Sorry, you need to enable JavaScript to visit this website.

കോവിഡ് കാലത്ത് പ്രതിഫലം വെട്ടിക്കുറച്ച് അജയ് ജ്ഞാനമുത്തു

കോവിഡ് പ്രതിസന്ധി കാലത്ത് പ്രതിഫലം 40 ശതമാനം വെട്ടിക്കുറിച്ച് മാതൃക കാട്ടുകയാണ് തമിഴ് സംവിധായകൻ അജയ് ജ്ഞാനമുത്തു. ഇമൈക നൊടികൾ എന്ന ചിത്രത്തിന് ശേഷം അജയ് സംവിധാനം ചെയ്യുന്ന കോബ്രയിലാണ് സംവിധായകൻ പ്രതിഫലം വെട്ടിക്കുറച്ചത്. ചിയാൻ വിക്രം നായകനാകുന്ന കോബ്രയുടെ ഷൂട്ടിംഗ് കോവിഡ് പ്രതിസന്ധിമൂലം നിർത്തിവെച്ചിരിക്കയാണ്. ഷൂട്ടിംഗ് പുനരാരംഭിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് തന്റെ പ്രതിഫലം 40 ശതമാനം വെട്ടിക്കുറച്ചുവെന്ന് അജയ് ജ്ഞാനമുത്തു പ്രഖ്യാപിച്ചത്. 
കോവിഡ് പ്രതിസന്ധിമൂലം ചിത്രീകരണം നീട്ടിവെക്കേണ്ടി വന്നത് നിർമാതാവ് ലളിത് കുമാറിന് വലിയ നഷ്ടം വരുത്തിയിട്ടുണ്ട്. ഇതാണ് പ്രതിഫലം വെട്ടിക്കുറയ്ക്കാമെന്ന അജയുടെ തീരുമാനത്തിന് കാരണം. മാർച്ചിൽ റഷ്യയിൽ ചിത്രീകരണം പുരോഗമിക്കുകയായിരുന്ന കോബ്രയുടെ ഷൂട്ട് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ് നിർത്തി വെക്കേണ്ടി വന്നത്. അദ്ദേഹത്തിന്റെ തീരുമാനത്തെ പ്രശംസിച്ച് തമിഴ് നിർമാതാക്കൾ രംഗത്തെത്തി.
കോബ്രയിൽ ഏഴു വ്യത്യസ്ത ഗെറ്റപ്പുകളിലെ വിക്രമിന്റെ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. യുവാവായും വൃദ്ധനായും തികച്ചും വ്യത്യസ്ത വേഷങ്ങളിൽ ചിത്രത്തിൽ വിക്രം പ്രത്യക്ഷപ്പെടുന്നുണ്ട്. ശ്രീനിധി ഷെട്ടിയാണ് നായിക. എ.ആർ. റഹ്മാനാണ് സംഗീത സംവിധാനം. ചിത്രത്തിലെ 'തുമ്പി തുള്ളൽ' എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ഇതിനകം ഹിറ്റായി. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസും വയാകോം 18 മോഷൻ പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
 

Latest News