Sorry, you need to enable JavaScript to visit this website.

എന്നെ പുറത്താക്കിയത് പേര് മുഷ്താഖ് ആയതു കൊണ്ടോ?

ന്യൂദല്‍ഹി - തന്റെ പേരും വിശ്വാസവും കാരണമാണ് ഹോക്കി ഇന്ത്യ അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്തായതെന്ന് മുഹമ്മദ് മുഷ്താഖ് അഹ്മദ്. ഇക്കാര്യത്തില്‍ സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റേത് മതപരമായ വിവേചനമാണെന്ന് അദ്ദേഹം ആരോപിച്ചു. സ്‌പോര്‍ട്‌സ് ചട്ടം ലംഘിച്ച മറ്റു സ്‌പോര്‍ട്‌സ് ഫെഡറേഷനുകളുടെ പ്രസിഡന്റുമാരെ തുടരാന്‍ അനുവദിക്കുകയും തന്നെ ഒഴിവാക്കുകയും ചെയ്തത് താന്‍ ന്യൂനപക്ഷ സമുദായാംഗമായതിനാലാണെന്ന് സ്‌പോര്‍ട്‌സ് സെക്രട്ടറി രവി മിത്തലിന് എഴുതിയ കത്തില്‍ മുഷ്താഖ് അഹ്മദ് കുറ്റപ്പെടുത്തി. സുധാന്‍ഷു മിത്തല്‍, രാജീവ് മേത്ത, ആനന്ദേശ്വര്‍ പാണ്ഡെ തുടങ്ങിയ പേരുള്ളവര്‍ക്കൊക്കെ അവരുടെ ഫെഡറേഷുകള്‍ ഭരിക്കാന്‍ സ്വതന്ത്ര അധികാരം ലഭിക്കുന്നുണ്ട്. മുഷ്താഖ് അഹ്മദ് എന്ന പേരുണ്ടായതാണ് എന്റെ കുഴപ്പമെന്ന് കരുതുന്നു -അദ്ദേഹം എഴുതി. കത്തിന്റെ പകര്‍പ്പ് കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി കിരണ്‍ റിജിജുവിനും കൈമാറി.
മുഷ്താഖ് അഹ്മദിനെ 2018 ല്‍ ഹോക്കി ഇന്ത്യ അധ്യക്ഷനായി തെരഞ്ഞെടുത്തത് സ്‌പോര്‍ട്‌സ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് സ്‌പോര്‍ട്‌സ് മന്ത്രാലയം പറയുന്നത്. 2010 മുതല്‍ 2014 വരെ ഹോക്കി ഇന്ത്യ ട്രഷററായും തുടര്‍ന്ന് 2018 വരെ സെക്രട്ടറി ജനറലായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ തുടര്‍ച്ചയായ മൂന്ന് ടേമായി. ഇത് ചട്ടങ്ങളുടെ ലംഘനമാണ്. അതിനാല്‍ അദ്ദേഹം സ്ഥാനമൊഴിയണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
എന്നാല്‍ ഇതേ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മിത്തലിനോടും (ഖോഖൊ) മേത്തയോടും (ഫെന്‍സിംഗ്) സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഷ്താഖ് അഹ്മദ് ചൂണ്ടിക്കാട്ടി. അവര്‍ക്ക് മന്ത്രാലയവുമായി അടുപ്പമുള്ളതിനാലാണ് ഇത്. താന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ പ്രതിനിധിയാണെന്നും സ്‌പോര്‍ട്‌സ് മന്ത്രി ആ പ്രദേശത്തുകാരനായതിനാല്‍ തന്നെ ആര്‍ക്കും തൊടാനാവില്ലെന്നും ഒരു പ്രസിഡന്റ് വീരവാദം മുഴക്കുന്നുണ്ട് -മുഷ്താഖ് അഹ്മദ് പറഞ്ഞു.

 

Latest News