Sorry, you need to enable JavaScript to visit this website.

സൗദിയിൽ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം

റിയാദ് - വനിതകൾക്കു മുന്നിൽ പുതിയ തൊഴിൽ മേഖലകൾ തുറന്നിടാനും തൊഴിലവസരങ്ങൾ ലഭ്യമാക്കാനുമുള്ള സർക്കാർ നയങ്ങളുടെ ഫലമായി മൂന്നു വർഷത്തിനിടെ സൗദിയിൽ സ്വദേശി വനിതാ ജീവനക്കാരുടെ എണ്ണത്തിൽ വൻ വർധന. 2016 ൽ വിഷൻ 2030 പദ്ധതി പ്രഖ്യാപിച്ച ശേഷം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി വനിതകൾ 16.4 ശതമാനം തോതിൽ വർധിച്ചിട്ടുണ്ട്. ഈ വർഷം ആദ്യ പാദാവസാനത്തിലെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ 6,34,650 സൗദി വനിതകൾ ജോലി ചെയ്യുന്നുണ്ട്. 2016 അവസാന പാദത്തിൽ സ്വകാര്യ മേഖലയിലെ സൗദി വനിതാ ജീവനക്കാർ 5,45,158 ആയിരുന്നു. വിഷൻ 2030 പദ്ധതിയും ദേശീയ പരിവർത്തന പദ്ധതിയുടെയും ഭാഗമായ ഗവൺമെന്റ് നയങ്ങളാണ് ഈ നേട്ടത്തിന് സഹായകമായത്. വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി, സ്വകാര്യ മേഖലാ ജീവനക്കാരികൾക്ക് 80 ശതമാനം വരെ യാത്രാ സഹായം, ഏതാനും മേഖലകളിലെ വനിതാവൽക്കരണം എന്നിവ അടക്കമുള്ള നയങ്ങളും പദ്ധതികളും സ്വകാര്യ മേഖലയിൽ സൗദി വനിതാ ജീവനക്കാരുടെ എണ്ണം വർധിക്കാൻ സഹായകമായി. 
സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണവും റെക്കോർഡ് തലത്തിൽ ഉയർന്നിട്ടുണ്ട്. ഈ വർഷം ആദ്യ പാദാവസാനത്തെ കണക്കുകൾ പ്രകാരം 5,02,220 സ്വദേശി വനിതകൾ സർക്കാർ സർവീസിൽ ജോലി ചെയ്യുന്നുണ്ട്. സ്വകാര്യ, സർക്കാർ മേഖലകളിലായി ആകെ 11,36,870 സൗദി വനിതാ ജീവനക്കാരാണുള്ളത്. സ്വദേശി വനിതാ ജീവനക്കാരിൽ 44 ശതമാനം പേർ സർക്കാർ മേഖലയിലും 56 ശതമാനം പേർ സർക്കാർ സർവീസിലുമാണ്. 
ഈ വർഷം ആദ്യ പാദാവസാനത്തെ കണക്കുകൾ പ്രകാരം സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാരിൽ 41 ശതമാനം പേർ വനിതകളാണ്. സർക്കാർ സർവീസിൽ ആകെ 12.3 ലക്ഷം സ്വദേശി ജീവനക്കാരാണുള്ളത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളിൽ 32 ശതമാനവും വനിതകളാണ്. 
ഈ വർഷം ആദ്യ പാദാവസാനത്തെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ 19.75 ലക്ഷം സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെയും സിവിൽ സർവീസ് മന്ത്രാലയത്തിന്റെയും കണക്കുകൾ പ്രകാരം സർക്കാർ, സ്വകാര്യ മേഖലയിൽ ആകെ 32 ലക്ഷം സൗദി ജീവനക്കാരാണുള്ളത്. ഇക്കൂട്ടത്തിൽ 35 ശതമാനം പേർ വനിതകളാണ്. സുരക്ഷാ, സൈനിക സർവീസുകളിൽ ജോലി ചെയ്യുന്നവരെ ഉൾപ്പെടുത്താതെയുള്ള കണക്കാണിത്. 
ഒരു വർഷത്തിനിടെ സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണം 5.7 ശതമാനം തോതിൽ വർധിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിൽ 10.76 ലക്ഷത്തോളം സൗദി വനിതകളാണ് കഴിഞ്ഞ വർഷം ആദ്യ പാദത്തിലുണ്ടായിരുന്നത്. ഒരു കൊല്ലത്തിനിടെ സർക്കാർ, സ്വകാര്യ മേഖലകളിൽ സൗദി വനിതാ ജീവനക്കാരുടെ എണ്ണത്തിൽ 60,000 ലേറെ പേരുടെ വർധനവുണ്ടായി. ഒരു വർഷത്തിനിടെ സൗദി വനിതാ ജീവനക്കാരുടെ എണ്ണം സ്വകാര്യ മേഖലയിൽ 38,000 ഓളം തോതിലും സർക്കാർ മേഖലയിൽ 23,000 ഓളം തോതിലും വർധിച്ചു. ഒരു കൊല്ലത്തിനിടെ വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 3.5 ശതമാനം തോതിൽ കുറഞ്ഞു. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തിൽ സൗദി വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 31.7 ശതമാനമായിരുന്നു. 
ഈ കൊല്ലം ആദ്യ പാദത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ സൗദി ജീവനക്കാരികളുടെ എണ്ണം 1.9 ശതമാനം തോതിൽ വർധിച്ചു. മൂന്നു മാസത്തിനിടെ സൗദി ജീവനക്കാരികളുടെ എണ്ണത്തിൽ 21,500 ഓളം പേരുടെ വർധനവാണുണ്ടായത്. കഴിഞ്ഞ വർഷം അവസാന പാദത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ സൗദി ജീവനക്കാരികൾ 11.2 ലക്ഷത്തോളമായിരുന്നു. മൂന്നു മാസത്തിനിടെ സ്വകാര്യ മേഖലയിൽ സൗദി വനിതാ ജീവനക്കാരികളുടെ എണ്ണം രണ്ടര ശതമാനം തോതിലും സർക്കാർ മേഖലയിൽ 1.2 ശതമാനം തോതിലും വർധിച്ചു. സ്വകാര്യ മേഖലയിൽ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ 15,400 ഓളം പേരുടെയും സർക്കാർ മേഖലയിൽ 6,100 ഓളം പേരുടെയും വർധനവാണ് മൂന്നു മാസത്തിനിടെയുണ്ടായത്. മൂന്നു മാസത്തിനിടെ വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 2.7 ശതമാനം തോതിൽ കുറഞ്ഞു. കഴിഞ്ഞ വർഷം അവസാന പാദത്തിൽ സൗദി വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 30.8 ശതമാനമായിരുന്നു.
 

Tags

Latest News