Sorry, you need to enable JavaScript to visit this website.

ആറു ദിവസത്തിനിടെ കണ്ടെത്തിയത് 1685 നികുതി നിയമ ലംഘനങ്ങൾ

റിയാദ് - ആറു ദിവസത്തിനിടെ വിവിധ പ്രവിശ്യകളിലെ വ്യാപാര സ്ഥാപനങ്ങളിൽ സക്കാത്ത്, നികുതി അതോറിറ്റി നടത്തിയ പരിശോധനകളിൽ 1685 നിയമ ലംഘനങ്ങൾ കണ്ടെത്തി. മൂല്യവർധിത നികുതി അഞ്ചു ശതമാനത്തിൽ നിന്ന് പതിനഞ്ചു ശതമാനമായി ഉയർത്തിയത് പ്രാബല്യത്തിൽ വന്ന ഈ മാസം ഒന്നു മുതൽ ആറു വരെയുള്ള ദിവസങ്ങളിൽ നടത്തിയ പരിശോധനകളിലാണ് ഇത്രയും നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. ആറു ദിവസത്തിനിടെ ആകെ 2225 സ്ഥാപനങ്ങൡലാണ് സക്കാത്ത്, നികുതി അതോറിറ്റി പരിശോധനകൾ നടത്തിയത്. നിയമ ലംഘനങ്ങളിൽ കൂടുതലും നികുതി ഈടാക്കാതിരിക്കൽ, നിശ്ചിത അനുപാതത്തിലും കുറവ് നികുതി ഈടാക്കൽ എന്നിവയായിരുന്നു. 
ഏറ്റവും കൂടുതൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയത് റിയാദിലാണ്. ഇവിടെ 201 നിയമ ലംഘനങ്ങൾ കണ്ടെത്തി. രണ്ടാം സ്ഥാനത്തുള്ള ജിദ്ദയിൽ 201 ഉം അൽഹസയിൽ 155 ഉം നിയമ ലംഘനങ്ങൾ കണ്ടെത്തി. ചില്ലറ വ്യാപാര സ്ഥാപനങ്ങൾ, റസ്റ്റോറന്റുകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ആറു ദിവസത്തിനിടെ പരിശോധനകൾ നടത്തി. 
ചില്ലറ വ്യാപാര മേഖലയിലാണ് ഏറ്റവും കൂടുതൽ നികുതി നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. ചില്ലറ വ്യാപാര സ്ഥാപനങ്ങളിൽ കൂടുതൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയത് ദമാമിലാണ്. ഇവിടെ 107 നിയമ ലംഘനങ്ങൾ കണ്ടെത്തി. രണ്ടാം സ്ഥാനത്തുള്ള ജിദ്ദയിൽ 89 ഉം മൂന്നാം സ്ഥാനത്തുള്ള അൽഹസയിൽ 79 ഉം നിയമ ലംഘനങ്ങൾ കണ്ടെത്തി. റസ്റ്റോറന്റുകളുടെ ഭാഗത്ത് ഏറ്റവും കൂടുതൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയതും ദമാമിലാണ്. ദമാമിലെ റസ്റ്റോറന്റുകളിൽ 78 നികുതി നിയമ ലംഘനങ്ങൾ കണ്ടെത്തി. മക്കയിൽ 63 ഉം അൽഹസയിൽ 62 ഉം നിയമ ലംഘനങ്ങൾ കണ്ടെത്തി. പൊതുവ്യാപാര മേഖലയിൽ ഏറ്റവും കൂടുതൽ നികുതി നിയമ ലംഘനങ്ങൾ കണ്ടെത്തിയത് റിയാദിലാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ റിയാദിൽ 64 ഉം ബുറൈദയിൽ 19 ഉം മക്കയിൽ 14 ഉം നികുതി നിയമ ലംഘനങ്ങൾ കണ്ടെത്തി.
പുതുക്കിയ മൂല്യവർധിത നികുതി വ്യാപാര സ്ഥാപനങ്ങൾ ബാധകമാക്കണമെന്ന് സക്കാത്ത്, നികുതി അതോറിറ്റി ആവശ്യപ്പെട്ടു. നികുതി നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനകൾ തുടരും. പുതുക്കിയ നികുതി ബാധകമാക്കാത്ത സ്ഥാപനങ്ങളെ കുറിച്ച് സക്കാത്ത്, നികുതി അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴിയോ 19993 എന്ന നമ്പറിൽ ഏകീകൃത കോൾ സെന്ററിൽ ബന്ധപ്പെട്ടോ അതോറിറ്റി പുറത്തിറക്കിയ ആപപ്പ് വഴിയോ ഉപയോക്താക്കൾ അറിയിക്കണം. 
സക്കാത്ത്, നികുതി അതോറിറ്റിക്കു കീഴിലെ ഏകീകൃത കോൾ സെന്റർ ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ എട്ടു മുതൽ അർധരാത്രി പന്ത്രണ്ടു വരെ പ്രവർത്തിക്കും. വാണിജ്യ മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, സൗദി കസ്റ്റംസ്, നഗരസഭകൾ, പുകയില വിരുദ്ധ ദേശീയ കമ്മിറ്റി എന്നീ വകുപ്പുകളുമായി സഹകരിച്ചാണ് സക്കാത്ത്, നികുതി അതോറിറ്റി വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തുന്നത്. 

Tags

Latest News