Sorry, you need to enable JavaScript to visit this website.

ബത്ഹയിലെ ക്ലിനിക്കിന് മുന്നിൽ  ജനക്കൂട്ടം; ബലദിയ ഇടപെട്ടു

റിയാദ്- ബത്ഹയിൽ ഒരു സ്വകാര്യപോളിക്ലിനിക്കിന് മുൻവശം ചികിത്സ തേടിയെത്തിയ ആളുകൾ കൂട്ടം കൂടി നിൽക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ റിയാദ് നഗരസഭ ഇടപെട്ടു. പ്രത്യേക നിരീക്ഷകർ ഈ ക്ലിനിക്കിലെത്തിയെന്നും നിയമലംഘനങ്ങൾ പരിഹരിച്ചെന്നും നഗരസഭ വാർത്താകുറിപ്പിൽ അറിയിച്ചു. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ക്ലിനിക്ക് അടച്ചുപൂട്ടുമെന്നും പ്രത്യേക വകുപ്പുകൾക്ക് തുടർനടപടികൾക്കായി കൈമാറുമെന്നും ബന്ധപ്പെട്ടവരെ അറിയിച്ചതായി നഗരസഭ പറഞ്ഞു. ക്ലിനിക്കുകളിലേക്ക് വരുന്ന ആളുകൾ പുറത്ത് വരി നിൽക്കുമ്പോഴും സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. അതിനാവശ്യമായ സജ്ജീകരണങ്ങൾ നഗരസഭയുടെ മേൽനോട്ടത്തിൽ ഒരുക്കുകയും ചെയ്തിട്ടുണ്ട്.


ബത്ഹയിലും പരിസരങ്ങളിലും പകർച്ചപ്പനി വ്യാപകമായതോടെ നിരവധി പേരാണ് ക്ലിനിക്കുകളിലെത്തിക്കൊണ്ടിരിക്കുന്നത്. ക്ലിനിക്കുകൾക്കുള്ളിൽ സാമൂഹിക അകലം പാലിക്കൽ നിർബന്ധമാക്കിയതിനാൽ നിശ്ചിത എണ്ണം ആളുകളെ മാത്രമേ ക്ലിനിക്കിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. ഇത് കാരണമാണ് പുറത്ത് ജനക്കൂട്ടം രൂപപ്പെടുന്നത്. 
സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും ക്ലിനിക്കിന് മുന്നിൽ ജനം തടിച്ചുകൂടിയ വീഡിയോയായിരുന്നു പ്രചരിച്ചിരുന്നത്.

 

Tags

Latest News