കോവിഡ് കാലത്ത് ദിവസവും പത്രസമ്മേളനങ്ങളുമായി ജനങ്ങൾക്ക് മുന്നിലെത്തുന്ന മുഖ്യമന്ത്രിയെ കാൻവാസിൽ തീർത്ത് ചിത്രകാരി ജീന നിയാസ്. മഹാമാരിയുടെ കാലത്ത് കേരളം പിടിച്ചുനിൽക്കാൻ പിണറായി വിജയന്റെ നേതൃത്വം സഹായകമാകുന്നതിന്റെ സ്നേഹസമ്മാനം കൂടിയാണ് ജീന വർണങ്ങളിൽ ചാലിച്ചിരിക്കുന്നത്. ഏറെക്കാലം റിയാദിൽ പ്രവാസിയായിരുന്ന ജീന കഴിഞ്ഞ രണ്ട് വർഷമായി തൃശൂരിലെ മണ്ണൂത്തിയിലാണ് താമസിക്കുന്നത്. ചിത്രകലയിൽ കാര്യമായ ഗുരുക്കൻമാരില്ലാത്ത ജീന ചിത്രകലയിലെ പടവുകൾ സ്വന്തമാക്കിയത് കഠിനാധ്വാനത്തിലൂടെയാണ്. നേരത്തേ ബഹ്‌റൈനിൽ നടന്ന ഒരു ചടങ്ങിൽ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന് അദ്ദേഹത്തിന്റെ ചിത്രം സമ്മാനിച്ചിരുന്നു. ഇതിന് പുറമെ, ആർട്ടിസ്റ്റ് നമ്പൂതിരി, സത്യൻ അന്തിക്കാട്, എം.ടി. വാസുദേവൻ നായർ, ശ്രീകുമരാൻ തമ്പി എന്നിവരുടെ ചിത്രങ്ങളും അവർക്ക് നേരിട്ട് സമ്മാനിച്ചു. കൊച്ചിയടക്കമുള്ള സ്ഥലങ്ങളിൽ ചിത്രപ്രദർശനവും നടത്തി.
ലോക്ഡൗൺ തുടങ്ങിയ സമയത്ത് മകൾ ആയിശയുമായി ചേർന്ന് കൊതുമ്പ്, മരം എന്നിവ ഉപയോഗിച്ച് ക്രാഫ്റ്റ്, ആർട്ട് വർക്കുകൾ ചെയ്തിരുന്നു. കോവിഡിനെ പറ്റിയുള്ള ആശങ്ക വർധിച്ചതോടെയാണ് ഇതുമായി ബന്ധപ്പെട്ട് ആർട്ട് വർക്കുകൾ ചെയ്തത്. എന്നാൽ ലോക്ഡൗൺ തുടങ്ങിയതോടെ പെയിന്റിംഗ് സാമഗ്രികൾ ലഭ്യമായില്ല. തുടർന്ന് ന്യൂസ് പേപ്പർ ഉപയോഗിച്ച് ചെയ്യാമെന്ന തീരുമാനത്തിലെത്തി. സ്വന്തമായി കാൻവാസ് ബോർഡുകളുണ്ടാക്കിയാണ് ചിത്രം തീർത്തത്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, ലിംക ബുക്ക് ഓഫ് റെക്കോർഡ് എന്നിവയിലേക്ക് ഈ വർക്കുകൾ അയച്ചിട്ടുണ്ടെന്ന്് ജീന നിയാസ് പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ടു വന്ന മുഴുവൻ ചിത്രങ്ങളും ഉൾക്കൊള്ളിച്ച് 36 മീറ്റർ നീളമുളള കൊളാഷ് ഒരുക്കിയിട്ടുണ്ട്. ആറടി പൊക്കവും നാലടി വീതിയുമുള്ള ബോർഡിൽ സത്യൻ അന്തിക്കാടിന്റെ ചിത്രവും ഒരുക്കിയിട്ടുണ്ട്.






