Sorry, you need to enable JavaScript to visit this website.

ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഒരു വേദിയില്‍, ഒറ്റപ്പാദം

ക്വാലാലംപൂര്‍ - ഒരു വേദിയില്‍ എല്ലാ കളികളും നടത്തുന്ന രീതിയില്‍ സെപ്റ്റംബറില്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് പുനരാരംഭിക്കുമെന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍. ഡിസംബര്‍ ഒറ്റപ്പാദമായി ഫൈനലും സംഘടിപ്പിക്കും.
പടിഞ്ഞാറ് സൗദി അറേബ്യ മുതല്‍ കിഴക്ക് ജപ്പാന്‍ വരെ നീണ്ടുകിടക്കുന്ന പ്രദേശങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറിയിരുന്നു. പ്രാഥമിക റൗണ്ടില്‍ 32 ടീമുകള്‍ പോരടിക്കുന്നുണ്ട്. മാര്‍ച്ചില്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കുമ്പോള്‍ ഏതാനും മത്സരങ്ങള്‍ മാത്രമാണ് പൂര്‍ത്തിയായിരുന്നത്. ചൈനീസ് ക്ലബ്ബുകളായ ഷാംഗ്ഹായ് എസ്.ഐ.പി.ജി, ഷാംഗ്ഹായ് ഷെന്‍ഹുവ, ഗ്വാംഗ്ഷു എവര്‍ഗ്രാന്‍ഡെ ടീമുകള്‍ ഒരു മത്സരം പോലും കളിച്ചിരുന്നില്ല. ടൂര്‍ണമെന്റ് തുടങ്ങുമ്പോഴേക്കും ചൈനയില്‍ യാത്രാ നിയന്ത്രണം നിലവില്‍ വന്നിരുന്നു.
പശ്ചിമേഷ്യന്‍ സോണിലെ ടീമുകളുടെ നാല് റൗണ്ട് മത്സരങ്ങള്‍ സെപ്റ്റംബര്‍ 14 മുതല്‍ 24 വരെ 11 ദിവസങ്ങളിലായി പൂര്‍ത്തിയാക്കും. വേദി പ്രഖ്യാപിച്ചിട്ടില്ല. കിഴക്കനേഷ്യന്‍ സോണില്‍ കൂടുതല്‍ മത്സരങ്ങള്‍ ബാക്കിയുണ്ട്. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ ഒന്ന് വരെയാണ് അവര്‍ക്ക് സമയം നല്‍കിയിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞതിനു പിന്നാലെ നോക്കൗട്ട് ഘട്ടം തുടങ്ങും. നോക്കൗട്ട് മത്സരങ്ങളെല്ലാം ഒറ്റപ്പാദമായാണ് നടത്തുക.

 

Latest News