക്കാരെ കാണാനും പരിചയപ്പെടാനും അവരുടെ സംസ്‌കാരങ്ങളെയും പെരുമാറ്റ രീതികളേയും അടുത്തറിയാനും കഴിഞ്ഞത് അനിൽ കുമാറിന്റെ എഴുത്തിനെ ഏറെ സഹായിച്ചിട്ടുണ്ട്. അതിലുപരി പ്രവാസികളായ മലയാളികളുടെ ജീവിതനുഭവങ്ങളും അതിന്റെ തീക്ഷ്ണതകളും പൊള്ളലുകളും എല്ലാം നേരിട്ടറിയാൻ കഴിഞ്ഞത് ജീവിതത്തോടുള്ള മനോഭാവം തന്നെ മാറ്റാനും അത് എഴുത്തിൽ പ്രതിഫലിപ്പിക്കാനും ഇടയാക്കിയിട്ടുണ്ട്.
പിറന്ന നാടിന്റെ ആദരം ഏറ്റുവാങ്ങാൻ കഴിഞ്ഞത് ഒരെഴുത്തുകാരൻ എന്ന നിലയിൽ അനിൽ കുമാറിന് ഏറെ സംതൃപ്തി നൽകി. ആദ്യാക്ഷരങ്ങൾ ചൊല്ലിപ്പഠിച്ച എസ്.എൻ.ഡി.പി. സ്‌കൂളിൽ വെച്ച് പുന്തല ഗ്രാമദീപം ഗ്രന്ഥശാല സംഘടിപ്പിച്ച ചടങ്ങിൽ ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രസിഡന്റ് കെ. വി. കുഞ്ഞികൃഷ്ണനിൽനിന്ന് നാടിന്റെ സ്‌നേഹോപഹാരം എറ്റുവാങ്ങാനായത് ജീവിതത്തിൽ മറക്കാത്ത ധന്യ നിമിഷമായിരുന്നു.
ദുബായ് പ്രവാസി ബുക് ട്രസ്റ്റ് സർഗസമീക്ഷ ചെറുകഥാ പുരസ്‌കാരം, ദുബായ് ഭാവന ചെറുകഥാ പുരസ്‌കാരം, ദുബായ് യുവകലാസാഹിതി ചെറുകഥാ പുരസ്‌കാരം,
കാണാപ്പുറം മാഗസിൻ ചെറുകഥാ പുരസ്‌കാരം, അസ്‌മോ പുത്തൻചിറ കഥാ പുരസ്‌കാരം, മലയാള ഭാഷാ പാഠശാലയുടെ കേസരി നായനാർ സ്മാരക ചെറുകഥാ പുരസ്‌കാരം, ബൂലോകം ഓൺലൈൻ സൂപ്പർ ബ്ലോഗർ റണ്ണർ അപ്പ് തുടങ്ങിയ അംഗീകാരങ്ങൾ അനിൽ കുമാറിന് ലഭിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിൽ പുന്തല വെൺമണി സ്വദേശിയാണ് അനിൽ കുമാർ സി.പി. പന്തളം എൻ. എസ്. എസ്. കോളേജിൽ നിന്ന് വിദ്യാഭ്യാസം നേടി. ദുബായ് റാഷിദ് ഹോസ്പിറ്റലിൽ ഹൗസ് കീപ്പിംഗ് മാനേജറായി സേവനമനുഷ്ഠിക്കുന്നു. ബൂലോകം ഓൺലൈൻ മാഗസിന്റെ ഹോണററി എഡിറ്റർ, മലയാളനാട് ഓൺലൈൻ മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്.
അധ്യാപകദമ്പതികളായ പത്മനാഭൻ-ചന്ദ്രമതി എന്നിവരുടെ മകനാണ്. ഭാര്യ: അമ്പിളി. മകൻ: അപ്പു.






