Sorry, you need to enable JavaScript to visit this website.

തിരയിൽപെട്ട് മീൻ വള്ളങ്ങൾ കൂട്ടിയിടിച്ചു, മത്സ്യത്തൊഴിലാളികളെ തീരദേശ പോലീസ് രക്ഷിച്ചു

ചാവക്കാട് - ഉൾക്കടലിൽ ശക്തമായ തിരയിൽപെട്ട് കൂട്ടിയിടിച്ച് അപകടത്തിലായ മീൻപിടിത്ത വള്ളങ്ങളിലെ ആറ് തൊഴിലാളികളെ തീരദേശ പോലീസ് രക്ഷിച്ചു. വ്യാഴാഴ്ച രാവിലെ എട്ടോടെ തൊട്ടാപ്പ് ലൈറ്റ് ഹൗസിന് രണ്ട് നോട്ടിക്കൽ മൈൽ പടിഞ്ഞാറ് മീൻപിടിത്തം നടത്തുകയായിരുന്ന ചെറുവള്ളങ്ങളാണ് ശക്തമായ തിരയിൽപെട്ട് കൂട്ടിയിടിച്ചത്. വാടാനപള്ളി ശിവന്റെ ഉടമസ്ഥതയിലുള്ള ദേവി എന്ന വള്ളവും ഏങ്ങണ്ടിയൂർ സ്വദേശി കാർത്തികേയന്റെ ഉടമസ്ഥതയിലുള്ള നീലകണ്ഠൻ എന്ന വള്ളവുമാണ് കൂട്ടിയിടിച്ചത്. 
അപകടത്തിൽ രണ്ടു വള്ളങ്ങൾക്കും കേടുപാടുകൾ ഉണ്ടാവുകയും നിയന്ത്രണം നഷ്ടമാവുകയും ചെയ്തു. ദേവി വള്ളം മുങ്ങാൻ തുടങ്ങുകയും ചെയ്തു. വിവരമറിയിച്ചതിനെ തുടർന്ന് തീരദേശ പോലീസെത്തി ഇരു വള്ളങ്ങളിലുമായുണ്ടായിരുന്ന ആറ് തൊഴിലാളികളെയും വള്ളങ്ങളും കരക്കെത്തിച്ചു. വലപ്പാട് സ്വദേശി ചിത്രൻ, ഏങ്ങണ്ടിയൂർ സ്വദേശികളായ കൃഷ്ണൻ, ആനന്ദൻ, കാർത്തികേയൻ, കണ്ണൻ, രാജൻ എന്നീ മത്സ്യത്തൊഴിലാളികളെയാണ് പോലീസെത്തി രക്ഷിച്ചത്. മുനക്കക്കടവ് തീരദേശ പോലീസ് എസ്.എച്ച്.ഒ. മഹേന്ദ്ര സിംഹൻ, സി.പി.ഒമാരായ സാജൻ, ജയദേവ്, കോസ്റ്റൽ വാർഡൻ ശ്രീരാഗ്, സ്രാങ്ക് അഖിൽ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
 

Latest News