Sorry, you need to enable JavaScript to visit this website.

രണ്ടാം ദിവസം ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് 154 യാത്രക്കാര്‍; നീളുന്ന കാത്തിരിപ്പ്

ജിദ്ദ- കോവിഡ് പ്രതിസന്ധിമൂലം പ്രതിസന്ധിയിലായ പ്രവാസികളെ ഒഴിപ്പിക്കുന്നതിനായുള്ള വന്ദേഭാരത് പദ്ധതി പ്രകാരം ജിദ്ദയില്‍നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക  വിമാനമായ എഐ-1960 ഏഴു കുട്ടികള്‍ ഉള്‍പ്പെടെ 154 യാത്രക്കാരുമായി കരിപ്പൂരിലേക്കു പറന്നു.

ജിദ്ദയില്‍നിന്നും കരിപ്പൂരിലേക്ക് തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സര്‍വീസ്. യാത്രക്കാരില്‍ 68 പേര്‍ ഗര്‍ഭിണികളാണ്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള 36 പേരും ജോലി നഷ്ടപ്പെട്ട 18 പേരും ഫൈനല്‍ എക്‌സിറ്റില്‍ പോകുന്ന 20 പേരും യാത്രക്കാരില്‍ ഉള്‍പ്പെടുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.

യാത്രക്കാര്‍ക്കുവേണ്ട സേവനങ്ങളുമായി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും സന്നദ്ധസേവന പ്രവര്‍ത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു. ജിദ്ദയില്‍നിന്നുള്ള യാത്രക്കാരെ ആയാസരഹിതമായി നാട്ടിലെത്തിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിത്തന്ന സൗദി അധികൃതര്‍ക്കും ബന്ധപ്പെട്ട ഇന്ത്യന്‍ അധികൃതര്‍ക്കും കോണ്‍സുലേറ്റ് നന്ദി അറിയിച്ചു. കഴിഞ്ഞ ദിവസത്തെ വിമാനത്തില്‍ 14 കുട്ടികള്‍ക്കു പുറമെ 146 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

https://www.malayalamnewsdaily.com/sites/default/files/2020/05/30/jedone.jpeg
ജിദ്ദയില്‍യില്‍നിന്ന് കേരളത്തിലേക്ക് ഇതുവരെ നടന്ന സര്‍വീസുകള്‍ കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമായിരുന്നു. തെക്കന്‍ ജില്ലകളിലേക്കും കണ്ണൂര്‍ ഭാഗത്തേക്കുമുള്ള നിരവധി യാത്രക്കാരാണ് കോണ്‍സുലേറ്റില്‍ രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നത്. ഈ മേഖലകളിലേക്ക് ഒരു സര്‍വീസ് എങ്കിലും നടത്തണമെന്ന് ഈ ഭാഗങ്ങളില്‍നിന്നുള്ളവരുടെ ആവശ്യം ശക്തമാണ്. അടുത്ത ഘട്ടത്തിലെങ്കിലും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് സര്‍വീസ്  അനുവദിക്കണമെന്ന് തെക്കന്‍ ജില്ല കേന്ദ്രീകരിച്ചുള്ള വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍നിന്നുള്ള ജനപ്രതിനിധികളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

 

Latest News