Sorry, you need to enable JavaScript to visit this website.

സാനിദ് പദ്ധതി നിയമലംഘകർക്ക് അര ലക്ഷം പിഴ

റിയാദ്- കൊറോണ പ്രതിസന്ധി പ്രതികൂലമായി ബാധിച്ച സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരുടെ വേതനം സർക്കാർ വഹിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് അര ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാർക്ക് നടപ്പാക്കുന്ന തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയായ സാനിദ് വഴിയാണ് കൊറോണ പ്രതിസന്ധി പ്രതികൂലമായി ബാധിച്ച സ്വകാര്യ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരുടെ വേതനം സർക്കാർ വിതരണം ചെയ്യുന്നത്. തുടക്കത്തിൽ മൂന്നു മാസക്കാലമാണ് സാനിദ് വഴി സ്വകാര്യ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരുടെ വേതനം സർക്കാർ വഹിച്ചത്. ഈ പദ്ധതി പിന്നീട് ദീർഘിപ്പിക്കുകയും ചെയ്തു. 
കൊറോണ പ്രതിസന്ധി പ്രതികൂലമായി ബാധിച്ച സ്വകാര്യ സ്ഥാപനങ്ങളിലെ 70 ശതമാനത്തോളം സൗദി ജീവനക്കാരുടെ വേതനമാണ് സാനിദ് പദ്ധതി വഴി വിതരണം ചെയ്യുന്നത്. പദ്ധതി ഗുണഭോക്താക്കളായ സൗദി ജീവനക്കാരുടെ പങ്കാളിത്ത പെൻഷനിലേക്കുള്ള വേതന വിഹിതം പദ്ധതി പ്രയോജനം ലഭിക്കുന്ന കാലത്ത് ഗോസിയിൽ അടക്കേണ്ടതുമില്ല. 
സാനിദ് വഴിയുള്ള സഹായ വിതരണം പൂർത്തിയായ ശേഷം സ്വകാര്യ സ്ഥാപനങ്ങൾ പദ്ധതി ഗുണഭോക്താക്കളായ സൗദി ജീവനക്കാരെ പിരിച്ചുവിടാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കാണ് 50,000 റിയാൽ പിഴ ചുമത്തുക. പിരിച്ചുവിടുന്ന തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങൾക്ക് ഇരട്ടി തുക പിഴ ചുമത്തും. സഹായ വിതരണ പദ്ധതി പൂർത്തിയായ ശേഷം സ്വദേശി ജീവനക്കാരുടെ വേതന വിതരണം പുനരാരംഭിക്കാത്ത സ്ഥാപനങ്ങൾക്ക് ജീവനക്കാരിൽ ഒരാൾക്ക് 20,000 റിയാൽ തോതിൽ പിഴ ചുമത്തും. 
സഹായ വിതരണ പദ്ധതി ഗുണഭോക്താക്കളിൽ ഉൾപ്പെടാത്ത ജീവനക്കാരുടെ വേതനം കൃത്യമായി വിതരണം ചെയ്യാതിരുന്നാൽ ജീവനക്കാരിൽ ഒരാൾക്ക് 10,000 റിയാൽ തോതിൽ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും. ജീവനക്കാരുടെ വേതനവുമായി ബന്ധപ്പെട്ട് ഗോസിയിൽ തെറ്റായ വിവരങ്ങൾ സമർപ്പിക്കൽ, ഗോസിക്ക് സമർപ്പിക്കുന്ന സത്യവാങ്മൂലത്തിലെ വിവരങ്ങൾ ശരിയല്ലാതിരിക്കൽ, ഗോസിക്ക് സമർപ്പിക്കുന്ന മറ്റു രേഖകളും വിവരങ്ങളും ശരിയല്ലാതിരിക്കൽ, ഗോസി ആവശ്യപ്പെടുന്ന രേഖകളും വിവരങ്ങളും സമർപ്പിക്കാതിരിക്കൽ എന്നീ നിയമലംഘനങ്ങൾക്ക് 10,000 റിയാൽ തോതിൽ പിഴ ലഭിക്കും. അനർഹമായി സഹായ പദ്ധതി ദുരുപയോഗിക്കുന്ന തൊഴിലുടമകൾക്ക് പദ്ധതി വഴി വിതരണം ചെയ്ത ധനസഹായ തുകയിൽ കവിയാത്ത സംഖ്യ പിഴയായി ചുമത്തും. കൂടാതെ പദ്ധതി വഴി വിതരണം ചെയ്ത ധനസഹായ തുക തിരിച്ചടക്കാനും ഇവരെ നിർബന്ധിക്കും. എത്ര തൊഴിലാളികളുടെ പേരിലാണോ തൊഴിലുടമ നിയമ ലംഘനം നടത്തുന്നതെങ്കിൽ അതിനനുസരിച്ച് ഇരട്ടി തുക പിഴ ചുമത്തും. 
കൊറോണ പ്രതിസന്ധി പ്രതികൂലമായി ബാധിച്ച സ്വകാര്യ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരുടെ വേതനം വിതരണം ചെയ്യുന്ന സഹായ പദ്ധതിയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കുള്ള ശിക്ഷകൾ നിർണയിക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തെയും ഗോസിയെയും ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിയമ ലംഘകർക്കുള്ള ശിക്ഷകൾ ഗോസി അംഗീകരിച്ചത്.

Tags

Latest News