ആയിരക്കണക്കിന് വാക്കുകളേക്കാൾ ശക്തമാണ് ഒരു ചിത്രമെന്ന് പറയാറുണ്ട്. ജീവിതാവസ്ഥകളോട് പ്രതികരിക്കാവുന്ന രണ്ട് രീതികൾ മനസ്സിൽ പതിയാനായി ചില പഠന പരിശീലന ക്ലാസുകളിൽ ഞാൻ പ്രയോജനപ്പെടുത്താറുള്ള രണ്ട് ചിത്രങ്ങളെ കുറിച്ച് പറയട്ടെ. അതിലൊന്ന് ഒരു ചുമരിന് സമീപത്ത് ക്രമരഹിതമായി കൂട്ടിയിട്ടിരിക്കുന്ന കുറെ കോണികളുടെ ചിത്രമാണ്. അതിലൊരു കോണി പോലും നിവർത്തി വെക്കാതെ കോണിക്കൂട്ടങ്ങൾക്ക് മേലെ കയറി ചുമരിനപ്പുറത്തേക്ക് പാടുപെട്ട് നോക്കാൻ ശ്രമിച്ച് പരാജയപ്പെടുന്ന ഒരു മടിയന്റെ ചിത്രമാണ്.
മറ്റൊന്ന്, വഴിയിൽ കാണുന്ന വിവിധ നീളത്തിലുള്ള മരക്കമ്പുകളിലെ നീളമുള്ള രണ്ട് കമ്പുകൾക്ക് കുറുകെ ചെറുകമ്പുകൾ കൂട്ടിക്കെട്ടി കോണി പണിയുന്ന സമർത്ഥനായ ഒരാളിന്റെയാണ്.
കോണി കഥാപാത്രമായി വരുന്ന മൂന്നാമതൊരു ചിത്രം കൂടി ഈ കൊറോണക്കാലത്ത് മനസ്സിലെത്തുകയാണ്. അത് നിങ്ങളിലധികവും കണ്ടിരിക്കാവുന്ന മറ്റൊരു ചിത്രമാണ്. ആഴമുള്ള കുഴിയിൽ വീണ ചങ്ങാതിയെ രക്ഷിക്കാനെന്ന വ്യജേന കോണിയും കയറും സമീപത്തുണ്ടായിരുന്നിട്ടും അതൊന്നും ഉപയോഗിക്കാതെ തറയിൽ കിടന്ന് തന്റെ കൈ നീട്ടിക്കൊടുക്കുന്ന ഒരു വിരുതന്റെ ചിത്രമാണ്.
പുതിയ സാഹചര്യങ്ങളിൽ പ്രത്യേകിച്ച് കൂടുതൽ ഒരു വിശദീകരണവും ആവശ്യമില്ലാത്ത ചിത്രങ്ങളാണ് ഇവ മൂന്നും എന്ന് പറയേണ്ടതില്ലല്ലോ?. ക്ഷേമ ജീവിതം നയിച്ച് ജീവിതാനന്ദം കണ്ടെത്താനുതകുന്ന വൈവിധ്യമാർന്ന നിരവധി അവസരങ്ങൾ നമുക്ക് ചുറ്റിലും ധാരാളമായുണ്ട്. അവ തിരിച്ചറിയാതെ, പ്രയോജനപ്പെടുത്താൻ മിനക്കെടാതെ, തികച്ചും അലസമായി പെടാപ്പാട് പെട്ട് ക്ലേശം സഹിച്ച് ഒടുവിൽ നിരാശയിൽ അകപ്പെടുന്ന ഒരാളാവരുത് നാം.
വ്യക്തി ജീവിതമോ കുടുംബ ജീവിതമോ ആവട്ടെ; പഠന, തൊഴിൽ സാമ്പത്തിക രംഗമോ ആവട്ടെ, ഈ മേഖലകളിലൊക്കെ നിരന്തരം കടന്നെത്തുന്ന സമൃദ്ധിക്കും സന്തുഷ്ടിക്കും വേണ്ടി വിഹിതമായി ഉപയോഗപ്പെടുത്താവുന്ന ഒട്ടനവധി അവസരങ്ങളെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തി ജീവിത ധന്യത നുകരാനാണ് നാം ശ്രമിക്കേണ്ടത്.
അന്യരുടെ വളർച്ചയിലും ആനന്ദത്തിലും അസൂയപ്പെടാതെ ചിന്തയും വാക്കും പ്രവൃത്തിയും പരമാവധി പ്രസാദാത്മകമാക്കി പ്രാർത്ഥനാപൂർവം മുന്നേറുക. ചിലരുണ്ട്. പ്രായം എത്ര ചെന്നാലും പാകതയെത്താത്തവർ. മറ്റുള്ളവരെ സഹായിക്കാനെന്ന വ്യാജേന പെടാപ്പാടു പെടുന്നതായി തോന്നിപ്പിക്കുന്നവർ. നിർദയം, നിരുത്തരവാദപൂർവം വാക്കുകൾ ഉപയോഗിക്കുന്നവർ. വിമർശനം അഴിച്ചു വിടുന്നവർ. അവരിൽ ഭൂരിപക്ഷവും ഒന്നാന്തരം കപട മാനസരായിരിക്കും. വേദഗ്രന്ഥം അത്തരക്കാരെ വർണിച്ച ശൈലിയും ലക്ഷണവും ഏറെ പഠനാർഹം തന്നെയാണ്.
പവിത്രമായ ജീവിതാനന്ദം സ്വയം അനുഭവിക്കാൻ ഭാഗ്യമില്ലാത്തവരാണവർ. അവരുടെ ചിന്തയും വാക്കും പ്രവൃത്തിയും എപ്പോഴും ക്ഷിപ്ര വികാര പ്രകടനങ്ങളിലായിരിക്കും. സാമൂഹ നന്മക്ക് പ്രവർത്തിക്കുന്നവർ എന്ന് വീമ്പടിക്കുന്ന ഇവർ വസ്തുതകളന്വേഷിക്കാതെ വികാരപ്പുറമേറി, മേനി നടിക്കാനുള്ള വെമ്പലിൽ ഒരു പുനർവിചാരവുമില്ലാതെ, വ്യക്തി ജീവിതത്തിലാവട്ടെ സോഷ്യൽ മീഡിയയിലാവട്ടെ തികച്ചും നിരുത്തരവാദപരമായി വാക്കും വഴക്കും പ്രയോഗിക്കുന്നവരായിരിക്കും.
അവരുടെ സ്ഥായീഭാവം അസംതൃപ്തിയും നിരാശയുമായിരിക്കുമെന്നതിൽ സംശയമില്ല. അത്തരക്കാർ സ്വയം പടുത്തുയർത്തിയ പെരുമയുടെ ചീട്ടുകൊട്ടാരങ്ങൾ പൊടുന്നനെ തകർന്നടിഞ്ഞ് സ്വയം വഞ്ചിതരാവുന്നതിന്റെ രംഗങ്ങൾ ചുറ്റിലും ദിനേന കാണാവുന്നതാണ്.
ആപൽഘട്ടങ്ങളിൽ അന്യരെ സഹായിക്കാൻ മുന്നിട്ടിറങ്ങുന്നവർ അനുഗൃഹീതരാണ്. പരമാവധി സ്വരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കിയാവണം സേവന പ്രവർത്തനങ്ങൾ. അതോടൊപ്പം ലഭ്യമായ സൗകര്യങ്ങൾ വിവേകപൂർവം പ്രയോജനപ്പെടുത്തുന്നതിനാവണം പ്രത്യേകിച്ചും ഈ പ്രതിസന്ധികളുടെ നാളുകളിൽ പ്രാമുഖ്യം നൽകേണ്ടത്. സുരക്ഷാ ക്രമീകരണങ്ങളും നിർദേശങ്ങളും പാലിക്കാതെ ആത്മരക്ഷ ബലികഴിച്ചുള്ള ഇടപെടലുകൾ കൂടുതൽ സേവന പുണ്യങ്ങൾ കരസ്ഥമാക്കാനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തുമെന്ന് മാത്രമല്ല, വലിയ അപകടങ്ങളിലേക്കും ദുരിതത്തിലേക്കും നയിച്ചേക്കുമെന്നറിയുക.






