Sorry, you need to enable JavaScript to visit this website.

സാമൂഹ്യവ്യാപനം തർക്കവിഷയമാക്കേണ്ടതില്ല; ടെസ്റ്റുകൾ വർധിപ്പിക്കും-മുഖ്യമന്ത്രി

തിരുവനന്തപുരം- കേരളത്തിൽ കോവിഡ് ടെസ്റ്റുകൾ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ വ്യാപനം ഒരു തർക്ക വിഷയമാക്കേണ്ടതില്ലെന്നും സമൂഹത്തിൽ കൂടുതലാളുകൾക്ക് രോഗസാധ്യതയുണ്ടെന്ന് കരുതി ടെസ്റ്റിങ് വർധിപ്പിക്കാനും ചികിത്സാ സംവിധാനങ്ങൾ വിപുലീകരിക്കാനുമാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  ഗുരുതരമായ രോഗികളെ ചികിത്സിക്കാൻ ജില്ലകളിൽ രണ്ട് വീതം കോവിഡ് ആശുപത്രികളും അത്ര കടുത്ത രോഗമില്ലാത്തവരെ പരിചരിക്കാൻ ഓരോ കോവിഡ് ആശുപത്രികളൂമായി ബന്ധപ്പെടുത്തി കോവിഡ് പ്രഥമ ഘട്ട ചികിത്സാ കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചാൽ സ്വകാര്യ മേഖലയുമായി സഹകരിച്ച് ചികിത്സാ ഉറപ്പാക്കാൻ എ, ബി, സി എന്നിങ്ങനെ പ്ലാനുകളും തയ്യാറാക്കിയതായും മുഖ്യമന്ത്രി ്‌വ്യക്തമാക്കി.
ഇന്ത്യയിലെ പ്രധാന നഗരങ്ങൾ ഏതാണ്ടെല്ലാം തന്നെ കോവിഡ് മഹാമാരിയ്ക്ക് മുൻപിൽ മുട്ടുമടക്കി കഴിഞ്ഞു. തുടക്കത്തിൽ പിടിച്ചുനിന്ന ബംഗളൂരു പോലും കാലിടറുന്ന കാഴ്ചയാണ്. കഴിഞ്ഞ ദിവസം മാത്രം 1373 പുതിയ കേസുകളാണ് ആ നഗരത്തിൽ ഉണ്ടായത്. ഇതുവരെ 13,882 രോഗികളും 177 മരണങ്ങളും ബംഗളൂരുവിൽ ഉണ്ടായിക്കഴിഞ്ഞു. ചെന്നൈയിൽ സ്ഥിതി അതിലും മോശമാണ്. 73,728 കേസുകളാണ് ഇതുവരെ അവിടെ ഉണ്ടായത്. കേരളത്തിൽ രോഗബാധ ഉണ്ടായതിനു ശേഷമാണ് ഇവിടങ്ങളിൽ ആദ്യത്തെ കേസുകൾ ഉണ്ടായതെന്ന് ഓർക്കണം.

ഇവിടങ്ങളിലൊക്കെ ഏതെങ്കിലും ഒരു സ്ഥലം കേന്ദ്രീകരിച്ച് ആദ്യം ഒരു ക്‌ളസ്റ്റർ രൂപം കൊള്ളുകയും അതിൽനിന്നും തുടർന്ന് മൾട്ടിപ്പിൾ ക്‌ളസ്റ്ററുകൾ ഉണ്ടാവുകയും അങ്ങനെ വലിയ വ്യാപനത്തിലേക്കെത്തുകയുമാണ് ചെയ്തത്. സമാനമായ ഒരു സാഹചര്യമാണ് സൂപ്പർ സ്‌പ്രെഡ്. വേണ്ടത്ര ശ്രദ്ധ നൽകിയില്ലെങ്കിൽ കരുതുന്നതിലും വേഗത്തിൽ രോഗം പടർന്നുപിടിച്ചേക്കാം. ജനസാന്ദ്രത കൂടിയ കേരളം പോലൊരു ചെറിയ സംസ്ഥാനത്ത് ഇതു ഒട്ടാകെ വ്യാപിക്കാൻ അധിക കാലതാമസം വേണ്ടി വരില്ല. ഒരു വലിയ ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നത് എന്ന് മനസ്സിലാക്കേണ്ട സമയമാണിത്.

മാർച്ച് 24ന് രാജ്യമൊന്നടങ്കം ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്ന സമയത്ത് ഇന്ത്യയിൽ ഉണ്ടായിരുന്ന കോവിഡ് കേസുകളുടെ എണ്ണം 519 ആയിരുന്നു. മരണസംഖ്യയാകട്ടെ 9ഉം. എന്നാൽ ഇന്നത്തെ ദിവസം ആ കേസുകളുടെ എണ്ണം 7,93,802 ആയി മാറിയിരിക്കുന്നു. 21,604 ആളുകൾ ഇതിനോടകം മരിച്ചു കഴിഞ്ഞു. നമ്മളെത്തി നിൽക്കുന്ന പ്രതിസന്ധിയുടെ ആഴമെന്താണെന്ന് ഈ കണക്കുകൾ വിളിച്ചു പറയുന്നു.

രോഗം അതിന്റെ ഏറ്റവും ആസുരഭാവത്തൊടെ അഴിഞ്ഞാടുന്ന ഈ സമയത്ത് ഏറ്റവും കെട്ടുറപ്പോടെ പ്രതിരോധമുയർത്താൻ നമ്മൾ തയ്യാറാകണം. പകരം ആ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്ന നടപടികളുമായി ആരും മുന്നോട്ടുപോകരുത്.

രോഗവ്യാപനത്തിൻറെ അവസ്ഥ അത്യന്തം ഗുരുതരമായി മാറിയ ഘട്ടത്തിലാണ് അപകടകരമായ ചില പ്രവണതകൾ ഉണ്ടാകുന്നത്. കോവിഡ് 19നെതിരായ നമ്മുടെ പോരാട്ടത്തെ അട്ടിമറിക്കുന്നതിനും സമൂഹത്തെയാകെ അത്യാപത്തിലേക്ക് തള്ളിവീഴ്ത്തുന്നതിനും ചില ശക്തികൾ ബോധപൂർവം ശ്രമിക്കുകയാണ്.

തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കേണ്ടിവന്നതും നിയന്ത്രണങ്ങൾ കർക്കശമാക്കിയതും രോഗവ്യാപനം പരിധിവിടുന്ന ഘട്ടത്തിലാണ്. കോവിഡ് 19 തിരുവനന്തപുരം ജില്ലയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത് മാർച്ച് 11നാണ്. ജൂലൈ 9 ആയപ്പോൾ 481 കേസുകളായി. ഇതിൽ 215 പേർ വിദേശത്തു നിന്നോ മറ്റു സംസ്ഥാനങ്ങളിൽ നിന്നോ വന്നതാണ്. 266 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കംമൂലമാണ്. ഇന്നുമാത്രം തിരുവനന്തപുരത്ത് ആകെ പോസിറ്റീവായ 129 പേരിൽ 105 പേർക്ക് സമ്പർക്കംമൂലമാണ് വൈറസ് ബാധയുണ്ടായത്. ഈ കേസുകൾ വെച്ച് പഠനം നടത്തിയപ്പോൾ ജില്ലയിൽ 5 ക്ലസ്റ്ററുകളാണ് കണ്ടെത്തിയത്. ഈ ക്ലസ്റ്ററുകൾ എല്ലാം തിരുവനന്തപുരം കോർപ്പറേഷൻ കേന്ദ്രീകരിച്ചിട്ടുള്ളതാണ്.

ഒരു പ്രത്യേക പ്രദേശത്ത് 50ൽ കൂടുതൽ കേസുകൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ലാർജ് കമ്യൂണിറ്റി ക്‌ളസ്റ്ററുകൾ ഉണ്ടായതായി കണക്കാക്കുന്നത്. കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളത് 2 ലാർജ് കമ്യൂണിറ്റി ക്‌ളസ്റ്ററുകളാണ്. ആദ്യത്തേത് പൊന്നാനിയിലും രണ്ടാമത്തേത് തിരുവനന്തപുരം നഗരത്തിലെ മൂന്നു വാർഡുകളിലും. ഈ രണ്ടിടങ്ങളിലും ശാസ്ത്രീയമായ ക്‌ളസ്റ്റർ മാനേജ്‌മെൻറ് സ്ട്രാറ്റജി നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനായി കേസുകളും അവയുടെ കോണ്ടാക്ടുകളും ഒരു പ്രദേശത്ത് എങ്ങനെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കി കണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിക്കുന്നു. ഇവിടെ പെരിമീറ്റർ കൺട്രോൾ നടപ്പിലാക്കുന്നു. അതായത് ആ പ്രദേശത്തേക്ക് കടക്കുന്നതിനും ഇറങ്ങുന്നതിനും, കഴിയുമെങ്കിൽ ഒരു വഴി മാത്രം ഉപയോഗിക്കുന്ന രീതിയിൽ, അവിടെയ്ക്കുള്ള വരവും പുറത്തോട്ടുള്ള പോക്കും കർശനമായി നിയന്ത്രിക്കും.

കണ്ടെയ്ൻമെൻറ് സോണുകൾക്കകത്ത് ക്‌ളസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ടോ എന്നു മനസ്സിലാക്കാനുള്ള വിശദമായ പരിശോധന നടത്തും. അതിനായി ടെസ്റ്റിങ് തീവ്രമാക്കും. വീടുകൾ സന്ദർശിച്ച് ശ്വാസകോശ സംബന്ധമായ മറ്റു രോഗങ്ങൾ ബാധിച്ചവരുണ്ടോ എന്നും കണ്ടെത്തി അവർക്ക് ആൻറിജൻ ടെസ്റ്റുകൾ നടത്തും. പോസിറ്റീവ് കേസുകൾ കണ്ടെത്തിയാൽ കോണ്ടാക്ട് ട്രെയ്‌സിങ് ആണ് അടുത്ത ഘട്ടം.

അതിനായി സന്നദ്ധ വളണ്ടിയർമാരെയും ഉപയോഗിക്കും. കണ്ടെയ്ൻമെൻറ് സോണുകളിൽ ശാരീരിക അകലം കർശനമായി പാലിച്ചേ തീരൂ. ആളുകൾ കൂടുന്ന സാഹചര്യം ഒരു കാരണവശാലും അനുവദിക്കില്ല. അതുപോലെത്തന്നെ സാനിറ്റൈസറുകളും മാസ്‌കുകളും ഉപയോഗിക്കുന്ന കാര്യത്തിലും അതീവ ശ്രദ്ധ പുലർത്തണം. ഈ കാര്യങ്ങളിൽ ജനങ്ങളുടെ സഹകരണം അനിവാര്യമാണ്. ക്‌ളസ്റ്റർ മാനേജ്‌മെൻറ് ഫലപ്രദമായി നടപ്പിലാക്കേണ്ടത് സാമൂഹ്യവ്യാപനം തടയാൻ ആവശ്യമാണെന്ന് ഓരോരുത്തരും ഓർക്കണം.

തിരുവനന്തപുരത്ത് മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി, കുമരിചന്ത തുടങ്ങിയ പ്രദേശത്താണ് പ്രധാനപ്പെട്ട ക്ലസ്റ്റർ രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ രോഗവ്യാപനത്തിന് കാരണമായ ഇൻഡക്‌സ് കേസ് കന്യാകുമാരി ഹാർബറിൽ നിന്നും മത്സ്യം എടുത്ത് കുമരിചന്തയിൽ വിൽപ്പന നടത്തിയ മത്സ്യവ്യാപാരിയാണ്.

ഇദ്ദേഹത്തിൻറെ സഹപ്രവർത്തകർ, വീടുകളിൽ മത്സ്യം കച്ചവടം നടത്തുന്നവർ, ചുമട്ടുതൊഴിലാളികൾ, ലോറി െ്രെഡവർമാർ തുടങ്ങിയവരിൽ അടുത്തിടപഴകിയ 13 പേർക്കാണ് രോഗവ്യാപനം ആദ്യമുണ്ടായത്. ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾ സഹകരണമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ തുടങ്ങിയവർ അടിയന്തര യോഗം ചേരുകയും തിരുവനന്തപുരം കോർപ്പറേഷനിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു.

സർക്കാർ സംവിധാനങ്ങൾ വഴിയുള്ള ബോധവൽക്കരണത്തിനു പുറമെ സാമൂഹ്യ സേവന തൽപ്പരരായ 2000 വളൻറിയർമാരുടെ സഹായത്തോടെ പള്ളി വികാരിയുടെ നേതൃത്വത്തിൽ ബിറ്റ് നോട്ടീസ് വിതരണം, പോസ്റ്ററുകൾ പതിക്കലും ആരംഭിച്ചു. പൂന്തുറ ബസ് സ്‌റ്റോപ്പ്, ചെറിയാമുട്ടം ജങ്ഷൻ, ഫിഡൽ സെൻറർ എന്നിവിടങ്ങളിൽ ഹെൽപ്പ് ഡെസ്‌ക്കുകൾ ആരംഭിച്ചു.

രോഗവ്യാപനം തടയുന്നതിന് ഏറ്റവും പ്രധാനപ്പെട്ട വഴി എത്രയും പെട്ടെന്ന് തന്നെ സമൂഹത്തിലുള്ള രോഗികളെ ടെസ്റ്റ് ചെയ്ത് കണ്ടുപിടിക്കുക എന്നതാണ്. ലോകാരോഗ്യ സംഘടയുടെ പഠനത്തിൽ ഏറ്റവും മെച്ചപ്പെട്ട ആൻറിജൻ ടെസ്റ്റ് തന്നെയാണ് ഈ മേഖലയിൽ നടത്തുന്നത്. ഇതുവരെ തിരുവനന്തപുരത്തെ പ്രശ്‌നബാധിതമായ മൂന്നു വാർഡികളിൽ നിന്നു മാത്രം 1192 ആൻറിജൻ ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്. അതിൽ 243 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

പാലിയേറ്റീവ് രോഗികളെ ഈ രോഗവ്യാപനത്തിൽ നിന്നും രക്ഷിക്കുവാൻ 'പരിരക്ഷ' എന്ന പേരിൽ റിവേഴ്‌സ് ക്വാറൻറൈൻ ആക്ഷൻ പ്ലാനും നടപ്പാക്കുന്നുണ്ട്. കണ്ടൈൻമെൻറ് സോണിൽ ആകെയുള്ള 31,985 ജനങ്ങളിൽ 184 പാലീയേറ്റീവ് രോഗികളാണുള്ളത്. ഇവരെ നിരീക്ഷിക്കുവാൻ ട്രെയിനിങ് ലഭിച്ച പാലിയേറ്റീവ് സ്റ്റാഫുകളെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest News