Sorry, you need to enable JavaScript to visit this website.

മുതലാളിത്തത്തിന്റെ ദത്തുപുത്രൻ: വീണ്ടും വൈറലായി ബർലിന്റെ വാക്കുകൾ

കണ്ണൂർ - സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സർക്കാറും ഭരണ നേതൃത്വവും പ്രതിരോധത്തിലായിരിക്കേ, പത്തു വർഷം മുമ്പ് കമ്യുണിസ്റ്റ് സൈദ്ധാന്തികൻ ബർലിൻ കുഞ്ഞനന്തൻ നായർ നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിശിത വിമർശനങ്ങളടങ്ങുന്ന അഭിമുഖം പ്രശസ്ത ചാനൽ ചിത്രീകരിച്ചതാണ്. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് നാറാത്തെ വീട്ടിൽ ചികിത്സയുമായി കഴിയുകയാണിപ്പോൾ ബർലിൻ. 
പിണറായി വിജയൻ മുതലാളിത്തിന്റെ ദത്തു പുത്രനായി മാറിയെന്ന ബർലിന്റെ വിവാദ ഇന്റർവ്യൂവാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. സി.പി.എമ്മുമായി അകന്ന്, പൊളിച്ചെഴുത്ത് എന്ന പുസ്തകത്തിന്റെ രചനയിലിരിക്കേയാണ് അദ്ദേഹം ഈ അഭിമുഖം നൽകിയത്. 
ഒരു സാധാരണ തൊഴിലാളി കുടുംബത്തിൽ ജനിക്കുകയും എ.കെ.ജി അടക്കമുള്ള നേതാക്കളുടെയും കമ്യുണിസ്റ്റ് പാർട്ടിയുടെയും സഹായത്തോടെ പഠനം നടത്തുകയും എം.എൻ. വിജയന്റെ ശിഷ്യനായി പഠിക്കുകയും പിന്നീട് പാർട്ടിയുടെ നേതൃസ്ഥാനത്തെത്തുകയും ചെയ്ത പിണറായിയുടെ കാലത്തോടെയാണ് പാർട്ടി മുതലാളിമാരിലേക്ക് അടുത്തതെന്ന് ബർലിൻ അഭിമുഖത്തിൽ കുറ്റപ്പെടുത്തുന്നു. 
ചടയൻ ഗോവിന്ദന്റെ മരണത്തോടെ പിണറായി സി.പി.എം സംസ്ഥാന സെക്രട്ടറി പദത്തിലെത്തിയതോടെയാണ് പാർട്ടി തൊഴിലാളി വർഗത്തിൽ നിന്നും അകലാൻ തുടങ്ങിയതെന്നും സ്ഥാപനവൽക്കരിക്കപ്പെട്ടതെന്നും ബർലിൻ പറയുന്നു. ചിലർക്കു പണം കണ്ട് കണ്ണു മഞ്ഞളിച്ചുവെന്നാണ് ഇതേക്കുറിച്ച് നേരത്തെ തന്നോട് ചടയൻ പറഞ്ഞത്. പാർട്ടിക്ക് ഉന്നത മുതലാളിമാരുമായി നല്ലതല്ലാത്ത ബന്ധമുണ്ടാവുകയും പാർട്ടിയുടെ പേരിൽ സ്ഥാപനങ്ങൾ ഉയരുകയും ചെയ്തു. സാധാരണ പ്രവർത്തകരിൽ പോലും പണത്തോടും അധികാരത്തോടുമുള്ള ത്വര ഉണ്ടായി. കിട്ടിയ സ്ഥാനങ്ങൾ സംരക്ഷിക്കാനുള്ള വ്യഗ്രതയായി. തനിക്കെന്തു കിട്ടും ഏത് സ്ഥാനത്തെത്താനാവും എന്നു കണ്ടാണ് ഓരോരുത്തരും പ്രവർത്തിക്കുന്നത്. പാർട്ടി സമ്മേളനങ്ങളിൽ പ്രതിനിധികളായി എത്തുന്നവരിൽ അറുപതു ശതമാനത്തിലധികവും സഹകരണ ബാങ്ക് മാനേജർമാരാണ്. അഞ്ചു യുവാക്കളെ വെടിവെച്ചു കൊല്ലുന്നതിനു കാരണമായ സ്വാശ്രയ സമരം നയിച്ച സംഘടനയുടെ നേതാവു തന്നെ പിന്നീട് സ്വാശ്രയ സ്ഥാപനത്തിന്റെ തലപ്പത്തെത്തി പണമുണ്ടാക്കി. പാർട്ടി തന്നെ മുൻകൈയെടുത്ത് ഇത്തരം സ്ഥാപനങ്ങൾ ആരംഭിച്ചു. നേതാക്കൾ പല പണക്കാരുമായി ബന്ധമുണ്ടാക്കി. അവരുടെ മക്കളെ പഠിപ്പിക്കാനും വിദേശത്ത് ജോലി നേടാനും ഇവിടെ വ്യവസായങ്ങൾ തുടങ്ങാനും ഇവരിൽ നിന്നും പണമടക്കമുളള സഹായങ്ങൾ സ്വീകരിച്ചു. ഇത്തരം സാഹചര്യത്തിൽ എവിടെയാണ് തൊഴിലാളി വർഗ സർവാധിപത്യവും വിപ്ലവവുമുണ്ടാവുക. ഈ സാഹചര്യത്തിലാണ് താൻ പിണറായി വിജയനെ മുതലാളിത്തത്തിന്റെ ദത്തു പുത്രനെന്നു വിശേഷിപ്പിച്ചത്. ഇ.എം.എസ് തന്റെ അവസാന കാലത്ത് എഴുതിയ ഒരു പുസ്തകമുണ്ട്. അതിൽ പാർട്ടി എന്താവണമെന്ന് പ്രത്യേകം എടുത്തു പറയുന്നുണ്ട്. മാത്രമല്ല, തന്റെ സ്വത്തു മുഴുവൻ പാർട്ടിക്ക് എഴുതി നൽകി തൊഴിലാളി വർഗത്തിന്റെ ദത്തു പുത്രനായാണ് അദ്ദേഹം ജീവിച്ചത് -ബർലിൻ അഭിമുഖത്തിൽ തുറന്നടിക്കുന്നു. മാത്രമല്ല. തന്റെ പൊളിച്ചെഴുത്ത് എന്ന പുസ്തകത്തിൽ ഈ കാര്യങ്ങൾ അദ്ദേഹം പിന്നീട് ശക്തമായി പരാമർശിച്ചിട്ടുമുണ്ട്. 
സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തി പ്രാപിക്കുന്നതിനിടെ, ഈ അഭിമുഖത്തിലെ പരാമർശങ്ങൾ പലതും കാലോചിതമാണെന്നാണ് പാർട്ടി അനുഭാവികളടക്കം രഹസ്യം പറയുന്നത്. സമൂഹ മാധ്യമ ഗ്രൂപ്പുകളിലാണ് ഈ അഭിമുഖം വ്യാപകമായി പ്രചരിക്കുന്നത്. 
പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് അംഗത്വം തിരികെ വാങ്ങിയ ബർലിൻ കണ്ണൂർ നാറാത്തെ വീട്ടിൽ ചികിത്സയിലാണ്. 

Latest News