Sorry, you need to enable JavaScript to visit this website.

വാണിജ്യ വഞ്ചന: സ്ഥാപനത്തിന് ഒരു ലക്ഷം റിയാൽ പിഴ

ദമാം - വാണിജ്യ വഞ്ചനാ കേസിൽ ദമാമിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ദമാം ക്രിമിനൽ കോടതി ഒരു ലക്ഷം റിയാൽ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. സൗദി പൗരൻ ഔദ ബിൻ മുഹമ്മദ് മുഈദ് അൽസഹ്‌റാനിയുടെ ഉടമസ്ഥതയിലുള്ള ഔദ കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റിനാണ് പിഴ. അണ്ടിപ്പരിപ്പുകളും സുഗന്ധദ്രവ്യങ്ങളും വിൽപന നടത്തുന്ന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഉൽപന്നങ്ങൾ ഉൽപാദിപ്പിച്ച രാജ്യത്തിന്റെ പേരിലും ഉപയോഗ കാലാവധിയിലും കൃത്രിമം നടത്തുകയും കേടായ ഉൽപന്നങ്ങൾ വിൽപനക്ക് സൂക്ഷിക്കുകയുമായിരുന്നു. 
സ്ഥാപനം മൂന്നു മാസത്തേക്ക് അടപ്പിക്കാനും കോടതി വിധിച്ചു. സ്ഥാപനത്തിൽ കണ്ടെത്തിയ കേടായ ഉൽപന്നങ്ങളും വ്യാജ ഉൽപന്നങ്ങളും പിടിച്ചെടുത്ത് നശിപ്പിക്കാനും വിധിയുണ്ട്. സ്ഥാപനത്തിന്റെയും ഉടമയുടെയും പേരുവിവരങ്ങളും സ്ഥാപനം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും സൗദി പൗരന്റെ ചെലവിൽ രണ്ടു പത്രങ്ങളിൽ പരസ്യം ചെയ്യാനും കോടതി ഉത്തരവിട്ടു. 
ദമാം അൽഖിദ്‌രിയ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വാണിജ്യ മന്ത്രാലയ സംഘം നടത്തിയ പരിശോധനയിൽ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത മസാലകൾ, ഉപയോഗ കാലാവധിയിലും ഉൽപാദിപ്പിച്ച രാജ്യത്തിന്റെ പേരിലും കൃത്രിമം നടത്തിയ പാക്കറ്റുകളിൽ തൊഴിലാളികൾ നിറക്കുന്നതായി കണ്ടെത്തുകയായിരുന്നു. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത മസാലകൾ സൗദി നിർമിതമെന്ന് രേഖപ്പെടുത്തിയ പാക്കറ്റുകളിലാണ് തൊഴിലാളികൾ നിറച്ചിരുന്നത്. കൂടാതെ ആരോഗ്യ വ്യവസ്ഥകൾ പാലിക്കാതെ മോശം രീതിയിലാണ് സ്ഥാപനത്തിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നത്. 26,000 കിലോ മസാലകളും ഏലവും മസാലകളും മറ്റും നിറക്കുന്നതിനുള്ള ഇരുപതു ലക്ഷം കാലി പാക്കറ്റുകളും 1500 കാർട്ടണുകളും ഉപയോഗ കാലാവധി മുദ്രണം ചെയ്യുന്നതിനുള്ള സീലുകളും ഉപയോഗ കാലാവധിയിൽ കൃത്രിമം നടത്തിയ സ്റ്റിക്കറുകളും മറ്റും സ്ഥാപനത്തിൽ നിന്ന് വാണിജ്യ മന്ത്രാലയ സംഘം പിടികൂടിയിരുന്നു. ഗുരുതരമായ നിയമ ലംഘനങ്ങൾ കണ്ടെത്തിയ ഉടൻ സ്ഥാപനം അടപ്പിച്ച വാണിജ്യ മന്ത്രാലയ അധികൃതർ നിയമ നടപടികൾക്ക് സ്ഥാപനത്തിനെതിരായ കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.

Tags

Latest News