Sorry, you need to enable JavaScript to visit this website.

അന്ന് ഞാന്‍ അതിമാഭ് ബച്ചന്‍, ഓര്‍മകള്‍ അയവിറക്കി ഖൈഫ്

ലഖ്‌നൗ - പതിനെട്ട് വര്‍ഷം മുമ്പ് ഇംഗ്ലണ്ടില്‍ നാറ്റ് വെസ്റ്റ് ട്രോഫി ഏകദിന ടൂര്‍ണമെന്റ് ജയിച്ചു വന്നപ്പോള്‍ ആളുകള്‍ തന്നെ അമിതാഭ് ബച്ചനെ പോലെയാണ് സ്വീകരിച്ചതെന്ന് മുഹമ്മദ് ഖൈഫ്. അന്ന് രാജ്യാന്തര ക്രിക്കറ്റില്‍ തുടക്കക്കാരായ ഖൈഫും (87 നോട്ടൗട്ട്) യുവരാജ് സിംഗുമാണ് (69) ഇംഗ്ലണ്ടിന്റെ 326 റണ്‍സ് എന്ന അക്കാലത്തെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരാന്‍ ഇന്ത്യയെ സഹായിച്ചത്. വിജയറണ്‍ സ്‌കോര്‍ ചെയ്തതോടെ ലോഡ്‌സ് ബാല്‍ക്കണിയില്‍ സൗരവ് ഗാംഗുലി കുപ്പായമൂരി ആഘോഷിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഖൈഫിന്റെ കരിയര്‍ അടയാളപ്പെടുത്തിയ ഇന്നിംഗ്‌സായിരുന്നു അത്.
സചിന്‍ ടെണ്ടുല്‍ക്കര്‍ പുറത്തായതോടെ ഇന്ത്യയുടെ കഥ കഴിഞ്ഞുവെന്ന് വിശ്വസിച്ചവരായിരുന്നു എല്ലാവരും. അക്കൂട്ടത്തില്‍ തന്റെ പിതാവുമുണ്ട്. അദ്ദേഹം കുടുംബത്തെയും കൂട്ടി സിനിമക്ക് പോയി. മത്സരത്തിനിടെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ എന്നെ ബസ് ഡ്രൈവര്‍ എന്ന് പരിഹസിക്കുന്നുണ്ടായിരുന്നു. വിജയത്തിനു ശേഷമാണ് ഞാന്‍ പ്രതികരിച്ചത്, ബസ് ഡ്രൈവര്‍ക്ക് ഇത് മോശമല്ല അല്ലേ എന്ന് ചോദിച്ചു. ഏഴാമനായി താന്‍ ബാറ്റിംഗിന് ഇറങ്ങുമ്പോള്‍ ഇരുപത്തിനാലോവറില്‍ 180 ല്‍ പരം റണ്‍സ് വേണ്ടിയിരുന്നുവെന്ന് ഖൈഫ് ഓര്‍മിച്ചു.  
യുവരാജും ഞാനും ചെറുപ്പം മുതല്‍ ഒരുമിച്ചു കളിച്ച ശീലമുണ്ട്. അതിനാല്‍ എളുപ്പം താളം കണ്ടു. വേണ്ട റണ്‍റെയ്റ്റ് എട്ടിനു മുകളിലേക്ക് പോകാതെ സൂക്ഷിച്ചു. സിംഗിളെടുത്ത് യുവിക്ക് സ്‌ട്രൈക്ക് നല്‍കാന്‍ ഗാംഗുലി ആംഗ്യം കാട്ടി. എന്നാല്‍ ഞാന്‍ നല്ല മൂഡിലായിരുന്നു. തൊട്ടുടനെ അലക്‌സ് ട്യൂഡറെ സിക്‌സറിന് പറത്തി, ഞാനും കളിക്കാനാണ് വന്നതെന്ന് യുവിയോട് ദേഷ്യത്തോടെ പറഞ്ഞു.  
യുവി പുറത്തായപ്പോള്‍ ശരിക്കും ഞെട്ടി. വാലറ്റവുമായി കളിച്ച പരിചയം എനിക്കുണ്ടായിരുന്നില്ല. റോണി ഇറാനിയെ സിക്‌സറിന് പായിച്ച ഓര്‍മയുണ്ട്. ഹര്‍ഭജന്‍ സിംഗിനോട് സ്വന്തമായ ശൈലിയില്‍ കളിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഹര്‍ഭജനാണ് സിംഗിള്‍സെടുത്ത് കളിക്കാന്‍ ഉപദേശിച്ച് എന്നെ നയിച്ചത്. നാലോവറില്‍ 25 റണ്‍സ് വേണമെന്നിരിക്കെ ഡാരന്‍ ഗഫിനെ തുടര്‍ച്ചയായി രണ്ടു തവണ ബൗണ്ടറി കടത്തി. പക്ഷെ ഹര്‍ഭജനെയും അനില്‍ കുംബ്ലെയെയും ഒരോവറില്‍ ആന്‍ഡ്രൂ ഫഌന്റോഫ് പുറത്താക്കി.
ആറ് റണ്‍സ് വേണമെന്ന ഘട്ടത്തിലും എനിക്ക് വിജയത്തെക്കുറിച്ച് വിശ്വാസമുണ്ടായിരുന്നില്ല. കാരണം സഹീര്‍ ഖാന്‍ പുറത്തായാല്‍ വരേണ്ടത് ആശിഷ് നെഹ്‌റയാണ്. എങ്ങനെയോ ഒരു ബൗണ്ടറി കിട്ടി. എന്നെ സ്‌ട്രൈക്കില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് ഇംഗ്ലണ്ട് കളിച്ചത്. സഹീര്‍ രണ്ട് പന്ത് മുട്ടിയിട്ടു. മൂന്നാമത്തേതില്‍ സിംഗിളിനോടി. ഭാഗ്യത്തിന് ഏറ് ഓവര്‍ത്രോ ആവുകയും ഞങ്ങള്‍ ജയിക്കുകയും ചെയ്തു -ഖൈഫ് പറഞ്ഞു.
പിന്നെ എന്തു സംഭവിച്ചുവെന്ന് ഓര്‍മയില്ല. ആദ്യം യുവി ഓടിവന്നു, പിന്നാലെ ഗാംഗുലിയും. രാഹുല്‍ ദ്രാവിഡ് വരെ മുഷ്ടി ചുരുട്ടി ആഘോഷിക്കുന്നുണ്ടായിരുന്നു. സാധാരണ കളി കഴിഞ്ഞാല്‍ ഗ്രൗണ്ടിലിറങ്ങാത്ത സചിന്‍ ടെണ്ടുല്‍ക്കര്‍ വരെ ചാടിയിറങ്ങി. വല്ലാത്തൊരു നിമിഷമായിരുന്നു അത്. തിരിച്ച് അലഹബാദിലെത്തിയപ്പോള്‍ ആഘോഷങ്ങള്‍ പറയാനുണ്ടായിരുന്നില്ല. വീട്ടിലേക്കുള്ള ആറ് കിലോമീറ്റര്‍ പിന്നിടാന്‍ 3-4 മണിക്കൂറെടുത്തു. ആളുകള്‍ വീട് വിട്ട നേരമുണ്ടായില്ല. മീഡിയ വിടാതെ പിന്തുടര്‍ന്നു. യമുനാ തീരത്ത് പട്ടം പറത്തുന്ന ശീലമുണ്ടായിരുന്നു എനിക്ക്. മീഡിയ അവിടെയുമെത്തി. അവരത് വാര്‍ത്തയാക്കി. കുട്ടിക്കാലം മുതല്‍ ചെയ്യുന്നതാണ് ഇതെന്നു പറഞ്ഞിട്ടൊന്നും കാര്യമുണ്ടായില്ല. ആ വിജയം ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ വഴിത്തിരിവായി. 1983 ലെ ലോകകപ്പിനു ശേഷം ലോഡ്‌സിലെ ഇന്ത്യയുടെ പ്രധാനപ്പെട്ട വിജയമായിരുന്നു അത്. വിദേശത്ത് ജയിക്കാന്‍ ഇന്ത്യ പഠിച്ചു. മുന്നൂറിനപ്പുറമുള്ള സ്‌കോര്‍ അതിനു ശേഷം ഇന്ത്യന്‍ ടീമിന് വെല്ലുവിളിയായി തോന്നിയില്ല -ഖൈഫ് പറഞ്ഞു.
നാറ്റ് വെസ്റ്റ് ട്രോഫി ഫൈനലിലെ ജയത്തിന് മുമ്പ് ഇന്ത്യ തുടര്‍ച്ചയായി ഒമ്പത് ടൂര്‍ണമെന്റുകളില്‍ ഫൈനല്‍ തോറ്റിരുന്നു.

 

 

 

Latest News