Sorry, you need to enable JavaScript to visit this website.

വിരമിക്കുന്ന ദിനത്തിലും രക്ഷാപ്രവർത്തനത്തിൽ കർമനിരതനായി പോൾസൻ 

ചാവക്കാട് - മുനക്കക്കടവ് കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ എസ്.ഐ ആയിരുന്ന പോൾസൻ ജൂൺ 30 നാണ് സർവീസിൽ നിന്ന് വിരമിച്ചത്. വിരമിക്കുന്ന ദിനത്തിലും അദ്ദേഹം കർമനിരതനായി കടലോരത്ത് കാണാതായ രണ്ടു യുവാക്കൾക്കായി കാത്തുനിൽപായിരുന്നു.
ജൂൺ 29 നാണ് ചാവക്കാട് ബ്ലാങ്ങാട് പാറൻ പടിയിൽ ഫുട്‌ബോൾ എടുക്കാൻ കടലിൽ ഇറങ്ങിയ അഞ്ച് യുവാക്കൾ അപകടത്തിൽപെട്ടത്. രണ്ടു പേർ രക്ഷപ്പെടുകയും ഒരാൾ മരിക്കുകയും ചെയ്തു. രണ്ടു പേരെ കാണാതായി അടുത്തടുത്ത ദിവസങ്ങളിലാണ് ഇവരുടെ മൃതദേഹങ്ങൾ കിട്ടിയത്. ഈ ദിനങ്ങളിൽ പോൾസൻ രാവും പകലും രക്ഷാപ്രവർത്തനത്തിലും മറ്റും സജീവമായിരുന്നു.1990 ൽ സർവീസിൽ കയറിയ പോൾസൻ തന്റെ ഔദ്യോഗിക കാലമായ 30 വർഷത്തിൽ 10 വർഷവും ചെലവഴിച്ചത് അഴീക്കോട് മുനക്കക്കടവ് തീരദേശ പോലീസ് സ്റ്റേഷനുകളിലാണ്. കൊടുങ്ങല്ലൂർ, മതിലകം, കാട്ടൂർ, വെറ്റിലപാറ, ചിറ്റൂർ തുടങ്ങിയ സ്റ്റേഷനുകളിലായിരുന്നു ബാക്കി 20 വർഷം. മുനക്കക്കടവ് തീരദേശ സ്റ്റേഷന്റെ ഉദ്ഘാടനം മുതൽ ഇവിടെയുണ്ടായിരുന്ന പോൾസ ൺ കടൽ അപകടങ്ങളിൽ നിരവധി പേർക്ക് രക്ഷകനായിട്ടുണ്ട്. പ്രളയ നാളുകളിലും പോൾസൻ സജീവ രക്ഷാപ്രവർത്തകനായി മത്സ്യത്തൊഴിലാളികൾക്കെല്ലാം പ്രിയപ്പെട്ടവനായി മാറി.  കടൽ ക്ഷോഭങ്ങളിലും മറ്റും വഞ്ചികളും വലകളും നഷ്ടപ്പെടുന്നവർക്ക് അർഹരാണെങ്കിൽ കൃത്യമായ റിപ്പോർട്ടുകൾ മേൽഘടകങ്ങൾക്ക് യഥാസമയം അയച്ചുകൊണ്ടിരുന്നു.കർണാടകയിൽ നിന്നുള്ള 100 ഓളം സി.ഐമാരുടെ സംഘം തീരദേശ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനങ്ങളെ കുറിച്ച് പഠനാർഥം കേരളത്തിലെത്തിയപ്പോൾ മുനക്കക്കടവ് തീരദേശ സ്റ്റേഷനിൽ അവർക്കായി ക്ലാസുകൾക്ക് നേതൃത്വം നൽകുന്നതിലും പോൾസൺ രംഗത്തുണ്ടായി. 
കോവിഡ് കാലമായിട്ടും മാനദണ്ഡങ്ങൾ പാലിച്ച് വിരമിച്ച സഹപ്രവർത്തകർ പോൾസന് യാത്രയയപ്പ് നൽകിയിരുന്നു. എൽ. ഐ.സി ഏജന്റായ ജയയാണ് ഭാര്യ. കാനഡയിൽ വിദ്യാർത്ഥിയായ ഡോണാ ൽഡ, വിദ്യാർത്ഥിയായ ഡോണ എന്നിവർ മക്കളാണ്.

Latest News