Sorry, you need to enable JavaScript to visit this website.

കൊണ്ടോട്ടിയിൽ വൻ കഞ്ചാവ് വേട്ട; വിവാഹ തട്ടിപ്പ് വീരനും കൂട്ടാളിയും പിടിയിൽ 

കൊണ്ടോട്ടി - മലപ്പുറം ജില്ല കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്ത വിതരണം ചെയ്തു വരുന്ന വിവാഹത്തട്ടിപ്പു വീരനെയും കൂട്ടാളിയെയും ജില്ലാ ആന്റി നർകോട്ടിക് സ്‌ക്വാഡും കൊണ്ടോട്ടി പോലീസും ചേർന്ന് പിടികൂടി. അരീക്കോട് പൂവത്തിക്കൽ പൂളക്കച്ചാലിൽ അബ്ദുൽ അസീസ് (അറബി അസീസ് -39), അരീക്കോട് ഒതായി പള്ളിപ്പുറത്ത് ഹനീഫ (45) എന്നിവരെയാണ് രണ്ടര കിലോ കഞ്ചാവുമായി കൊണ്ടോട്ടി ഒന്നാം മൈലിൽ പിടികൂടിയത്. പ്രതികൾ കഞ്ചാവു കണ്ടെത്താൻ ഉപയോഗിച്ച കാറും കഞ്ചാവ് തൂക്കി വിൽക്കാൻ ഉപയോഗിച്ച ത്രാസും കണ്ടെടുത്തു. 


പിടിയിലായ അസീസിന്റെ പേരിൽ ജില്ലക്കകത്തും പുറത്തുമായി വിവിധ സ്റ്റേഷനുകളിൽ കവർച്ച, തട്ടികൊണ്ടു പോകൽ, ബലാത്സംഗം, കല്യാണ തട്ടിപ്പ് എന്നിവയും പത്തിലേറെ കഞ്ചാവ് കേസുകളും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. തമിഴ്‌നാട് മധുരയിൽ നിന്ന് 20 കിലോ കഞ്ചാവുമായി കഴിഞ്ഞ വർഷം അസീസിനെ പിടികൂടിയിരുന്നു. കഴിഞ്ഞ വർഷം അസീസിനെയും കൂട്ടാളിയെയും പിടികൂടാൻ ശ്രമിക്കുന്നതിനിടെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇയാളുടെ കീഴിൽ യുവാക്കളുടെ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇവരാണ് കഞ്ചാവ് കടത്തുന്ന വാഹനങ്ങൾക്ക് ബൈക്കിൽ എസ്‌കോർട്ടും പൈലറ്റും കൊടുത്തിരുന്നത്. ഇവരെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊണ്ടോട്ടി താഹസിൽദാർ പി.യു. ഉണ്ണികൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു പോലീസ് നടപടികൾ. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ജില്ലാ പോലീസ് മേധാവി യു. അബ്ദുൽ കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈ.എസ്.പി ഹരിദാസൻ, നാർകോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ് എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി സി.ഐ കെ.എം. ബിജു, എസ്.ഐ വിനോദ് വലിയാറ്റൂർ, ജില്ലാ ആന്റി നർകോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥൻ, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്,പി. സഞ്ജീവ്, രാജേഷ്, മോഹനൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Latest News