Sorry, you need to enable JavaScript to visit this website.

ട്വന്റി20 ലോകകപ്പ്: തീരുമാനം നീളുന്നതിനെതിരെ ബി.സി.സി.ഐ

ന്യൂദല്‍ഹി - ട്വന്റി20 ലോകകപ്പ് നടത്തുമോ നീട്ടിവെക്കുമോയെന്നുള്ള തീരുമാനം ഐ.സി.സി വൈകിപ്പിക്കുന്നതോടെ ബി.സി.സി.ഐക്ക് അങ്കലാപ്പ്. ഐ.പി.എല്‍ നടത്താനായി ഐ.സി.സിയുടെ തീരുമാനം കാത്തിരിക്കുകയാണ് ബി.സി.സി.ഐ. ഒക്ടോബര്‍ 18 നാണ് ട്വന്റി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ തുടങ്ങേണ്ടത്. ടൂര്‍ണമെന്റ് നീട്ടിവെക്കുമെന്ന് ഏതാണ്ടുറപ്പാണ്. എന്നാല്‍ തീരുമാനം ഇതുവരെ ഔദ്യോഗികമായി ഐ.സി.സി പ്രഖ്യാപിച്ചിട്ടില്ല. ജൂലൈയില്‍ തീരുമാനമെടുക്കുമെന്നാണ് ഐ.സി.സി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഐ.സി.സി യോഗം എന്ന് ചേരുമെന്ന് വ്യക്തമല്ല.
എന്തുകൊണ്ടാണ് ഐ.സി.സി തീരുമാനം നീട്ടുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് ബി.സി.സി.ഐ ട്രഷറര്‍ അരുണ്‍ ധുമല്‍ പറഞ്ഞു. യു.എ.ഇ, ശ്രീലങ്ക, ന്യൂസിലാന്റ് ബോര്‍ഡുകള്‍ ഐ.പി.എല്‍ നടത്താന്‍ മുന്നോട്ടുവന്നിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ തന്നെ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാണ് ബി.സി.സി.ഐ ശ്രമിക്കുന്നത്. ഏഴു വര്‍ഷത്തിനിടെ രണ്ടു തവണ ഐ.പി.എല്‍ വിദേശത്ത് നടത്തിയിട്ടുണ്ട്. രണ്ടു തവണയും ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പ് കാരണമായിരുന്നു ഇത്. 2009 ല്‍ പൂര്‍ണമായും യു.എ.ഇ 2014 ല്‍ ഭാഗികമായും. ഐ.പി.എല്‍ പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വന്നാല്‍ ബി.സി.സി.ഐക്ക് 3700 കോടി രൂപയുടെ നഷ്ടമുണ്ടാവും.
ഇന്ത്യയില്‍ കളിക്കാരുടെ പരിശീലനമോ ആഭ്യന്തര സീസണോ ഇതുവരെ തുടങ്ങിയിട്ടില്ല. രഞ്ജി ട്രോഫി സെപ്റ്റംബറില്‍ തുടങ്ങാനാണ് ആലോചിക്കുന്നത്.  

 

Latest News