Sorry, you need to enable JavaScript to visit this website.

കോവിഡ് കേസുകൾ വർധിക്കുന്നു; ജീവിത പ്രതിസന്ധിയിൽ ജനം

കൽപറ്റ-കൊറോണ വൈറസ് ബാധിതരുടെ എണ്ണം അനുദിനം വർധിക്കുന്നതു വയനാടൻ ജനതയെ അലട്ടുന്നു. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ ദൈനംദിന ജീവിതം തന്നെ വഴിമുട്ടുമെന്ന ആകുലതയിലാണ് ജനം. കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ കാർഷിക, നിർമാണ, ഹോട്ടൽ, മോട്ടോർ വാഹന മേഖലകളിലെ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കുകയാണ്. 
കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിരുപങ്കിടുന്ന ജില്ലയാണ് വയനാട്. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇളവുകൾ പ്രഖ്യാപിച്ചതോടെ ജില്ലയിൽ വിവിധ തൊഴിൽ മേഖലകൾ സജീവമായതാണ്. എന്നാൽ ഈ ചിത്രം പൊടുന്നനെ മായുകയാണുണ്ടായത്. 
കൽപറ്റ നഗരസഭയിലെ എട്ടു ഡിവിഷനുകൾ പൂർണമായും രണ്ടു വാർഡുകൾ ഭാഗികമായും കണ്ടെയ്ൻമെന്റ് സോണിലാണ്. ദേശീയ പാതയിൽ മുനിസിപ്പൽ കാര്യാലയത്തിനും മേപ്പാടി റോഡ് ജംഗ്ഷനും ഇടയിലെ പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടും. മെസ് ഹൗസ് റോഡിലെ യുവാവിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഇത്രയും പ്രദേശങ്ങൾ ബുധനാഴ്ച അർധരാത്രി മുതൽ കണ്ടെയ്ൻമെന്റ് സോണിലായത്. മധുരയിൽ നിന്നെത്തിയ യുവാവ് ജൂൺ 20 മുതൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 14 ദിവസത്തെ നിരീക്ഷണ കാലം ജൂലൈ നാലിനു പൂർത്തിയാക്കിയ യുവാവ് നഗരത്തിൽ വിവിധ സ്ഥലങ്ങൡലൂടെ സഞ്ചരിച്ചു. പിറ്റേന്നു സ്രവ പരിശോധനാ ഫലം എത്തിയപ്പോഴാണ് വൈറസ് ബാധിതനാണെന്നു വ്യക്തമായത്. ഈ യുവാവ് സന്ദർശനം നടത്തിയ മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റ, കോട്ടവയൽ വാർഡുകളും കണ്ടെയ്ൻമെന്റ് സോണിലാണ്. 
തൊണ്ടർനാട് പഞ്ചായത്തിലെ കരിമ്പിൽ, പാലേരി, മക്കിയാട്, കോറോം, കൂട്ടപ്പാറ, മുള്ളൻകൊല്ലി പഞ്ചായത്തിലെ പാടിച്ചിറ, പാറക്കവല, സീതാമൗണ്ട്, ചണ്ണോത്തുകൊല്ലി വാർഡുകളും ബത്തേരി നഗരസഭയിലെ തൊടുവട്ടി ഫെയർലാൻഡ്, ബത്തേരി ഡിവിഷനുകളും വ്യാഴാഴ്ച മുതൽ കണ്ടെയ്ൻമെന്റ് സോണിലാണ്. 
മാർച്ച് മുതൽ ഇന്നലെ ഉച്ച വരെ ജില്ലയിൽ 140 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വിദേശങ്ങളിൽനിന്നും കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര   സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ് വൈറസ് ബാധ കണ്ടെത്തിയതിൽ അധികവും. രോഗം പിടിപെട്ടവരിൽ ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചു. 83 പേർ സുഖം പ്രാപിച്ചു. 57 പേരാണ് ജില്ലാ ആശുപത്രിയിലടക്കം ചികിത്സയിലുള്ളത്. ബുധനാഴ്ച 14 ഉം വ്യാഴാഴ്ച ആറും ആളുകളിലാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർധന ഉണ്ടാകുമെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. 3500 ലേറെ  പേർ ജില്ലയിൽ സ്ഥാപനങ്ങളിലും വീടുകളിലുമായി നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ക്വാറന്റൈനിലുള്ളവർ പുറത്തു സഞ്ചരിക്കുന്നതു ഒഴിവാക്കുന്നതിൽ ജില്ലാ ഭരണകൂടം ജാഗ്രത പുലർത്തുന്നുണ്ട്.
 

Latest News