Sorry, you need to enable JavaScript to visit this website.

ആരോഗ്യ പ്രവർത്തകർക്ക് ആദരം; നഴ്‌സിന്റെ പേരിൽ മദീനയിൽ ഫീൽഡ് ആശുപത്രി 

കൊറോണ രോഗികളുടെ ചികിത്സക്ക് മദീനയിൽ പുതുതായി ആരംഭിച്ച ഫീൽഡ് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ.

മദീന - കൊറോണ രോഗികളുടെ ചികിത്സക്ക് മദീനയിൽ പുതുതായി ആരംഭിച്ച ഫീൽഡ് ആശുപത്രിക്ക് കോവിഡ് ബാധിച്ച് മരിച്ച സൗദി നഴ്‌സ് നജൂദ് അൽഖൈബരിയുടെ പേര് നൽകി. നജൂദ് മെഡിക്കൽ സെന്റർ എന്നാണ് ആശുപത്രി അറിയപ്പെടുക. 
സൗദി നഴ്‌സ് നജൂദ് അൽഖൈബരിയുടെ ജീവത്യാഗം വിലമതിച്ചും സഹപ്രവർത്തകരായ മറ്റു ആരോഗ്യ പ്രവർത്തകർ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ചുമാണ് ആശുപത്രിക്ക് നജൂദിന്റെ പേര് നൽകിയതെന്ന് മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. 
ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅയുടെ സാന്നിധ്യത്തിൽ മദീന ഗവർണർ ആശുപത്രി ഉദ്ഘാടനം ചെയ്തു. 59 ദിവസം മാത്രമെടുത്താണ് എല്ലാവിധ സൗകര്യങ്ങളോടെയും ഫീൽഡ് ആശുപത്രി സ്ഥാപിച്ചത്. ആശുപത്രിയിൽ 100 കിടക്കകളാണുള്ളത്. ഇതിൽ 20 എണ്ണം ഗുരുതരാവസ്ഥയിലുള്ള രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള തീവ്രപരിചരണ വിഭാഗത്തിലാണ്. അക്വാപവർ കമ്പനിയുമായി സഹകരിച്ചാണ് മദീനയിൽ കൊറോണ രോഗികളുടെ ചികിത്സക്ക് ഫീൽഡ് ആശുപത്രി സ്ഥാപിച്ചത്. 15,000 ചതുരശ്രമീറ്റർ വിസ്തീർണമുള്ള സ്ഥലത്താണ് ഫീൽഡ് ആശുപത്രി സ്ഥാപിച്ചിരിക്കുന്നത്. 


രോഗികളെ പരിചരിക്കുന്നതിനിടെയാണ് സൗദി നഴ്‌സ് നജൂദ് അൽഖൈബരിക്ക് കൊറോണ ബാധിച്ചത്. 18 വർഷത്തിലേറെ കാലം മദീനയിൽ ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിച്ച നജൂദ് അൽഖൈബരി കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായി ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു. രോഗികളെ സേവിക്കാൻ നജൂദ് അൽഖൈബരി നടത്തിയ ശ്രമങ്ങൾ വിലമതിച്ചും ഇക്കാര്യത്തിൽ മറ്റു ആരോഗ്യ പ്രവർത്തകർ നടത്തുന്ന ശ്രമങ്ങൾ മാനിച്ചുമാണ് ആശുപത്രിക്ക് നജൂദ് മെഡിക്കൽ സെന്റർ എന്ന് പേരിട്ടതെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅയും പറഞ്ഞു. 
മദീനയിലെ ഹെൽത്ത് സെന്ററിൽ സേവനമനുഷ്ഠിച്ചുവന്ന സൗദി നഴ്‌സ് നജൂദ് ഖലീൽ അൽഖൈബരി ഒരു മാസം മുമ്പാണ് കൊറോണ ബാധിച്ച് മരിച്ചത്. ഉഹദ് ആശുപത്രിയിൽ ക്വാറന്റൈനിൽ കഴിയവെയാണ് ഇവർ അന്ത്യശ്വാസം വലിച്ചത്. 

Tags

Latest News