Sorry, you need to enable JavaScript to visit this website.

മലകയറ്റങ്ങൾ പകർന്നുനൽകുന്നത്...

'ലക്ഷ്യത്തിലേക്ക് കൂടുതൽ കൂടുതൽ അടുത്തപ്പോൾ പലതും എനിക്ക് ത്യജിക്കേണ്ടി വന്നു. ഒടുവിൽ എത്തുമ്പോഴേക്കും എല്ലാം പൂർണമായും ഉപേക്ഷിക്കേണ്ടിവന്നു എന്നു പറയാം. കാരണം അപ്പോഴേക്കും എല്ലാം ഒരു ഭാരമായി മാറിയിരുന്നു. 'ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയ എഡ്മണ്ട് ഹിലാരി തന്റെ ആത്മകഥയിൽ കുറിച്ച വാക്കുകളാണിത്. ഇത് പോലെ തന്നെയാണ് ജീവിത പോരാട്ടവും എന്ന് അദ്ദേഹം മറ്റൊരിടത്ത് പ്രസ്താവിച്ചതായി വായിച്ചിട്ടുണ്ട്. മറ്റു കാര്യങ്ങളിൽ വിജയം വരിക്കുന്നത് ഇതിന് സമാനമാണത്രേ. ലക്ഷ്യബോധം തീക്ഷ്ണമാവുമ്പോൾ അപ്രസക്തവും അനാവശ്യവുമായ പലതും പാടെ ഉപേക്ഷിച്ചു തുടങ്ങുമെന്നർത്ഥം. 
ജീവിതത്തെ മല കയറ്റത്തോട് ഉപമിച്ച കലാ സൃഷ്ടികൾ ധാരളമായി കാണാം. കുന്നുകളും പർവതങ്ങളും കേന്ദ്രമായി വരുന്ന കൃതികളെ കുറിച്ച് ഇനിയും ഗൗരവമായ ഗവേഷണ പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു.
ക്രിസ്റ്റ്യാന റോസറ്റിയുടെ അപ്ഹിൽ എന്ന കവിത ഏറെ പ്രസക്തമാണ്. രണ്ട് പേർ തമ്മിലുള്ള സംഭാഷണമായാണ് കവിത ഇതൾ വിടർത്തുന്നത്. 'ഈ വഴി വളഞ്ഞ് പുളഞ്ഞ് തന്നെയോ മലമുകളിലെത്തും വരെ?' എന്ന് തുടങ്ങി ലളിതമായ ചോദ്യങ്ങൾക്ക് അതിലളിതമായ രീതിയിൽ പറയുന്ന മറുപടികൾ ക്രമേണ വായനക്കാരന്റെ മനസ്സിൽ ജീവിതത്തെക്കുറിച്ചും മരണത്തെ കുറിച്ചും ആഴത്തിലുള്ള ചിന്തകൾക്ക് കളമൊരുക്കുന്നുണ്ട്. എനിക്കും അന്വേഷികളായി എത്തുന്ന എല്ലാവർക്കും  അവിടെ ശയ്യകളുണ്ടാവുമോ? എന്ന ചോദ്യത്തിനുള്ള മറുപടി, അതേ, വരുന്നോർക്കെല്ലാർക്കും അവിടെ ശയ്യകളുണ്ടാവുമെന്നാണ്. 
പ്രശസ്ത സാഹിത്യകാരൻ പി. സുരേന്ദ്രനുമൊത്ത് പാലക്കാട് ജില്ലയിലെ രായിരനെല്ലൂർ മല കയറിയത് ഓർത്തഴ പോവുന്നു. കിതച്ചും കാറ്റേറ്റും 
ഭ്രാന്താചലമെന്നറിയപ്പെടുന്ന ആ മല കയറുമ്പോൾ പൊറുതിയില്ലാത്ത അലച്ചിലെന്ന് സുരേന്ദ്രൻ ഇടയ്ക്കു പറയാറുള്ള അദ്ദേഹത്തിന്റെ മനോഹരമായ യാത്രകളും കഥാ ലോകവും അന്തരീക്ഷത്തിൽ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. 
വരരുചിയുടെ മകനായ നാറാണത്ത് ഭ്രാന്തൻ വേദ പഠനത്തിനായി തിരുവേഗ പ്പുറയിലെത്തിയ നാളുകളിൽ അസാധാരണമായ പല വികൃസങ്ങളും കാട്ടുന്ന ആ ദാർശനികൻ പകലറുതിയോളം പാടുപെട്ട് കൂറ്റൻ കല്ല് ഉരുട്ടിക്കയറ്റിയ മലയാണ് ഞങ്ങൾ കയറിക്കൊണ്ടിരിക്കുന്നതെന്നോർത്ത് ഇടയ്ക്കിടെ നെടുവീർപ്പുയർന്നിരുന്നു. ക്ലേശിച്ച് നേടിയതൊക്കെയും പടിയിറങ്ങിപ്പോവുന്ന മനുഷ്യ ജീവിതത്തിലെ സായംസന്ധ്യകൾ ഓർത്തു പോയി. അപ്പോൾ രായിരനെല്ലൂർ കുന്നിലൂടെ ഒരു ഭീമാകാരമായ കല്ല് നിർബാധം താഴേക്ക് ഉരുണ്ടു പോവുന്നതിന്റെ ഒച്ചയും ഒരു ഭീകരമായ പൊട്ടിച്ചിരിയും കാതിലലച്ചത് പോലെ. 
നേർരേഖയിൽ ചലിപ്പിക്കാൻ പാടുപെടുമ്പോഴൊക്കെയും ജീവിതം വർത്തുളമായി നീങ്ങി പല അദ്ഭുതങ്ങളും അപ്രതീക്ഷിതങ്ങളും കാഴ്ചവെച്ച് അതിശയിപ്പിച്ചു കൊണ്ടേയിരിക്കുമല്ലോ? ഉയർന്ന കൂറ്റൻ കുന്നുകൾ ഒരിക്കലെങ്കിലും നടന്നു കയറാത്തവരെ കുറിച്ച് ഉള്ളിൽ സഹതാപം തോന്നാറുണ്ട്.  സമുദ്ര നിരപ്പിൽ നിന്ന് മൂവായിരത്തി ഇരുനൂറ്റി എൺപെത്തട്ടടി ഉയരമുള്ള ശ്രാവണ ബലഗോളയിലെ വിന്ധ്യാഗിരി നടന്ന് കയറി അമ്പത്തേഴടി ഉയരമുള്ള ഏകശിലാ പ്രതിമ കണ്ട് മടങ്ങിയത് സ്മൃതികളിൽ തെളിയുന്നു.  അന്ന് സന്ധ്യയിലുടനീളം കവിതയും പ്രണയവും തത്വശാസ്ത്രങ്ങളും സപ്ത നിറങ്ങളിൽ കവി കെ.ടി. സൂപ്പിയും കൂട്ടുകാരുമൊത്ത് പകർന്നപ്പോഴും  നുകർന്നപ്പോഴും  പറഞ്ഞറിയിക്കാനാവാത്ത ഒരു തരം ആനന്ദം കൂട്ടിനെത്തിയത് കാറ്റുമൊത്ത് കുന്നിന് മുകളിൽ അനുഭവിച്ച സൗമ്യ സൗഹൃദ ശ്രുതിലയങ്ങളുടെ പശ്ചാത്തലത്തിലായിരുന്നല്ലോ? കുടജാദ്രിമല നടന്ന് കയറി സൗപർണ്ണികയുടെ സാമീപ്യത്തിലും സമാന അനുഭൂതികളായിരുന്നു കൂട്ടിന്. 
ഹിമാലയൻ മലമടക്കുകളുടെ ഹിമ ശീതള ഭംഗിയും നൈനിത്താൾ താഴ് വരയുടെ നയന ഹാരിതയും വേണ്ടുവോളം നുകർന്ന് രണ്ടായിരത്തി ഇരുനൂറോളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വന നിവാസ് എന്ന ശ്രീ അരബിന്ദോ ആശ്രമത്തിൽ ഡോ. നിരൺകറും ഇ.സെഡ്. അഷ്‌റഫും കൂട്ടുകാരുമൊത്തും  ഇടതൂർന്ന പൈൻ മരങ്ങൾക്കിടയിൽ ചെലവിട്ട  പത്ത് ദിനങ്ങളിലെ മല കയറ്റങ്ങൾ പഠിപ്പിച്ച പാഠങ്ങൾ ഒത്തിരിയാണ്. ഇന്ത്യയുടെ നാനാത്വത്തിലെ ഏകത്വത്തെയും  ഭാഷ, വേഷ ജാതി, മത ചിന്തകൾക്കതീതമായ മനുഷ്യത്വത്തിന്റെ ശ്രുതിമധുരിമയാർന്ന ആത്മ ഗീതങ്ങളുമായിരുന്നു അവയിൽ ഏറെ ശ്രദ്ധേയം. 
മലേഷ്യയിലെ ഉലു കലി പർവത ശിഖരത്തിലെ ജെന്റിംഗ് ഹൈലാൻഡ്‌സിലെ കാബിൾ കാറുപയോഗിച്ച് അബ്ദുല്ല ദാരിമിയും സംഘവുമൊത്ത് നടത്തിയ  ആകാശ സഞ്ചാരവും കശ്മീരിലെ പിർപഞ്ചാൽ റെയിഞ്ചിലുള്ള ഗുൽമാർഗ് ഗിരിശൃംഗത്തിൽ പീർ മുഷ്താഖിനൊപ്പം നടത്തിയ  അവിസ്മരണീയ കുതിര വണ്ടി യാത്രയും  സ്‌പെയിനിൽ ഗ്രാനഡ മലമുകളിലെ അൽ ഹംറ കൊട്ടാരത്തിലെ വാസന്ത രാവു തേടിയുള്ള ഏകാന്ത മല കയറ്റവുമെല്ലാം ജീവിത വഴിയിലെ അനൽപ സുന്ദരങ്ങളായ അധ്യായങ്ങളാണ്. 
സൗദിയിൽ ത്വായിഫിലെയും അബഹയിലെയും മരുഭൂസാനു ശിഖരങ്ങളിൽ നിന്ന് മണൽപരപ്പിന്റെ വിജനതയും കുളിർ കാല നിശീഥിനിയുടെ നിലാപെയ്ത്തും  അനുഭവിച്ചത് ഗസൽ പോലെ ആവർത്തിച്ചോർത്തെടുക്കാൻ ഇമ്പം പകർന്ന മല കയറ്റങ്ങൾ തന്നെ. കൂടെ യാത്ര ചെയ്ത സഹൃദയരിൽ പലരും നാട് പിടിച്ചതിന്റെ വിരഹം ഇപ്പോൾ  ഉള്ളിലില്ലാതെയല്ല. മനുഷ്യ നാഗരികതയിൽ വെളിപാടുകൾക്ക്  സാക്ഷ്യം വഹിച്ചത്  ഗിരി ശൃംഗങ്ങളും  കൂടിയായിരുന്നല്ലോ? പ്രകാശ ഗിരി (ജബലുന്നൂർ) എന്നറിയപ്പെടുന്ന മലമുകളിലെ ഹിറാ ഗുഹ തേടിയുള്ള രാത്രിയാത്ര എന്റെ കുന്നു കയറ്റങ്ങളുടെ പട്ടികയിൽ എക്കാലത്തും വെളിച്ചം പരത്തുന്ന ഒരു യാത്രയാണെന്ന് പറയാതെ വയ്യ. 
നിരവധി യാത്രകൾ പലയിടങ്ങളിലേക്ക് നടത്തിയ നമ്മുടെ ഓർമകളിൽ മല കയറ്റങ്ങൾ വേറിട്ട് തളിർത്ത് സുഗന്ധം പരത്തുന്നത് കുന്നുകളുടെ വശ്യതയും അവ പകർന്നേകിയ അതീന്ദ്രിയ അനുഭവങ്ങളുടെ അനുപമ ലാവണ്യവും കൊണ്ടല്ലാതെ മറ്റെന്തിനാലാണ്?
 

Latest News