കോവിഡ് കാലത്ത് ഉറക്കം നഷ്ടപ്പെട്ടുവെന്ന് ആധി പങ്കുവെക്കുകയാണ് കുറെയേറെ പ്രവാസികൾ. മരണത്തിന്റെയും അസുഖങ്ങളുടെയും വാർത്തകൾ ഓരോരുത്തരുടെയും ഉറക്കം കെടുത്തുന്നു. ചിലർ ഉറക്ക ഗുളികളിലേക്ക് മാറുന്നു. മറ്റു ചിലരാകട്ടെ, നേരം പുലരുന്നത് വരെ ഉറങ്ങാതിരിക്കുന്നു. അസുഖം തന്നെയും പിടികൂടുമോ എന്ന ഭയമാണ് പലർക്കും. ഉറങ്ങാതിരുന്നാൽ ഉള്ള ആരോഗ്യം കൂടി നഷ്ടമാകും എന്നല്ലാതെ മറ്റൊരു കാര്യവുമില്ല.
ഉറക്കം ഒരനുഗ്രഹമാണ്. ഒരു മനുഷ്യനെ സംബന്ധിച്ച് അനിവാര്യവും ആഹ്ലാദകരവുമായ ഒരവസ്ഥയാണ് ഉറക്കം. ഒഴിവാക്കാനാവാത്ത വിശ്രമവും ഊർജശേഖരണ വേളയുമാണ് അത്. ഉറക്കത്തിന്റെ ശാരീരികമായ അനിവാര്യതയിൽ രണ്ടഭിപ്രായമില്ല. രക്തധമനികളുടെയും കോശങ്ങളുടെയും തലച്ചോറിന്റെയും ആർജവത്വത്തിന് ഉറക്കം ഒഴിവാക്കാനാവാത്ത ആവശ്യമാണ്. ബൗദ്ധിക തലങ്ങളിൽ സജീവതയും മാനസിക വ്യാപാരങ്ങളിൽ ആർജവവും നിലനിർത്താൻ ഉറക്കം ഒഴിവാക്കാനാവില്ല. മനുഷ്യരുടെ ശാരീരികവും മാനസികവുമായ ഉന്മേഷം ശാന്തവും ഗാഢവുമായ ഉറക്കത്തിലാണ്. ഉറക്കം ദൈവികമായ അനുഗ്രഹമാണെന്ന് പലരും വിശ്വസിക്കുന്നത് മറ്റൊന്നുകൊണ്ടുമല്ല.
ഉറക്കത്തിന്റെ മഹത്വം അറിയണമെങ്കിൽ അത് നഷ്ടപ്പെടുകയോ മുറിഞ്ഞ് പോവുകയോ ചെയ്യണം. മറ്റെന്തു സുഖസൗകര്യങ്ങളുണ്ടെങ്കിലും ഉറക്കം നഷ്ടപ്പെട്ടാൽ ദുരവസ്ഥയും അസ്വസ്ഥതയും തുടങ്ങുന്നു. സാധാരണ ജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങൾ ചിലപ്പോൾ ഒന്നോ രണ്ടോ ദിവസങ്ങളിലേക്കുള്ള സ്വസ്ഥത നശിപ്പിച്ചേക്കും. ആരുടെയെങ്കിലും മരണം ചിലർക്ക് രണ്ടുമൂന്നു നാൾ ഉറങ്ങാൻ പറ്റാതാക്കാറുണ്ട്. ഉറക്കമില്ലായ്മക്ക് ചികിത്സ ചിലർക്ക് അനിവാര്യമായി വരുന്നു. ഉറക്കം എന്നത് വൈയക്തികമായ പല ഘടകങ്ങളോടും ബന്ധപ്പെട്ടുനിൽക്കുന്നതാണ് സ്വസ്ഥപൂർണമായ ഉറക്കത്തിനുള്ള പരിഹാര മാർഗം.ഇന്ന് വെള്ളിയാഴ്ചയാണ്. സാധാരണ അവധിയുള്ളവരെല്ലാം ഗാഢമായി ഉറങ്ങുന്ന ദിവസം. എന്നാൽ മഹാമാരി പെയ്യുന്ന ഈ കാലത്ത് ഉറക്കം അധികപേർക്കും അന്യമാണ്.
കോവിഡിന് പുറമെ, കുടുംബ കാര്യങ്ങളോർത്ത് രാത്രിയുറക്കം കിട്ടാതെ പോകുന്ന ഗൾഫുകാരുമുണ്ട്. നാട്ടിൽ ഭാര്യയും മക്കളുമൊറ്റക്ക്, മക്കളുടെ പഠനത്തിൽ പ്രശ്‌നങ്ങൾ, അച്ഛനമ്മമാർക്ക് അസുഖം, പണിതീരാത്ത വീട്, പെങ്ങളുടെ കല്യാണം, അനിയന്റെ പഠനം. പല ഗൾഫുകാർക്കും ഉറക്കം നഷ്ടപ്പെടാനോ, ഉറക്കം മുറിഞ്ഞു പോകാനോ ഈ വിധം പ്രശ്‌നങ്ങളുടെ ഘോഷയാത്ര! ഉറക്കം മുറിയുന്നവരോ ഉറക്കം മതിയാകാതെ പോകുന്നവരോ ശ്രദ്ധിക്കേണ്ട ചില ഘടകങ്ങളുണ്ട്. പ്രധാനപ്പെട്ട കാര്യം ഉറക്കം ഒരു ശീലമാണെന്നുള്ളതാണ്; ശീലത്തെ മറ്റൊരു ശീലം കൊണ്ട് മാറ്റിയെടുക്കാനുമാവുമെന്നും. ദിനചര്യ, ഭക്ഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യമാണ് ഉറക്കം. ഭക്ഷണം ദിവസവും കൃത്യനേരങ്ങളിൽ കഴിക്കുന്നത് ഉറക്കത്തെ ക്രമീകരിക്കാൻ സഹായിക്കും. ദിനചര്യ ജോലിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ജോലിക്കനുസരിച്ച് ഉറക്കത്തെ ചിട്ടപ്പെടുത്തേണ്ടിവരും. രാത്രിജോലിക്കാരല്ലെങ്കിൽ രാവിലെ വെള്ളകീറും മുമ്പു വരെ ഉറങ്ങാതിരിക്കുന്നത് നന്നല്ല. വെറുതെ 'സൊറ' പറഞ്ഞിരുന്ന് ഉറക്കത്തെ കെടുത്തി, പിന്നീട് പലിശ സഹിതം ഉറങ്ങുന്നതും ആരോഗ്യകരമായ പ്രവണതയല്ല. രാവിലെയോ വൈകുന്നേരങ്ങളിലെയോ വ്യായാമം ഉറക്കത്തിനനുകൂലമായ മനസ്സിനെ പാകപ്പെടുത്തിയെടുക്കാൻ സഹായിക്കും.
സ്വസ്ഥവും ആഹ്ലാദകരവുമായ ഉറക്കം ഭൗതികമായ ചില കാര്യങ്ങളോടും ബന്ധപ്പെട്ട് കിടക്കുന്നു. കിടക്കാനുള്ള സ്ഥലം വൃത്തിയുള്ളതാവണം. വെടിപ്പുള്ള കിടക്കവിരി ഉറക്കത്തെ മാടിവിളിക്കുന്നു. സുഖകരമായ പഞ്ഞിക്കിടക്ക/കുഷ്യൻ കിടക്ക ഉറക്കത്തെ താരാട്ടിലാട്ടുന്നു.
ചൂടുകാലത്ത് പൊള്ളുന്ന ചൂട് അകത്തേറാത്ത, തണുപ്പു കാലത്ത് കുത്തിത്തറക്കുന്ന തണുപ്പിൽ സൂചിമുനകൾ വന്നുതറക്കാത്ത ഒരു മുറി ഉറക്കത്തെ അനുഗ്രഹിച്ച് നൽകുന്നു. വെളിച്ചത്തിന്റെ ക്രമീകരണവും അനുയോജ്യമായ ഉറക്കത്തിനാവശ്യമാണ്. രാവിലെ ക്ഷണിക്കാതെ വെളിച്ചം കേറിവരരുത്. രാത്രി ആശിക്കുമ്പോൾ വെളിച്ചം പുറത്തിറങ്ങാതെയും പോകരുത്. നിശ്ശബ്ദത പൊതുവെ ശാന്തവും തടസ്സം വരാത്തതുമായ ഉറക്കത്തിനനിവാര്യം. ഉറക്കം മുറിഞ്ഞ് പോകുന്നവർക്കോ ഉറക്കം കുറഞ്ഞവർക്കോ നിശ്ശബ്ദത ആവശ്യമായേക്കും. അന്തരീക്ഷ താപനിലയും ഉറക്കവുമായി ബന്ധപ്പെട്ട് കിടക്കുന്നു. അമിതമായ ചൂടും തണുപ്പും ഉറക്കത്തിന് തടസ്സമായേക്കും. അവയുടെ നിയന്ത്രണം ആഹ്ലാദകരമായ ഉറക്കത്തിന് വഴിയൊരുക്കുന്നു.
എല്ലാവർക്കും പ്രായത്തിനനുസരിച്ച് ഒരേപോലെ ഉറക്കം വേണമെന്നില്ല എന്നാണ് പൊതുവെ മനഃശാസ്ത്രജ്ഞർ കരുതുന്നത്. ഉറക്കമില്ലായ്മയുടെ ഇടവേളകൾ ഉറക്കത്തുടക്കത്തിൽ ചിലർക്കുണ്ടാവും. അത് കൊച്ചോളങ്ങളുണ്ടാക്കും. തിരയടങ്ങുമ്പോൾ ഉറക്കത്തിന്റെ തേരേറുന്നു. ഉറക്കമില്ലായ്മയുടെ ഇടവേളകൾ നീണ്ടുപോവുകയും ആവർത്തിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുമ്പോൾ ചികിത്സകരുടെ സഹായം ആവശ്യമായി വന്നേക്കും. ഓരോ ആളിന്റെയും ജൈവ ശാസ്ത്രപരമായി അകത്തുള്ള ഘടികാരം അവർക്ക് ആവശ്യമുള്ള ഉറക്കം ഉണ്ടാക്കിയെടുക്കും. അത് സാമൂഹിക സാഹചര്യങ്ങളോട്, ജോലിയോട് ചേർന്നുകിടക്കുന്നു. അത് തകരാറിലാവുമ്പോൾ മനസ്സും ശരീരവും കലമ്പൽ കൂട്ടുന്നു. അമിതമായ ഉറക്കമോ, ഉറക്കമില്ലായ്മയോ, ഭംഗം വരുന്ന ഉറക്കമോ മനസ്സിനും ശരീരത്തിനും പ്രശ്‌നമായിത്തീരുന്നുണ്ടെങ്കിൽ മനഃശാസ്ത്രജ്ഞരെയോ കൗൺസലറെയോ സമീപിക്കുന്നതാണ് നല്ലത്.
ശ്രദ്ധിക്കുക...
ഉറക്കം മാനസികാവസ്ഥയോട് ബന്ധപ്പെട്ടു കിടക്കുന്ന കാര്യമാണ്. മനസ്സിനെ അസ്വസ്ഥതപ്പെടുത്തുന്ന കാര്യങ്ങൾക്ക് താൽക്കാലിക പരിഹാരമെങ്കിലും കാണാൻ ശ്രമിക്കുക.
മുറിഞ്ഞുപോകുന്ന ഉറക്കം അസ്വാസ്ഥ്യപ്പെടുത്തുന്നുവെങ്കിൽ, കിടക്കയിൽ നിന്നെണീറ്റ് മറ്റൊരു മുറിയിൽ ചെന്നിരുന്ന് മറ്റെന്തെങ്കിലും പ്രവൃത്തി കുറച്ച് നേരത്തേക്ക് ചെയ്യുക. വായിക്കുകയോ പാട്ടു കേൾക്കുകയോ ആവാം. ഉറക്കം വരുമ്പോൾ കിടക്കുക. എന്നാലിത് ഒരു ശീലമാക്കരുതുതാനും.
ഉറക്ക പ്രശ്‌നമുള്ളവർ, ഉറങ്ങുന്നതിന് ഒന്നോ രണ്ടോ മണിക്കൂർ മുമ്പ് നേർത്ത ചൂടുവെള്ളത്തിൽ കുളിക്കുക. ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ പാൽ കുടിക്കുക.
കുടുംബത്തോടൊപ്പം കഴിയുന്ന ഗൾഫുകാർ ഒരു കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. രാത്രി ജീവനക്കാരനായ ഭർത്താവല്ലെങ്കിൽ കഴിവതും ഭാര്യയും ഭർത്താവും ഒന്നിച്ചുറങ്ങാൻ മുതിരുക. ഭാര്യയോട് ഉറങ്ങാൻ പറഞ്ഞ് ഭർത്താവ് ടി.വി കണ്ടിരിക്കുകയോ, ഭർത്താവിനോടുറങ്ങാൻ പറഞ്ഞ് വീടു പണിയെടുത്ത് പാതിരാത്രിയാക്കുകയോ ചെയ്യുന്നത് നന്നല്ല. ഭാര്യയും ഭർത്താവും ഒന്നിച്ചുറങ്ങാൻ പോകുന്നത് കുട്ടികൾക്കുള്ള സന്ദേശം കൂടിയാണ്.
ഗൾഫിൽ ഭർത്താവിനോടൊപ്പം കഴിയുന്ന പുറംജോലിയില്ലാത്ത ഭാര്യമാർ, കഴിവതും പകലുറക്കം ഒഴിവാക്കുക. പകൽനേരം ക്രിയാത്മകമായ കാര്യങ്ങളിലിടപെടുക.
ഉറക്കമില്ലായ്മയ്ക്ക് ഒരു കാരണവശാലും ടാബ്‌ലറ്റുകൾ ഡോക്ടർമാരുടെ മാർഗനിർദേശമില്ലാതെ കഴിക്കരുത്. ഉറക്കത്തിനു മുമ്പ് മദ്യം, മയക്കുമരുന്ന്, പുകവലി, മുറുക്ക് എന്നിവ ഒരിക്കലുമരുത്. ഉറക്ക പ്രശ്‌നം വല്ലാതെ അലട്ടുന്നുവെങ്കിൽ വിദഗ്ധരെ കാണുക.






