Sorry, you need to enable JavaScript to visit this website.

കോവിഡ് കാലത്ത് പച്ചപ്പട്ട് പുതച്ച് മാടായിപ്പാറ 

പഴയങ്ങാടി- ലോക്ഡൗണിനും കോവിഡ് നിയന്ത്രണങ്ങൾക്കും നന്ദി. മലിനീകരിക്കപ്പെടാതെ വടക്കെ മലബാറിലെ  ഏറ്റവും വലിയ ജൈവ വൈവിധ്യ കേന്ദ്രമായ മാടായിപ്പാറ. പ്ലാസ്റ്റിക് മാലിന്യങ്ങളും വാഹനങ്ങളുടെ കടന്നു കയറ്റവുമില്ലാതെ പച്ചപ്പട്ടുവിരിച്ച് കിടക്കുകയാണ് ഈ വിനോദ സഞ്ചാര കേന്ദ്രം. സാധാരണ വർഷങ്ങളിലെ പോലെ മഴ നനയലും പരിസ്ഥിതി ക്യാമ്പുകൾ പോലും ഇത്തവണ നടന്നില്ല. ഓണത്തെ വരവേൽക്കാൻ കാക്കപ്പൂക്കളും മറ്റും വിരിയാൻ ഇനി ദിവസങ്ങളെടുക്കും. 
ഋതുഭേദങ്ങളുടെ കാലപ്പകർച്ചയിൽ വ്യത്യസ്ത മുഖങ്ങൾ അണിയുന്ന ഒരു പ്രദേശമാണിത്. മാടായിപ്പാറയാകെ ഹരിത വർണമണിഞ്ഞു. വേനലിന്റെ കാഠിന്യത്തിൽ കരിഞ്ഞുണങ്ങിയ പാറപ്രദേശം മുഴുവൻ പ്രതീക്ഷയുടെ പച്ചപ്പാണ്. കർക്കടകത്തിൽ കാക്കപ്പൂക്കളാൽ നീല വർണമണിഞ്ഞും വേനൽക്കാലത്ത് സുവർണ വർണമണിഞ്ഞും ഈ ടൂറിസ്റ്റ് കേന്ദ്രം കാഴ്ചക്കാരെ വിസ്മയിപ്പിക്കാറുണ്ട്.  ഉത്തര കേരളത്തിലെ ഉൾനാടൻ കുന്നുകളിൽ ഏറെ പ്രശസ്തമായ മാടായിപ്പാറ നിരവധി ചരിത്ര മുഹൂർത്തങ്ങളുടെ സാക്ഷി കൂടിയാണ്. പാറയുടെ താഴ്‌വാരത്തിൽ കൂടി കടന്നുപോവുന്ന പുഴയും മാടായിപ്പാറയും അറബിക്കടലിന്റെ വിദൂര ദൃശ്യവും മാടായിപ്പാറയുടെ പ്രത്യേകതകളാണ്. 
       അപൂർവങ്ങളായ പക്ഷികൾ, ചിത്രശലഭങ്ങൾ, ഔഷധ സസ്യങ്ങൾ, പുൽച്ചെടികൾ, ചെറു ജീവികൾ, ആമ്പലുകൾ, ഏത് വേനലിലും വറ്റാത്ത വടുകുന്ദ തടാകം, ചതുരക്കിണർ, ജൂതക്കുളം, ദാരികൻ കോട്ട തുടങ്ങി പ്രകൃതി നൽകിയ വിരുന്നുകളും ചരിത്ര സ്മാരകങ്ങളും മാടായിപ്പാറയെ വ്യത്യസ്തമാക്കുന്നു. മാടായി ഗ്രാമപഞ്ചായത്തിൽ, ജൈവ വൈവിധ്യം കൊണ്ടു ശ്രദ്ധേയമായ 365 ഹെക്ടർ ഇടനാടൻ ചെങ്കൽ കുന്ന്,  സമുദ്ര നിരപ്പിൽ നിന്നും 40 മുതൽ 47 മീറ്റർ വരെ ഉയരമുള്ളതാണ്. മാടായി ഗ്രാമപഞ്ചായത്തിന്റെ പ്രധാന ജല സ്രോതസ്സും ദേശാടന പക്ഷികളുടെ പ്രധാന ഇടത്താവളവുമാണ.് കേരള വന ഗവേഷണ കേന്ദ്രം 2014 ൽ നടത്തിയ സർവേയിൽ ഇവിടെ 
56 ഇനം പുൽ വർഗങ്ങൾ, 665 പുഷ്പിത സസ്യ ഇനങ്ങൾ, 55 ഇനം തുമ്പികൾ, 138 ഇനം ചിത്ര ശലഭങ്ങൾ, 40 ലേറെ ഇനം നിശാശലഭങ്ങൾ, 34 ഇനം പുൽച്ചാടികൾ, 10 ഇനം തൊഴുകൈയൻ പ്രാണിവർഗങ്ങൾ, രണ്ട് ഇനം തേൾ, 48 ഇനം ദേശാടക ഇനം ജീവികൾ, 181 തരം പക്ഷികൾ, 19 തരം ഉഭയജീവികൾ, 13 ഇനം ശുദ്ധ ജല സസ്യങ്ങൾ, അഞ്ച് തരം കാക്കകൾ തുടങ്ങിയവ ഉള്ളതായി കണ്ടെത്തിയിരുന്നു.  കണ്ണൂർ ജില്ലയിൽ തന്നെ ഏറ്റവുമധികം സസ്യ വൈവിധ്യമുള്ള സ്ഥലം കൂടിയാണ് മാടായിപ്പാറ.
 

Latest News