Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് രോഗവ്യാപനം കൂടുന്നു; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി 

പുറത്തിറങ്ങരുതെന്ന് നിർദേശം 
മലപ്പുറം- ജില്ലയിൽ കോവിഡ് അതിവേഗം പടരുന്നതായി റിപ്പോർട്ട്. മുന്നറിയിപ്പുമായി മലപ്പുറം ദുരന്ത നിവാരണ അതോറിറ്റി രംഗത്തെത്തി. പല മേഖലകളിലും സമ്പർക്കത്തിലൂടെ കോവിഡ്-19 രോഗവ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത ശക്തമാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണനും മുന്നറിയിപ്പ് നൽകി. ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. പത്ത് വയസ്സിനും 60 വയസ്സിനുമിടയിലുള്ളവർ തീരെ പുറത്തിറങ്ങരുത്. ജീവിത ശൈലീ രോഗങ്ങളോ മറ്റ് രോഗങ്ങളോ ഉള്ളവർ ചികിത്സാർഥമല്ലാതെ പുറത്തിറങ്ങാൻ പാടില്ല. രോഗപ്രതിരോധത്തിനായി മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണമെന്നും കലക്ടർ പറഞ്ഞു.
സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപന തോത് കൂടുതലായ സാഹചര്യത്തിൽ പൊന്നാനി താലൂക്ക് പരിധിയിൽ നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കും. ഇതിനു പുറമെ പൊന്നാനി നഗരസഭയിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കാനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു. രോഗലക്ഷണങ്ങളില്ലാത്തവരിൽ നടത്തിയ സാമ്പിൾ സർവേയിൽ പോലും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് സ്ഥിതിഗതികൾ സങ്കീർണമാക്കുന്നുണ്ട്. ജൂണിൽ നടത്തിയ സെന്റിനൽ സർവൈലൻസ് പരിശോധനയിൽ വട്ടംകുളം പഞ്ചായത്തിൽ 10 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. പൊന്നാനിയിലും പരിസരങ്ങളിലുമായി മാത്രം ഇപ്പോൾ 50 പോസിറ്റീവ് കേസുകളുണ്ട്. ജൂലൈ ആറിന് വട്ടംകുളം പഞ്ചായത്തിൽ 151 പേരുടെ സ്രവ പരിശോധന നടത്തിയതിൽ ഒരാൾക്കും ജൂലൈ എട്ടിന് കാലടിയിൽ 152 പേരെ പരിശോധിച്ചതിൽ ഒരാൾക്കും ജൂലൈ ആറിന് ആലങ്കോട് പഞ്ചായത്തിൽ 93 പേരെ പരിശോധിച്ചതിൽ രണ്ട് പേർക്കും പൊന്നാനി നഗരസഭയിൽ ജൂലൈ ആറിന് 107 പേരെ പരിശോധിച്ചതിൽ രണ്ട് പേർക്കും ജൂലൈ ഏഴിന് 299 പേരെ പരിശോധിച്ചതിൽ ആറ് പേർക്കും ജൂലൈ എട്ടിന് 310 പേരെ പരിശോധിച്ചതിൽ 15 പേർക്കും പോസിറ്റീവാണെന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്നു.
മാറഞ്ചേരി പഞ്ചായത്തിൽ 120 പേരെ സ്രവ പരിശോധനക്ക് വിധേയമാക്കിയതിൽ ഒരാൾക്കും പെരുമ്പടപ്പിൽ 149 പേരെ പരിശോധിച്ചതിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മേഖലയിൽ മൂന്ന് ദിവസം കൊണ്ട് 30 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. രോഗപ്രതിരോധത്തിനായി മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം -കലക്ടർ നിർദേശിച്ചു.

Latest News