Sorry, you need to enable JavaScript to visit this website.

കരിപ്പൂരിൽ മൂന്ന് യാത്രക്കാരിൽനിന്ന് ഒന്നര കോടിയുടെ സ്വർണ വേട്ട

കൊണ്ടോട്ടി - തിരുവനന്തപുരം സ്വർണക്കടത്ത് വിവാദം കത്തി നിൽക്കേ കരിപ്പൂർ വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽ നിന്ന് മാത്രമായി എയർ കസ്റ്റംസ് ഇന്റലിജൻസ് ഒന്നര കോടിയുടെ സ്വർണ പിടികൂടി. റാസൽ ഖൈമയിൽ നിന്ന് സ്‌പെയ്‌സ ജെറ്റ് വിമാനത്തിലെത്തിയ മലപ്പുറം തേഞ്ഞിപ്പലം ടി.പി ജിഷാർ, കോഴിക്കോട് കോടഞ്ചേരി പി.എം. അബ്ദുൽ ജലീൽ, ദോഹയിൽ നിന്ന് ഖത്തർ വഴി ഇൻഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് കൊടുവളളി മുഹമ്മദ് റിയാസ് എന്നിവരിൽ നിന്നാണ് 3.3 കിലോഗ്രാം സ്വർണ മിശ്രിതം പിടികൂടിയത്. മൂവരും ചാർട്ടേർഡ് വിമാനങ്ങളിലാണ് എത്തിയത്. അതീവ രഹസ്യമായി ഒളിപ്പിച്ച സ്വർണമാണ് കണ്ടെടുക്കാനായത്.
അരക്കെട്ടിൽ ധരിച്ചിരുന്ന ജീൻസിന്റെ പ്രത്യേക പോക്കറ്റിലാണ് 500 ഗ്രാം സ്വർണ മിശ്രിതം ജിഷാർ ഒളിപ്പിച്ചിരുന്നത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച 2.045 കിലോ സ്വർണ മിശ്രിതമാണ് അബ്ദുൾ ജലീൽ നിന്ന് കണ്ടെടുത്തത്. അടിവസ്ത്രത്തിൽ നിന്ന് 800 ഗ്രാം സ്വർണമാണ് റിയാസിൽ നിന്ന് കസ്റ്റംസ് കണ്ടെടുത്തത്. മൂവരെക്കുറിച്ചും വ്യക്തമായ സൂചനകൾ ലഭിച്ചതിനാലാണ് സ്വർണം കണ്ടെടുക്കാനായത്. സ്വർണം പൊടിച്ച് ചെറിയ പാക്കറ്റുകളിലാക്കിയാണ് ഇവർ എത്തിച്ചത്. കോവിഡ് മൂലം കസ്റ്റംസ് ഉദ്യോഗസ്ഥർ കുറവായതിനാൽ ഏറെ സാഹസികമായാണ് സ്വർണം കണ്ടെത്താനായത്. സ്വർണ മിശ്രിതത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാനും കസ്റ്റംസ് ഏറെ പെടാപ്പാട് പെട്ടു. കരിപ്പൂരിൽ സ്വർണക്കടത്ത് വർധിക്കുകയാണ്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ഡോ.എൻ.എസ്. രാജിയുടെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ഗോകുൽ ദാസ്, സി.സി ഹാൻസൻ, എം.പ്രകാശ്, ഗണപതി പോറ്റി, ഇൻസ്‌പെക്ടർമാരായ കെ.മുരളീധരൻ, രോഹിത് ഗാത്രി, ഷിൽപ ഗോയൽ എന്നിവരടങ്ങിയ സംഘമാണ് കളളക്കടത്ത് പിടികൂടിയത്.
 

Latest News