Sorry, you need to enable JavaScript to visit this website.

എലീറ്റ് പാനലില്‍ ബേബിയായി നിതിന്‍, ഇന്ത്യക്കാരന്‍ മൂന്നാം തവണ

ദുബായ് -ഐ.സി.സിയുടെ എലീറ്റ് പാനല്‍ അമ്പയര്‍മാരുടെ ലിസ്റ്റില്‍ ഇന്ത്യക്കാരന്‍ നിതിന്‍ മേനോനെ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ടിന്റെ നൈജല്‍ ലോംഗിനു പകരമാണ് മുപ്പത്താറുകാരന് സ്ഥാനം ലഭിച്ചത്. ടെസ്റ്റ് മത്സരങ്ങള്‍ നിയന്ത്രിക്കുന്ന മികച്ച അമ്പയര്‍മാരുടെ പട്ടികയാണ് എലീറ്റ് പാനല്‍. എലീറ്റ് പാനലിന്റെ ചരിത്രത്തിലെ പ്രായം കുറഞ്ഞ അമ്പയര്‍മാരിലൊരാളാവും നിതിന്‍ മേനോന്‍. രണ്ടാം നിര അമ്പയര്‍മാരുടെ ഇന്റര്‍നാഷനല്‍ പാനലിലായിരുന്നു ഇതുവരെ നിതിന്‍.
ഐ.സി.സിയുടെ ക്രിക്കറ്റ് ജനറല്‍ മാനേജര്‍ ജെഫ് അലാഡിസ്, മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ച്‌രേക്കര്‍, മാച്ച് റഫറിമാരും മുന്‍ കളിക്കാരുമായ രഞ്ജന്‍ മഡുഗല്ലെ, ഡേവിഡ് ബൂണ്‍ എന്നിവരടങ്ങുന്ന പാനലാണ് നിതിന്റെ പേര് നിര്‍ദേശിച്ചത്. നിരവധി മാനദണ്ഡങ്ങളനുസരിച്ചാണ് അമ്പയര്‍മാരുടെ പ്രകടനം ഐ.സി.സി വിലയിരുത്തുന്നത്. പെരുമാറ്റം, എത്ര റിവ്യൂ അനുകൂലമായി വരുന്നു തുടങ്ങിയവക്കൊക്കെ പോയന്റുണ്ട്. 2017 സെപ്റ്റംബറിനു ശേഷം ഏറ്റവും കൂടുതല്‍ തവണ റിവ്യൂയില്‍ തീരുമാനം തിരുത്തേണ്ടി വന്ന അമ്പയര്‍ ലോംഗായിരുന്നു.
എസ്. വെങ്കട്ടരാഘവനാണ് ഇന്ത്യയില്‍ നിന്ന് ആദ്യം എലീറ്റ് പാനലിലെത്തിയ അമ്പയര്‍. എലീറ്റ് പാനല്‍ ഏര്‍പ്പെടുത്തിയതു മുതല്‍ വിരമിക്കും വരെ പാനലിലുണ്ടായിരുന്നു. ദീര്‍ഘകാലത്തിനു ശേഷം എസ്. രവിയും പാനലിലെത്തിയെങ്കിലും അധികം തുടരാനായില്ല. കഴിഞ്ഞ വര്‍ഷം ഒഴിവാക്കി. എലീറ്റ് പാനലിലെത്തിയത് വലിയ അംഗീകാരമാണെന്നും മികച്ച അമ്പയര്‍മാര്‍ക്കൊപ്പം കളി നിയന്ത്രിക്കുക തന്റെ സ്വപ്‌നമാണെന്നും നിതിന്‍ പറഞ്ഞു.
 

Latest News