Sorry, you need to enable JavaScript to visit this website.

ആ മഞ്ഞക്കാര്‍ഡുകള്‍ അനുചിതം, ഒടുവില്‍ ഫിഫയും സമ്മതിച്ചു

സൂറിക് - അമേരിക്കയിലെ മിനസോട്ടയില്‍ കറുത്ത വര്‍ഗക്കാരനെ പോലീസ് ശ്വാസംമുട്ടിച്ച് കൊന്ന സംഭവത്തില്‍ കളിക്കളങ്ങളില്‍ പ്രതിഷേധിക്കാന്‍ ഫിഫ സമ്മതിക്കുന്നു. കുപ്പായമൂരി ഐക്യദാര്‍ഢ്യ സന്ദേശം പ്രദര്‍ശിപ്പിച്ച പല കളിക്കാര്‍ക്കും റഫറിമാര്‍ മഞ്ഞക്കാര്‍ഡ് നല്‍കിയത് പരക്കെ വിമര്‍ശിക്കപ്പെട്ട സാഹചര്യത്തിലാണ് ഫിഫ ഇടപെട്ടത്. കളിക്കളങ്ങളില്‍ രാഷ്ട്രീയ, മത സന്ദേശം പ്രദര്‍ശിപ്പിക്കരുതെന്നാണ് ഫിഫ നിയമം. പ്രതിഷേധിക്കുന്നവരോട് റഫറിമാര്‍ 'ബുദ്ധിപൂര്‍വം' പ്രതികരിക്കണമെന്ന് ഫിഫ നിര്‍ദേശിച്ചു. ഈ സംഭവത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് മഞ്ഞക്കാര്‍ഡ് നല്‍കേണ്ടെന്ന് ഇംഗ്ലണ്ടിലെയും ജര്‍മനിയിലെയും ലീഗുകള്‍ തീരുമാനിച്ചിട്ടുണ്ട്.
ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന കറുത്തവര്‍ഗക്കാരനെ പോലീസുകാരന്‍ ശ്വാസം മുട്ടിച്ചുകൊന്ന ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രതിഷേധക്കൊടുങ്കാറ്റാണ് ഇളക്കിവിട്ടിരിക്കുന്നത്. അതിന്റെ പ്രതിധ്വനി കളിക്കളങ്ങളിലും അലയടിച്ചിരുന്നു. മഞ്ഞക്കാര്‍ഡ് വകവെക്കാതെ നിരവധി കളിക്കാര്‍ ഫ്‌ളോയ്ഡിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കൊറോണക്കു ശേഷം പുനരാരംഭിച്ച യൂറോപ്പിലെ ഏക ലീഗായ ബുണ്ടസ്‌ലിഗയില്‍ ഈയാഴ്ച നാല് യുവ കളിക്കാര്‍ ഐക്യദാര്‍ഢ്യ സന്ദേശം പ്രദര്‍ശിപ്പിച്ചു. ചിലര്‍ക്ക് മഞ്ഞക്കാര്‍ഡ് കിട്ടി. പ്രതിഷേധത്തിന്റെ ആഴം മനസ്സിലാക്കുന്നുവെന്നും മഞ്ഞക്കാര്‍ഡ് കിട്ടിയവരുടെ ശിക്ഷ പുനഃപരിശോധിക്കുമെന്നും ബുണ്ടസ്‌ലിഗ അധികൃതര്‍ അറിയിച്ചു.

Latest News