Sorry, you need to enable JavaScript to visit this website.

കേരളത്തിൽ ഇന്ന് 131 പേർക്ക് കോവിഡ്; 75 പേർക്ക് രോഗമുക്തി

ചികിത്സയിലുള്ളത് 2112 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 2304

ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകൾ; 10 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം- കേരളത്തിൽ ഇന്ന് 131 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 32 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 26 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 17 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 12 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 10 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 9 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 8 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 5 പേർക്കും (ഒരാൾ മരണമടഞ്ഞു), തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, കോട്ടയം ജില്ലയിൽ നിന്നുള്ള 3 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 65 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 46 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. കുവൈറ്റ് 25, യു.എ.ഇ. 12, സൗദി അറേബ്യ 11, ഒമാൻ 6, ഖത്തർ 6, ബഹറിൻ 1, മാൾഡോവ 1, ആഫ്രിക്ക 1, എത്യോപ്യ 1, ഖസാക്കിസ്ഥാൻ 1 എന്നിങ്ങനേയാണ് മറ്റ് രാജ്യങ്ങളിൽ നിന്നും വന്നവർ. തമിഴ്‌നാട് 13, മഹാരാഷ്ട്ര 10, ഡൽഹി 5, ഉത്തർപ്രദേശ് 5, കർണാടക 4, ബീഹാർ 2, രാജസ്ഥാൻ 2, ഹരിയാന 1, ഉത്തരാഖണ്ഡ് 1, ഹിമാചൽ പ്രദേശ് 1, പഞ്ചാബ് 1, അരുണാചൽ പ്രദേശ് 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. 10 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 4 പേർക്കും, പാലക്കാട്, കാസർഗോഡ് ജില്ലകളിലെ 2 പേർക്ക് വീതവും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ഒരാൾക്ക് വീതമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ കണ്ണൂരിലുള്ള 9 സി.ഐ.എസ്.എഫുകാർക്കും രോഗം ബാധിച്ചു.

27.06.20ന് തിരുവനന്തപുരം ജില്ലയിൽ മരണമടഞ്ഞ തങ്കപ്പൻ (76) വ്യക്തിയുടെ പരിശോധനാഫലവും ഇതിൽ ഉൾപെടുന്നു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 75 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയിൽ നിന്നുള്ള 23 പേരുടെയും( തൃശൂർ1), തൃശൂർ ജില്ലയിൽ നിന്നുള്ള 12 പേരുടെയും, എറണാകുളം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 7 പേരുടെ വീതവും, തിരുവനന്തപുരം (കൊല്ലം1), കോട്ടയം ജില്ലകളിൽ നിന്നുള്ള 6 പേരുടെ വീതവും, വയനാട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 4 പേരുടെ വീതവും, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 2 പേരുടെ വീതവും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 2112 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2304 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,84,657 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,81,876 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2781 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 330 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 6076 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,31,570 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 3872 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 47,994 സാമ്പിളുകൾ ശേഖരിച്ചതിൽ 46,346 സാമ്പിളുകൾ നെഗറ്റീവ് ആയി.

ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂർ ജില്ലയിലെ പിണറായി (കണ്ടൈൻമെന്റ് സോൺ വാർഡ് 5), കൊട്ടിയൂർ (11), കരിവെള്ളൂർപെരളം (4, 9), ചെറുകുന്ന് (1), പെരിങ്ങോംവയക്കര (7), കാടച്ചിറ (3), ഉളിക്കൽ (19), ചെങ്ങളായി (14), കതിരൂർ (18), ചെമ്പിലോട് (13, 15), കോളയാട് (5, 6), പാട്യം (9), ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് (16), കായംകുളം മുൻസിപ്പാലിറ്റി (4, 9), ചെങ്ങന്നൂർ മുൻസിപ്പാലിറ്റി (14, 15), പാലമേൽ (14), വയനാട് ജില്ലയിലെ തിരുനെല്ലി (4,5,9,10,12), എറണാകുളം ജില്ലയിലെ കാഞ്ഞൂർ (12), പാലക്കാട് ജില്ലയിലെ തിരുമുറ്റകോട് (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

അതേസമയം 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ കാങ്കോൽആലപ്പടമ്പ (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 6), മാങ്ങാട്ടിടം (സബ് വാർഡ് 4), മുഴക്കുന്ന് (എല്ലാ വാർഡുകളും), പാനൂർ (സബ് വാർഡ് 31), പേരാവൂർ (വാർഡ് 11), തില്ലങ്കേരി (എല്ലാ വാർഡുകളും), ഉദയഗിരി (സബ് വാർഡ് 2), കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക (വാർഡ് 8), ബദിയടക്ക (വാർഡ് 18), കിനാനൂർകരിന്തളം (6) എന്നിവയേയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 127 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

 

Latest News