Sorry, you need to enable JavaScript to visit this website.

കോട്ടയത്ത് പൂത്തുലഞ്ഞ് ആമ്പൽപൂ പാടം

കോട്ടയം- കോവിഡിന്റെ ഭീതിയ്ക്കു മേൽ പൂത്തുലഞ്ഞ് കോട്ടയം തിരുവാർപ്പ് മലരിക്കൽ കുഞ്ഞംകരിയിലെ ആമ്പൽപൂ പാടം. സന്ദർശകരില്ലാതെ ലോക്ഡൗണിന്റെ സ്വഛതയിൽ ഇവിടെ ഒരു നിശബ്ദ വസന്തകാലമാണ്. കാഞ്ഞിരം മലരിക്കൽ കുഞ്ഞംകരി പാടത്ത് അമ്പൽപൂക്കാലം. വർണഭംഗി നിറയുന്ന പ്രകൃതി വിരുന്ന് കാണാനും കാമറയിലാക്കാനുമായി നാട് ഒഴുകിയെത്തുമായിരുന്നു. പക്ഷേ ഇക്കുറി ഇവിടെ അനക്കമില്ല. 


രണ്ടു വർഷം മുമ്പാണ് പൂക്കാലം പുറംലോകത്തേക്ക് സൗരഭ്യം പരത്തുന്നത്. ചിത്രങ്ങളും വീഡിയോകളുമായി ഓൺലൈനുകളിൽ നിറഞ്ഞതോടെ വിസ്മയക്കാഴ്ച തേടി ജനപ്രവാഹമായി. വില്ലേജ് ടൂറിസം പദ്ധതി വന്നതോടെ മലരിക്കലിലെ മനോഹാരിതയക്ക് മാർക്കറ്റേറി. ഈ നാട്ടുകാരുടെ വാട്‌സാപ്പ് സ്റ്റാറ്റസും പ്രൊഫൈലുകളിലും ആമ്പലുകൾ വിടർന്നു. കഴിഞ്ഞ രണ്ടു വർഷവും ഇവിടെ ലോക്കൽ ടൂറിസം കേന്ദ്രമായി മാറി. കൊതുമ്പു വള്ളങ്ങളിൽ ചെറിയ സവാരിക്കും സൗകര്യം ഒരുക്കി. ചലച്ചിത്രതാരങ്ങളും പ്രമുഖരും എല്ലാം മലരിക്കൽ എത്തി മനം നിറഞ്ഞു മടങ്ങി.


ആമ്പൽക്കാഴ്ച രാവിലെയാണ്. സൂര്യൻ ഉദിച്ചുയരുന്നതോടെ അമ്പലുകൾ മെല്ലെ മിഴിതാഴ്ത്തും. കവി ഭാവനയെ എന്നും കാൽചിലമ്പണിയച്ച അമ്പൽ ഭംഗി. പതിനൊന്നുമണിയോടെ ആമ്പലുകൾ കണ്ണടയ്ക്കും. അതിനാൽ അതിരാവിലെയായിരുന്നു ഇവിടെ തിരക്ക്. ഇക്കുറി വിജനം. കോട്ടയം നഗരപ്രാന്തത്തിലാണ് അമ്പൽപാടം. കുമരകം റൂട്ടിൽ ഇല്ലിക്കൽ കവലയിൽ നിന്നും തിരുവാർപ്പ് റോഡിലൂടെ ഈ കൊച്ചു ഗ്രാമത്തിലെത്താം. കോട്ടയത്തെ തന്നെ ഏറ്റവും മികച്ച വില്ലേജ് ടൂറിസം പദ്ധതികളിലൊന്നാണ്.


ഇളം കാറ്റും ഹരിതാഭമായ നെൽപാടങ്ങളും മലരിക്കലിനെ മികച്ചൊരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയിരുന്നു. നാലു മണിക്കാറ്റ് പോലെ വികസനത്തിന്റെ പാതയിലാണ് മലരിക്കൽ ഇപ്പോൾ. രണ്ടു മാസത്തോളമുണ്ടാകും വർണ വിസ്മയം. അനിശ്ചിതത്വത്തിന്റെ കാർമേഘമൊഴിയുന്നത് കാത്തിരിക്കുകയാണ് ഈ ഗ്രാമം, കാണാക്കാഴ്ചയൊരുക്കി.

 

Latest News