Sorry, you need to enable JavaScript to visit this website.

യു.പി പോലീസ് 'തട്ടിക്കൊണ്ടു പോയ' ഷർജീൽ ഉസ്മാനിയെ ഉടൻ വിട്ടയക്കണം  -വെൽഫെയർ പാർട്ടി

തിരുവനന്തപുരം - പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർഥി നേതാവും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറിയുമായ ഷർജിൽ ഉസ്മാനിയെ നിയമപരമായ ക്രമങ്ങളോ മര്യാദകളോ പാലിക്കാതെ കസ്റ്റഡിയിലെടുത്ത യു.പി പോലീസ് അദ്ദേഹത്തെ നിരുപാധികം വിട്ടയക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. 
സിവിൽ വേഷത്തിലെത്തിയ പോലീസ് സംഘം ഉത്തർപ്രദേശിലെ അസംഗഢിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ഒരു രാത്രി പിന്നിട്ടിട്ടും ഷർജീൽ എവിടെയാണുള്ളതെന്ന് വ്യക്തമാക്കാൻ പോലീസ് അധികാരികൾ ഇതുവരെ തയാറായിട്ടില്ല. സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തകരുടെയും മാധ്യമ പ്രവർത്തകരുടെയും ചോദ്യങ്ങൾക്കു മുന്നിൽ നിന്ന് യു.പി പോലീസ് ഒളിച്ചോടുകയാണ്. 
നിയമ വിരുദ്ധമായി തടങ്കലിലാക്കിയ ഷർജീലിനെ കുറിച്ചുള്ള വിവരങ്ങൾ അഭിഭാഷകർക്കോ അടുത്ത ബന്ധുക്കൾക്ക് പോലുമോ കൈമാറാതെ കിഡ്‌നാപ്പിംഗ് സംഘമായി യു.പി പോലീസ് മാറിയിരിക്കുന്നു. 
മുസ്‌ലിംകളെ പൗരത്വത്തിൽ നിന്ന് പുറത്താക്കാനുള്ള സംഘ്പരിവാർ പദ്ധതിയെ ചെറുത്തു നിൽക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയായ ഷർജീലിനെ പ്രാഥമിക മനുഷ്യാവകാശങ്ങൾ പോലും ചവിട്ടിമെതിച്ചാണ് പോലീസ് തടവിലാക്കിയിരിക്കുന്നത്. പൗരത്വ പ്രക്ഷോഭത്തെ ഇല്ലാതാക്കാനുള്ള സംഘ്പരിവാർ പദ്ധതിയുടെ ഭാഗമാണിത്. 
ഇരുന്നൂറിലധികം പ്രക്ഷോഭകരെ ഇതിനകം തടങ്കിലാക്കിയിട്ടുണ്ട്. സംഘ്പരിവാറിന്റെ പകവീട്ടൽ രാഷ്ട്രീയത്തിന് രാജ്യമാകെ അലയടിച്ച പൗരത്വ പ്രക്ഷോഭത്തെയോ അതിന്റെ നേതാക്കളെയോ തളർത്താനാവില്ലെന്ന് കേന്ദ്ര ഭരണകൂടവും സംഘ്പരിവാറും മനസ്സിലാക്കണം. സംഘ്പരിവാറിന്റെ പൗരത്വ പ്രക്ഷോഭ വേട്ടയും പ്രതികാര നടപടികളും വർധിക്കുന്നതിനുസരിച്ച് നീതിക്ക് വേണ്ടിയുള്ള പോരാട്ടവും സമര വീര്യവും ശക്തിപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
 

Latest News