Sorry, you need to enable JavaScript to visit this website.

സാന്ദ്ര വീണ്ടുമെത്തുന്നു

സാന്ദ്ര നെല്ലിക്കാടനെ ഓർമയുണ്ടോ? കുടുംബ പ്രേക്ഷകർക്ക് ആ കഥാപാത്രത്തെ അത്രവേഗം മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. സ്വന്തം എന്ന പരമ്പരയിലെ വില്ലത്തിയായി ടെലിവിഷൻ പ്രേക്ഷകർക്കു മുന്നിലെത്തിയ സാന്ദ്ര തുടർന്നും ഒട്ടേറെ പരമ്പരകളിൽ വേഷമിട്ടിരുന്നു. മേഘത്തിലെ റിനി ചന്ദ്രശേഖരനും കോലങ്ങളിലെ ഗംഗയും കാതലിക്കാൻ നേരമില്ലൈ എന്ന പരമ്പരയിലെ ദിവ്യയുമെല്ലാം. മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സിനിമകളിലും പരമ്പരകളിലും വേഷമിട്ട ചന്ദ്രാ ലക്ഷ്മണൻ പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തുകയാണ്. ഗോസ്റ്റ് റൈറ്റർ എന്ന ചിത്രത്തിലൂടെ. 
ഹിന്ദുസ്ഥാൻ ലിവറിൽ ഉദ്യോഗസ്ഥനായിരുന്ന ലക്ഷ്മൺ കുമാറിന്റെയും എസ്.ബി.ഐ ഉദ്യോഗസ്ഥയായിരുന്ന മാലതിയുടെയും ഏക മകളാണ് ചന്ദ്ര. അച്ഛൻ തിരുവനന്തപുരം സ്വദേശിയും അമ്മ കോഴിക്കോട്ടുകാരിയും. അനന്തപുരിയിൽനിന്നും ചെന്നൈയിലേയ്ക്ക് ചേക്കേറിയ ആ കുടുംബം അവിടെ വേരുറപ്പിക്കുകയായിരുന്നു. 
അച്ഛന്റെ സ്ഥലം മാറ്റമായിരുന്നു കാരണം. സ്‌കൂൾ വിദ്യാഭ്യാസവും കോളേജ് പഠനവുമെല്ലാം ചെന്നൈയിലായിരുന്നു. എം.ജി.ആർ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റിൽനിന്നും ബിരുദപഠനം പൂർത്തിയാക്കിയ ചന്ദ്ര ഇതിനകം ഭരതനാട്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 
സംവിധായകൻ സന്തോഷുമായുള്ള കൂടിക്കാഴ്ചയാണ് ചന്ദ്രയെ സിനിമയിലെത്തിച്ചത്. ശ്രീകാന്തും തൃഷയും വേഷമിട്ട മനസെല്ലാം എന്ന റൊമാന്റിക് ചിത്രത്തിൽ നായകന്റെ സഹോദരിയായി.
മലയാളത്തിൽ ചന്ദ്രയുടെ തുടക്കം സ്റ്റോപ്പ് വയലൻസ് എന്ന ചിത്രമായിരുന്നു. എ.കെ. സാജൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പൃഥ്വിരാജായിരുന്നു നായകൻ. കൊച്ചി കേന്ദ്രമായുള്ള ഗുണ്ടാ സംഘങ്ങളുടെ കഥ പറഞ്ഞ ചിത്രത്തിൽ പൃഥ്വി അവതരിപ്പിച്ച സാത്താൻ എന്ന കഥാപാത്രത്തിന്റെ നായികയായ ആഞ്ജലീനയെയാണ് അവതരിപ്പിച്ചത്.


ആദ്യചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ ചന്ദ്രയ്ക്ക് ഒട്ടേറെ അവസരങ്ങളാണ് വന്നുചേർന്നത്. ചക്രത്തിലെ മാധുരിയായും കല്യാണക്കുറിമാനത്തിലെ കസ്തൂരിയായും ബൽറാം വി.എസ് താരാദാസ് എന്ന ചിത്രത്തിലെ ഷാനിമോളായും പായുംപുലിയിലെ മൂസയുടെ മകളായും കാക്കിയിലെ മീനാക്ഷിയായുമെല്ലാം വൈവിധ്യമാർന്ന വേഷങ്ങളാണ് ചന്ദ്രയെ കാത്തിരുന്നത്. ദിലീപ് നായകനായ പച്ചക്കുതിരയിലും മണിക്കുട്ടൻ നായകനായ ബോയ്ഫ്രണ്ടിലുമെല്ലാം അതിഥിതാരമായി. വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ടിൽ മാമുക്കോയയുടെ മകളായി ഒരു പാട്ടുസീനിലാണ് അഭിനയിച്ചത്. ആ ചിത്രത്തിൽ പാട്ടു പാടിക്കൊണ്ട് യേശുദാസും അഭിനയിച്ചിരുന്നു.
മലയാളത്തിനു പുറമെ തമിഴിലും വേഷമിട്ടു. ആധിക്കത്തിലെ പ്രിയയും തില്ലാലങ്കിടിയിലെ ശ്രേയാ ദാസും ഏപ്രിൽ മാതത്തിലെ അതിഥിവേഷവുമെല്ലാം അക്കൂട്ടത്തിലുണ്ട്.
അഭിനയരംഗത്തേയ്ക്കുള്ള കടന്നുവരവ് ആകസ്മികമായിരുന്നുവെന്ന് ചന്ദ്ര പറയുന്നു. പഠന കാലത്തുതന്നെ നൃത്തവും അഭിനയവും കൂടെയുണ്ടായിരുന്നു. ഹോട്ടൽ മാനേജ്‌മെന്റ് പഠനത്തിന്റെ ഭാഗമായി ചെന്നൈയിലെ ക്രൗൺ പ്ലാസയിൽ ജോലി നോക്കിയിരുന്ന കാലത്താണ് ഒരു ദിവസം സാജനെ കാണാനിടയായത്. ആ കൂടിക്കാഴ്ചയാണ് സ്റ്റോപ്പ് വയലൻസിലെ ആഞ്ജലീനയിലേയ്ക്ക് വഴിയൊരുക്കിയത്.
കാക്കിയിൽ വേഷമിട്ടതിനുശേഷമാണ് സീരിയലുകളിലേയ്ക്ക് വഴിമാറിയത്. സ്ത്രീപ്രേക്ഷകരുടെ ഇഷ്ടക്കാരിയാക്കിയത് പരമ്പരകളായിരുന്നു. നായികയായും സഹോദരിയായും വില്ലത്തിയായുമെല്ലാം ഒട്ടേറെ വേഷങ്ങൾ. സിനിമയിൽ അഭിനയിക്കാൻ കഴിയാത്ത പല വേഷങ്ങളും സീരിയലുകളിൽ ലഭിച്ചു. സ്ത്രീ, വീണ്ടും ജ്വാലയായി, കടമറ്റത്തു കത്തനാർ, മേഘം, ദേവി, ഉണ്ണിയാർച്ച, സ്വന്തം സൂര്യപുത്രി, തൃക്കാർത്തിക, ശ്രീമഹാഭാഗവതം തുടങ്ങിയവ മികച്ച പ്രതികരണം നേടിയ പരമ്പരകളായിരുന്നു. മഴയറിയാതെ എന്ന പരമ്പരയിലായിരുന്നു ഒടുവിൽ വേഷമിട്ടത്. മലയാള പരമ്പരകളിൽനിന്നും തമിഴിലേയ്ക്കും കടന്നുചെന്നു. പാശമലർ, കാതലിക്ക നേരമില്ലൈ, വസന്തം, സ്വന്തബന്ധം എന്നിവയിലൂടെ തമിഴകത്തും ശ്രദ്ധ നേടി. കൂടാതെ ചില തെലുങ്കു പരമ്പരകളിലും മുഖം കാണിച്ചിരുന്നു.
ചെന്നൈയിൽ മ്യൂറൽ ഓറ എന്നൊരു ഓൺലൈൻ ബിസിനസ് സ്ഥാപനവും ചന്ദ്രയ്ക്കുണ്ട്. മ്യൂറൽ പെയിന്റിംഗുകളുടെ നല്ലൊരു കലക്ഷൻ അവിടെയുണ്ട്. കൂടാതെ ആർട്ട് വർക്കുകളും ഡിസൈനിംഗും നടത്തുന്നു. അഭിനയ രംഗത്ത് സജീവമായപ്പോൾ അമ്മയാണ് ബിസിനസ് കാര്യങ്ങൾ നോക്കിനടത്തിയത്. ഇടയ്ക്ക് കുറച്ചുകാലം അവരെ സഹായിക്കണമെന്നു തോന്നി. അഭിനയ രംഗത്ത് ഇടവേളയുണ്ടായതങ്ങിനെയാണ്. ഇതിനിടയിലും ഒട്ടേറെ അവസരങ്ങൾ വന്നിരുന്നു. ഇപ്പോഴാണ് തിരിച്ചുവരവിനുള്ള സമയമെന്നു തോന്നുന്നു.
എം.ആർ. അജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോസ്റ്റ് റൈറ്റർ. ഇന്ദ്രൻസാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിൽ രണ്ടു കുട്ടികളുടെ അമ്മയായ സുഷമയെയാണ് അവതരിപ്പിക്കുന്നത്. സാധാരണക്കാരനായ ഒരു എഴുത്തുകാരന്റെ ഭാര്യയാണ് സുഷമ. മറ്റുള്ളവർക്കുവേണ്ടി പ്രതിഫലം വാങ്ങിയെഴുതുകയാണ് അവൾ. തുച്ഛമായ പ്രതിഫലംകൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരു സ്ത്രീയുടെ ദൈന്യത ചിത്രത്തിൽ വെളിവാകും. ഇത്തരമൊരു വേഷം ഇതുവരെ അവതരിപ്പിച്ചിട്ടില്ല. ഏറെക്കാലത്തിനുശേഷം മനസ്സിനിണങ്ങിയ ഒരു ചിത്രത്തിൽ വേഷമിടാൻ കഴിഞ്ഞതിന്റെ സന്തോഷവുമുണ്ട്- ചന്ദ്ര പറയുന്നു.


തൊടുപുഴയിലായിരുന്നു ചിത്രീകരണം. മലയാളത്തിലെ ഒട്ടേറെ വിജയചിത്രങ്ങളുടെ ചിത്രീകരണം ഇവിടെയായിരുന്നു. പത്തു വർഷത്തോളം അഭിനയ രംഗത്തില്ലാതിരുന്നിട്ടും ഇപ്പോഴും ആളുകളുടെ സ്‌നേഹം കാണുമ്പോൾ സന്തോഷം തോന്നുന്നു. ഒരു അഭിനേത്രി എന്ന നിലയിൽ ഇപ്പോഴും ഏറെ ആദരവോടെയാണ് അവർ കാണുന്നത്.
അഭിനയ രംഗത്തുനിന്നും ഏറെക്കാലം മാറിയിട്ടില്ലെന്നാണ് ചന്ദ്രയുടെ നിലപാട്. നല്ല കഥാപാത്രങ്ങൾ ലഭിക്കുകയാണെങ്കിൽ സിനിമയിൽ വീണ്ടും സജീവമാകും. ഇതിനിടയിൽ ചില പരമ്പരകളിലേയ്ക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും ചെന്നൈയിൽനിന്നും നാട്ടിലെത്താനുള്ള അസൗകര്യമായിരുന്നു നിരസിക്കാൻ കാരണമായത്. ഒരു തമിഴ് ചിത്രത്തിലേയ്ക്കും ഇതിനകം കരാറായിട്ടുണ്ട്. അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ ടെലിവിഷൻ പരമ്പരകളിലും വേഷമിടാൻ ഒരുക്കമാണ്.
ഇതിനിടയിൽ അമേരിക്കയിൽ ഭർത്താവുമൊത്ത് സ്ഥിരതാമസമാക്കിയെന്നും ഭർത്താവിന് ചന്ദ്ര അഭിനയിക്കുന്നതിൽ താൽപര്യമില്ലെന്നുമുള്ള  വാർത്ത കേട്ടു. അതൊന്നും സത്യമല്ല. ഇപ്പോഴും അവിവാഹിതയായി കഴിയുകയാണ്. നല്ലൊരു ബന്ധം വന്നുചേർന്നാൽ വിവാഹം കഴിക്കണമെന്നുണ്ട്. വിവാഹം വേണ്ടെന്നു വെച്ചിട്ടില്ല. പ്രായം കടന്നുപോകുന്നതിന്റെ വേവലാതിയൊന്നുമില്ല. അനുയോജ്യനായ ഒരാളെ കണ്ടെത്തണം. അഭിനയവും കുടുംബ ജീവിതവും ഒന്നിച്ചുകൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നത്- ചന്ദ്ര പറഞ്ഞുനിർത്തുന്നു.

Latest News