Sorry, you need to enable JavaScript to visit this website.

സൗതാംപ്റ്റില്‍ കാര്‍ണിവല്‍, വിന്‍ഡീസിന് വിജയാഹ്ലാദം

സൗതാംപ്റ്റന്‍ - ജര്‍മയ്ന്‍ ബ്ലാക്‌വുഡിന്റെ (95) ഉജ്വല ഇന്നിംഗ്‌സിലൂടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിന് നാലു വിക്കറ്റ് ജയം. ഇംഗ്ലണ്ടിനെ നാലു വിക്കറ്റിന് തകര്‍ത്തു. മൂന്നു മത്സര പരമ്പരയില്‍ 1-0 ന് മുന്നിലെത്തി. അവസാന ദിവസം അവസാന സെഷന്‍ പാതി പിന്നിട്ടപ്പോഴാണ് വിന്‍ഡീസ് വിജയം പൂര്‍ത്തിയാക്കിയത്.
രണ്ടാം ഇന്നിംഗ്‌സില്‍ എട്ടിന് 283 ല്‍ കളി പുനരാരംഭിച്ച ഇംഗ്ലണ്ട് 313 ന് ഓളൗട്ടാവുകയായിരുന്നു. മാര്‍ക്ക് വുഡിനെയും (2) ജോഫ്ര ആര്‍ച്ചറെയും (23) ഗബ്രിയേല്‍ പുറത്താക്കി. 75 റണ്‍സ് വഴങ്ങിയാണ് അഞ്ചു വിക്കറ്റ് സ്വന്തമാക്കിയത്.
അതോടെ വിന്‍ഡീസിന് ജയിക്കാന്‍ പ്രയാസകരമായ 200 റണ്‍സിന്റെ ലക്ഷ്യം മറികടക്കേണ്ടതുണ്ടായിരുന്നു. വിന്‍ഡീസിന്റെ തുടക്കം ഭദ്രമായിരുന്നില്ല. ഏഴ് റണ്‍സിലെത്തുമ്പോഴേക്കും അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു. രണ്ടും ജോഫ്ര ആര്‍ച്ചര്‍ക്കായിരുന്നു. ആദ്യ ഇന്നിംഗ്‌സിലെ ടോപ്‌സ്‌കോറര്‍ ക്രയഗ് ബ്രാതവൈറ്റിനെയും (4) പകരം വന്ന ഷായ് ഹോപ് (9) ഷംറ ബ്രൂക്‌സ് (0) എന്നിവരെയും നഷ്ടപ്പെടുമ്പോള്‍ സ്‌കോര്‍ 27 ലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഓപണര്‍ ജോണ്‍ കാംബെല്‍ പരിക്കേറ്റു മടങ്ങി. റോസ്റ്റണ്‍ ചെയ്‌സാണ് (37) ആദ്യം ബ്ലാക്‌വുഡിന് പിന്തുണ നല്‍കിയത്. ഇരുവരും തമ്മിലുള്ള 83 റണ്‍സ് കൂട്ടുകെട്ട് കരീബിയന്‍ വംശജനായ ജോഫ്ര ആര്‍ച്ചറാണ് തകര്‍ത്തത്. ചെയ്‌സ് പുറത്തായതോടെ സ്‌കോര്‍ നാലിന് 100. ഫലത്തില്‍ അഞ്ച് ബാറ്റ്‌സ്മാന്മാര്‍ പുറത്ത്. എന്നാല്‍ ബ്ലാക്‌വുഡും ഷെയ്ന്‍ ഡൗറിച്ചും (20) അഞ്ചാം വിക്കറ്റില്‍ 68 റണ്‍സ് ചേര്‍ത്തു. ടീമിനെ വിജയത്തിന് 33 റണ്‍സ് അരികിലെത്തിച്ചു. ഡൗറിച്ചിനെ ബെന്‍ സ്‌റ്റോക്‌സാണ് പുറത്താക്കിയത്. തൊട്ടുമുമ്പത്തെ പന്തില്‍ ഡൗറിച് പുറത്തായെങ്കിലും അമ്പയര്‍ നോബോള്‍ വിളിച്ചിരുന്നു. ബ്ലാക്‌വുഡിനെയും സ്‌റ്റോക്‌സ് തന്നെ മടക്കി. പരിക്കിനു ശേഷം തിരിച്ചുവന്ന കാംബെലിനൊപ്പം ക്യാപ്റ്റന്‍ ജെയ്‌സന്‍ ഹോള്‍ഡര്‍ വിജയം പൂര്‍ത്തിയാക്കി.

 

Latest News