Sorry, you need to enable JavaScript to visit this website.

ട്വന്റി20 ലോകകപ്പ്: ബദല്‍ പദ്ധതികള്‍ ഇങ്ങനെ

ദുബായ് - ട്വന്റി20 ലോകകപ്പ് നീട്ടിവെക്കാന്‍ ഇന്നലെ ചേര്‍ന്ന ഐ.സി.സി ബോര്‍ഡ് യോഗം തീരുമാനിക്കുമെന്ന ധാരണ അസ്ഥാനത്തായി. ലോകകപ്പ് നടത്താനുള്ള പദ്ധതികളുമായി മുന്നോട്ടുപോവുകയാണെന്ന് ഐ.സി.സി വിശദീകരിച്ചു. എന്നാല്‍ ബദല്‍ പദ്ധതികള്‍ ഗൗരവമായി ആലോചിക്കുകയാണെന്നാണ് യോഗത്തില്‍ പങ്കെടുത്തവര്‍ വെളിപ്പെടുത്തിയത്. ജൂണ്‍ 10 ന് വിഷയം വീണ്ടും ചര്‍ച്ച ചെയ്യും.
ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ഓസ്‌ട്രേലിയയില്‍ ലോകകപ്പ് നടക്കേണ്ടത്. 16 ടീമുകളും സപ്പോര്‍ട് സ്റ്റാഫുമൊക്കെയായി വന്‍ ജനാവലി ഓസ്‌ട്രേലിയയില്‍ എത്തുന്നത് ഈ ഘട്ടത്തില്‍ ചിന്തിക്കാനാവാത്ത കാര്യമാണ്. ഈ വര്‍ഷം ടൂര്‍ണമെന്റ് നടത്തുന്നത് താങ്ങാനാവാത്ത റിസ്‌കാണെന്ന് അംഗങ്ങള്‍ കരുതുന്നു. പല രാജ്യങ്ങളിലും പലതരത്തിലാണ് യാത്രാ നിയന്ത്രണങ്ങളും ക്വാരന്റൈന്‍ നിബന്ധനകളും. കാണികളില്ലാതെ ടൂര്‍ണമെന്റ് നടത്തിയാലുണ്ടാവുന്ന റവന്യൂ നഷ്ടം ഭീമമായിരിക്കും. കളികള്‍ നടത്താനുള്ള ബയോ സെക്യൂര്‍ മേഖല സൃഷ്ടിക്കാനുള്ള അധികച്ചെലവ് വേറെയും. തീരുമാനം നീളുന്നത് സംപ്രേഷണാവകാശം നേടിയെടുത്ത ടി.വി കമ്പനികള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പലരും പരാതിപ്പെട്ടു.
കളി നീട്ടിവെക്കാന്‍ നാല് സമയങ്ങളാണ് ഐ.സി.സി പരിഗണിക്കുന്നത്. ഒന്ന്, 2021 ഫെബ്രുവരി-മാര്‍ച്ച്. ഫെബ്രുവരി 6 മുതല്‍ മാര്‍ച്ച് 7 വരെ ന്യൂസിലാന്റില്‍ വനിതാ ഏകദിന ലോകകപ്പ് നിശ്ചയിച്ചിട്ടുണ്ട്. ഇതു 2022 ജനുവരി മധ്യത്തിലേക്ക് മാറ്റിവെക്കേണ്ടി വരും. ഒരേ വര്‍ഷം രണ്ട് ട്വന്റി20 ലോകകപ്പ് അരങ്ങേറുമെന്നതാണ് മറ്റൊരു പ്രശ്‌നം. ഒക്ടോബര്‍, നവംബറില്‍ ഇന്ത്യയില്‍ ട്വന്റി20 ലോകകപ്പുണ്ട്.
രണ്ട്, ഒരു വര്‍ഷത്തേക്ക് നീട്ടുകയും 2021 ഒക്ടോബര്‍, നവംബറില്‍ ഓസ്‌ട്രേലിയയില്‍ ലോകകപ്പ് നടത്തുകയും ചെയ്യുക. അപ്പോള്‍ ഇന്ത്യയിലെ ട്വന്റി20 ലോകകപ്പ് 2022 ലേക്ക് മാറ്റേണ്ടി വരും. അതിന് ബി.സി.സി.ഐ തയാറാവില്ല. കാരണം 2023 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പുണ്ട്.
മൂന്ന്, 2022 ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയയില്‍ നടത്തുക. അഞ്ചു മാസത്തിനിടയില്‍ രണ്ടു ലോകകപ്പെന്ന സാധ്യത ഇവിടെയുമുണ്ട്. മാത്രമല്ല അതിനു തൊട്ടുമുമ്പ് ഓസ്‌ട്രേലിയ അഞ്ചു ടെസ്റ്റുകളുള്ള ആഷസ് പരമ്പര കളിക്കുന്നുണ്ട്. അവരുടെ കളിക്കാരൊക്കെ തളര്‍ന്നിരിക്കും.
നാല്, 2022 ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടത്തുക. ഇതിനായി 2023 ലെ ഇന്ത്യയിലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബറിലേക്ക് മാറ്റിവെക്കേണ്ടി വരും. 2023 ല്‍ മറ്റ് ഐ.സി.സി ടൂര്‍ണമെന്റുകളൊന്നുമില്ല. പക്ഷെ ഇതിന് ബി.സി.സി.ഐയുടെ അനുവാദം വേണം.  

 

 

Latest News