Sorry, you need to enable JavaScript to visit this website.

ബുഫോണ്‍ -റെക്കോര്‍ഡിന്റെ കാവലാള്‍

റോം - ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ ഏറ്റവുമധികം മത്സരം കളിച്ച റെക്കോര്‍ഡ് യുവന്റസ് ഗോളി ജിയാന്‍ലൂജി ബുഫോണിന് സ്വന്തം. പ്രാദേശിക വൈരികളായ ടൂറിനോക്കെതിരായ മത്സരം മുന്‍ ഇറ്റാലിയന്‍ നായകനായ ഗോള്‍കീപ്പറുടെ സീരീ അ-യിലെ 648 ാമത്തേതായിരുന്നു. വോയ്‌സിയേച് സെസസ്‌നിക്കു പകരം വല കാക്കാന്‍ അലിയാന്‍സ് സ്‌റ്റേഡിയത്തില്‍ ബുഫോണ്‍ ഇറങ്ങിയതോടെ എ.സി മിലാന്റെ ഐതിഹാസിക ഡിഫന്റര്‍ പൗളൊ മാല്‍ദീനിയുടെ റെക്കോര്‍ഡാണ് തകര്‍ന്നത്.  
25 വര്‍ഷം മുമ്പാണ് ബുഫോണ്‍ അരങ്ങേറിയത്. പാര്‍മക്കു വേണ്ടി. 19 വര്‍ഷം മുമ്പ് യുവന്റസില്‍ ചേര്‍ന്നു. നാല്‍പത്തിരണ്ടാം വയസ്സില്‍ ബുഫോണ്‍ കഴിഞ്ഞ ദിവസം ഒരു വര്‍ഷത്തേക്കു കൂടി യുവന്റസുമായുള്ള കരാര്‍ നീട്ടി. സഹ വെറ്ററന്‍ ജോര്‍ജിയൊ കിയലീനിയും കരാര്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
ഒരു സീസണ്‍ മുമ്പ് യുവന്റസ് വിട്ട് ബുഫോണ്‍ ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ നിരാശാജനകമായിരുന്നു പ്രകടനം. വിരമിക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് യുവന്റസില്‍ തിരിച്ചെത്തിയത്. ഡിസംബറില്‍ സാംദോറിയക്കെതിരെ ഇറങ്ങിയപ്പോള്‍ യുവന്റസിനു വേണ്ടി ഏറ്റവുമധികം മത്സരം കളിച്ച താരമായി. ഇറ്റാലിയന്‍ ദേശീയ ടീമിലും ബുഫോണിന്റേത് റെക്കോര്‍ഡാണ് -1997 നും 2018 നുമിടയില്‍ 176 മത്സരം. 2006 ല്‍ ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു.
യുവന്റസുമൊത്ത് പത്താമത്തെ ലീഗ് കിരീടത്തിലേക്കാണ് ബുഫോണ്‍ ചുവടു വെക്കുന്നത്. എന്നാല്‍ ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ ബുഫോണിന് സാധിച്ചിട്ടില്ല.
 

 

 

Latest News