Sorry, you need to enable JavaScript to visit this website.

മതന്യൂനപക്ഷങ്ങളെ ചേർത്ത് നിർത്തിയ സോഷ്യലിസ്റ്റ് 

ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് പിളർന്ന് അഖിലേന്ത്യാ ലീഗുണ്ടായപ്പോൾ അഖിലേന്ത്യാ ലീഗുകാർ പറയാറുള്ള ഒരു കാര്യം ഓർമ വരുന്നു- സി.എച്ച്. മുഹമ്മദ് കോയയുടെ പ്രസംഗമില്ലെങ്കിലെന്താണ്, ഞങ്ങൾക്ക് വീരനില്ലേ എന്ന്.

സോഷ്യലിസ്റ്റുകൾ പ്രത്യേകിച്ച് കേരള സോഷ്യലിസ്റ്റുകൾ  എല്ലായ്‌പോഴും മത ന്യൂനപക്ഷങ്ങൾക്കും ദളിത്, പിന്നോക്ക വിഭാഗങ്ങൾക്കും ഒപ്പം നടന്നവരായിരുന്നു.  മറ്റാരും പരിഗണിക്കാത്ത കാലത്ത് കേരളത്തിലെ മത ന്യൂനപക്ഷ രാഷ്ട്രീയ പാർട്ടിയായ മുസ്‌ലിം ലീഗിനെ നെഞ്ചോട് ചേർത്ത് നിർത്തി വലിയൊരു സന്ദേശം നൽകിയ ഡോ. കെ.ബി. മേനോനിൽ നിന്നാകാം ഈ ആത്മബന്ധത്തിന്റെ തുടക്കം. ലീഗിന്റെ എക്കാലത്തെയും സമുന്നത നേതാവ് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളും ഡോ. കെ.ബി. മേനോനും തമ്മിലുണ്ടായിരുന്ന ബന്ധം നാടിന്റെ തിളക്കമുള്ള ഓർമകളിലൊന്നാണ്.  ഡോ. മേനോനും മുസ്‌ലിംകളുടെ മത ന്യൂനപക്ഷ രാഷ്ട്രീയ പാർട്ടിയുമായുണ്ടായിരുന്ന ബന്ധത്തിന്റെ ഉപശാഖകൾ തന്നെ യായിരുന്നിരിക്കാം എം.പി. വീരേന്ദ്ര കുമാറും അരങ്ങിൽ ശ്രീധരനുമെല്ലാം വർഷങ്ങളായി മുസ്‌ലിംകളുമായി വെച്ചു പുലർത്തിയ ആത്മബന്ധത്തിന്റെ ആഴത്തിനും പരപ്പിനും കാരണം. അരങ്ങിൽ ശ്രീധരന്റെ പിന്തുടർച്ചക്കാരനോ, ഒപ്പം നടന്നയാളോ ഒക്കെയായി വീരേന്ദ്ര കുമാറും മതന്യൂനപക്ഷങ്ങളെ തനിക്കും തന്റെ പാർട്ടിക്കും ഒപ്പം ചേർത്ത് നിർത്തി.     വീരേന്ദ്ര കുമാർ വേറിട്ട നിലപാടുകളിലൂടെ    വർഷങ്ങളായി കേരളത്തിലെ  മലയാളിക്കൊപ്പമുണ്ടായിരുന്നു- രാഷ്ട്രീയത്തിലും സാമൂഹ്യ ജീവിതത്തിലും എഴുത്തിലും പ്രസംഗത്തിലും എല്ലാമായി.  വീരേന്ദ്ര കുമാറിന് സോഷ്യലിസ്റ്റ് പാർട്ടിയിലല്ലാതെ നിൽക്കാൻ പറ്റുമായിരുന്നില്ല. കാരണം മൂന്ന് തലമുറകളെങ്കിലുമായി ആ പ്രത്യയശാസ്ത്രവും പ്രിയപ്പെട്ട ഡോ. റാം മനോഹർ ലോഹ്യയുമൊക്കെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പിതാവ് മാത്രമായിരുന്നില്ല സോഷ്യലിസ്റ്റ്. അതിനപ്പുറവും ആ ബന്ധം ആഴത്തിൽ വളർന്നു നിൽക്കുന്നുണ്ട്. തോട്ടം മുതലാളിയെങ്ങനെ സോഷ്യലിസ്റ്റായി എന്നതിന്റെ ഉത്തരമതാണ്. അതുകൊണ്ടാണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നിരുന്നുവെങ്കിൽ കേരളത്തിന്റെ മുഖ്യമന്ത്രിയൊക്കെ ആകുമായിരുന്നില്ലേ എന്നാലോചിക്കാത്തത്. അറുപത് പിന്നിട്ട കേരളീയ മനസ്സിൽ വീരേന്ദ്ര കുമാർ എന്ന പ്രഭാഷകൻ മായാതെ നിൽക്കുന്നുണ്ടാകും. അത്ര മനോഹരമായിരുന്നു ആ പ്രസംഗ ശൈലി- വാരി വിതറുന്ന അറിവ്.  മൈക്കിന് മുന്നിൽ നിന്ന് ആകാശത്തേക്ക് നോക്കി പ്രസംഗം തുടരുമ്പോൾ വാക്കുകൾ അദ്ദേഹത്തിന് മുന്നിൽ വന്ന്  നിന്ന് നൃത്തമാടുകയായിരുന്നു.  എത്രയെത്ര വേദികൾ.. എത്രയെത്ര പ്രസംഗങ്ങൾ.  ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് പിളർന്ന് അഖിലേന്ത്യാ ലീഗുണ്ടായപ്പോൾ അഖിലേന്ത്യാ ലീഗുകാർ പറയാറുള്ള ഒരു കാര്യം ഓർമ വരുന്നു- സി.എച്ച്. മുഹമ്മദ് കോയയുടെ പ്രസംഗമില്ലെങ്കിലെന്താണ്, ഞങ്ങൾക്ക് വീരനില്ലേ  എന്ന്. മത ന്യൂനപക്ഷ സംഘടനകളുമായി വെച്ചുപുലർത്തിയ ഹൃദയ ബന്ധത്തിന്റെ ചെറിയ ഉദാഹരണം മാത്രം പറയാം-  ബാബ്‌രി മസ്ജിദ് തകർച്ചയുടെ കാലത്ത് അദ്ദേഹം മതന്യൂനപക്ഷ വേദികളിൽ ഹൃദയ ഭാഷയിൽ സംവദിക്കാറുണ്ടായിരുന്നു.  പാണക്കാട്  സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾക്കും (അദ്ദേഹം ഇന്നില്ല)  പ്രൊഫ. കെ.എ.സിദ്ദീഖ് ഹസനും കാന്തപുരം അബൂബക്കർ മുസ്‌ല്യാർക്കുമെല്ലാം പരസ്പരം ഒരുപാട് കണക്കുകൾ പറഞ്ഞു തീർക്കാനുണ്ടാകും. പക്ഷേ എന്നെ പോലുള്ളവർക്ക് ഒരു കണക്കേ പറയാനുള്ളൂ... നിങ്ങൾ ഒന്നിച്ചു നിൽക്കണമെന്ന കണക്ക്. മലബാറിലെ എത്രയോ വേദികളിൽ ബാബ്‌രി മസ്ജിദ് തകർക്കപ്പെട്ട ദുഃഖ കാലത്ത് അദ്ദേഹം ഇങ്ങനയൊക്കെ മത ന്യൂനപക്ഷത്തിന്റെ ഹൃദയ പക്ഷം ചേർന്നിട്ടുണ്ട്. എന്നിട്ടുമദ്ദേഹത്തിനെതിരെ എങ്ങനെ 2014 ൽ പാലക്കാട്ട് മതന്യൂനപക്ഷങ്ങളടക്കം വോട്ട് ചെയ്തു എന്ന ചോദ്യത്തിനൊന്നും ഒരർഥവുമില്ല. രാഷ്ട്രീയം നന്ദികേടിന്റെ  മറുവാക്കുമാണ്.   അന്ന് പാലക്കാട്ട് മത്സരിക്കുന്നതിനെപ്പറ്റി പ്രിയ സ്‌നേഹിതനും മലയാള മനോരമ എഡിറ്ററുമായ മാമ്മൻ മാത്യു ഇങ്ങനെ ചോദിക്കുകയുണ്ടായി- യു.ഡി.എഫ് നേതാക്കളോട് പറഞ്ഞ് രാജ്യസഭാ സീറ്റിന് ശ്രമിക്കുന്നതല്ലേ നല്ലത്? ഈ വെയിലും കൊണ്ട് വോട്ടു ചോദിച്ചു നടക്കേണ്ട ആവശ്യം വല്ലതുമുണ്ടോ? 
അതിനദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു -മാമ്മൻ, അയം എ  പൊളിറ്റിക്കൽ അനിമൽ.
ജീവിതത്തിലുടനീളം വീരേന്ദ്ര കുമാർ അപ്പറഞ്ഞതായിരുന്നു.  ഓരോ ചലനത്തിലും തന്റേതായ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച പൊളിറ്റിക്കൽ അനിമൽ.
48 മണിക്കൂർ തികയും മുമ്പ് മന്ത്രിസ്ഥാനം രാജിവെച്ചു കൊണ്ട് നിയമസഭയിൽ നടത്തിയ പ്രഖ്യാപനത്തിലെ വെല്ലുവിളി ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു. ഒരു കാര്യം പറയാം- എന്നെ നിങ്ങൾക്ക് മന്ത്രിയല്ലാതാക്കാനാകും. പക്ഷേ മുൻ മന്ത്രി അല്ലാതാക്കാനാകില്ല. കാരണം ഇന്നു മുതൽ ഞാൻ മുൻമന്ത്രിയാണ്.  എം.പി അല്ലാതാക്കാനുമാകില്ല. കാരണം ഞാൻ  എം.പി. വീരേന്ദ്രകുമാറാണ്.
തത്വചിന്താ പഠനം അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെ സ്വാധീനിച്ചിരുന്നുവെന്ന് എടുത്തു പറയേണ്ടതില്ല. നിസ്സാരമാണ് എന്ന് നമുക്ക് തോന്നുന്ന പലതും  തന്റെ തത്വചിന്ത വഴി  അദ്ദേഹം മഹത്വവൽക്കരിച്ചു. വയനാട്ടിൽ ഒന്നിച്ചു നടക്കുമ്പോൾ ആദിവാസി വൃദ്ധനെ കണ്ട്  കെട്ടിപ്പിടിച്ച് ഇതാരെന്നറിയുമോ, എന്നോടൊപ്പം കളിച്ചു നടന്നയാളെന്ന് പരിചയപ്പെടുത്തിയ കാര്യം ആലങ്കോട് ലീലാകൃഷ്ണൻ ഓർത്തെടുത്തത് ഒറ്റപ്പെട്ട സംഗതിയല്ല. ശരിക്കും അതായിരുന്നു വീരേന്ദ്ര കുമാർ.  തലമുറകൾ കൈമാറിയ സമ്പന്നതയുടെ ഔന്നത്യത്തിലും മണ്ണിലേക്കിറങ്ങി നിന്ന മനുഷ്യൻ. നിയമസഭയിലെ മറ്റൊരു സംഭവവും ഇപ്പറഞ്ഞതിനോട് ചേർന്നു നിൽക്കും. ഒരു ദിവസം നിയമ സഭയിൽ ലീഗ് നേതാവ് പി. സീതി ഹാജി എന്തോ ഒരു  ഗൗരവപ്പെട്ട വിഷയം അവതരിപ്പിക്കവേ സ്വയം ഇങ്ങനെ പരിചയപ്പെടുത്തി- എനിക്ക് വലിയ വിദ്യാഭ്യാസമൊന്നുമില്ല. ഉടൻ വീരേന്ദ്ര കുമാർ ഇടപെട്ടു- അങ്ങ് അങ്ങനെ പറയരുത്. കാരണം താങ്കളുടെ സർവകലാശാല ലോക പരിചയമാണ്. അത്രയും വലിയൊരു സർവകലാശാല മറ്റെന്തുണ്ട്. വീരേന്ദ്ര കുമാറിന്റെ ഈ നിരീക്ഷണത്തിന് ശേഷമായിരിക്കാം ലോക പരിചയമാണ് തങ്ങളുടെ ബിരുദമെന്ന് പല നേതാക്കളും  അഭിമാനപൂർവം പ്രസംഗിച്ചത്. 
കേരളത്തിലെ സോഷ്യലിസ്റ്റുകൾ ചെറു സംഘമായതിനാലാകാം. അവരുടെ പ്രവർത്തകർ തമ്മിലൊക്കെ വല്ലാത്തൊരു ആത്മബന്ധമുണ്ടായിരുന്നുവെന്ന് മനസ്സിലായിട്ടുണ്ട്. നാദാപുരം പാറക്കടവിലെ സി.എഛ്. മായിൻ (ഇന്നില്ല)  അറിയപ്പെടുന്ന സോഷ്യലിസ്റ്റായിരുന്നു. കെ. അബ്ദുൽ ഖാദർ (കായ്മ അബ്ദുൽ ഖാദർ) എങ്ങനെ ആർ.എസ്.പി ആയി എന്നറിയാത്തതു പോലെ മായിൻ എങ്ങനെ സോഷ്യലിസ്റ്റായെന്നും ആർക്കുമറിയില്ല. ഏതായാലും സി.എച്ച്. മായിൻ വഴി അദ്ദേഹത്തിന്റെ ദീർഘകാല തട്ടകമായ ഖത്തറിൽ വീരേന്ദ്ര കുമാർ  നിരവധി ബന്ധങ്ങൾ നിലനിർത്തി.
സൗഹൃദങ്ങളുടെ രാജകുമാരനായിരുന്നു അദ്ദേഹം. എല്ലാ പാർട്ടികളിലെയും വ്യക്തികളിലേക്ക്  അത് വളർന്നു.  മാതൃഭൂമി പത്രത്തിന് പുതിയ മുഖം നൽകാൻ ശ്രമിച്ചു വിജയിച്ച വ്യക്തിയാണദ്ദേഹം.  
നിരന്തര സമരത്തിൽ പൊറുതിമുട്ടിയ മാതൃഭൂമിയുടെ നേതൃത്വത്തിലേക്ക് അദ്ദേഹം എത്തുമ്പോൾ പ്രായം 43.  പത്രങ്ങളുടെ സാങ്കേതിക വളർച്ചയെക്കുറിച്ച് അദ്ദേഹത്തിന്റെ വീക്ഷണം ഇങ്ങനെയായിരുന്നു- നമ്മൾ രണ്ട് വാചകം പറഞ്ഞു തീരുമ്പോഴേക്കും മാധ്യമ  സാങ്കേതികത എത്രയോ കാതം മുന്നേറിയിരിക്കും.  തന്റെ കാലത്ത് മുന്നിൽ നടന്ന കേരള പത്രങ്ങൾക്ക് മാത്രമല്ല ദ ഹിന്ദുവിന് മുന്നിലേക്കു പോലും താൻ നയിച്ച പത്രത്തെ എത്തിക്കാൻ അദ്ദേഹത്തിന്റെ ജീവിത കാലത്ത് സാധിച്ചു. 
ജവാഹർലാൽ നെഹ്‌റു രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കിൽ ഇന്ത്യയിലെ ഷെല്ലിയോ അതിനപ്പുറമോ ആകുമായിരുന്നു എന്ന് പറഞ്ഞവരുണ്ട്. സി.എച്ച്. മുഹമ്മദ് കോയ രാഷ്ട്രീയക്കാരനായതുകൊണ്ട് കേരളത്തിനൊരു നല്ല സാഹിത്യകാരനെ നഷ്ടപ്പെട്ടുവെന്ന് പറഞ്ഞത് പവനനായിരുന്നു. അതു തന്നെയാണിപ്പോൾ കേരളത്തിലെ പത്രപ്രവർത്തകരുടെ ഗുരുവായ തോമസ് ജേക്കബ് വീരേന്ദ്ര കുമാറിനെപ്പറ്റി മറ്റൊരു രീതിയിൽ പറയുന്നത്. അതിങ്ങനെ- 'തിരിഞ്ഞുനോക്കുമ്പോൾ, മാതൃഭൂമിയിൽ ഏറ്റവും തിളങ്ങാമായിരുന്ന കസേരയിലാണോ വീരേന്ദ്രകുമാർ ഇരുന്നത് എന്ന് എനിക്കു സംശയമുണ്ട്. തൊഴിലാളി യൂനിയനുകളുമായുള്ള ബോണസ് ചർച്ചക്കും ആയിരം രൂപയിലേറെയുള്ള വൗച്ചറുകളിൽ ഒപ്പിടുന്നതിനും മറ്റുമായിരുന്നോ ആദ്ദേഹത്തിന്റെ സമയം നീക്കിവെക്കേണ്ടിയിരുന്നത്? എന്റെ അഭിപ്രായത്തിൽ മാതൃഭൂമിക്കു കിട്ടാതെ പോയ പ്രഗൽഭനായ ചീഫ് എഡിറ്ററാണ് എം.പി. വീരേന്ദ്ര കുമാർ.'
മലയാളം ന്യൂസിന്റെ സ്ഥാപക പത്രാധിപർ ഫാറൂഖ് ലുഖ്മാനെ കാണാൻ അദ്ദേഹം ജിദ്ദ ഓഫീസിൽ വന്നതോർക്കുന്നു. ആ കൂടിക്കാഴ്ച അവിസ്മരണീയമായത് സ്വാഭാവികം. കാരണം രണ്ടു പേരും പുസ്തക വായനയുടെ ഔന്നത്യത്തിൽ ജീവിച്ച മനുഷ്യരായിരുന്നു.
കേരള രാഷ്ട്രീയത്തിലെ വായനാ ശീലമുള്ള യുവജന നേതാക്കളുടെയെല്ലാം ഇഷ്ട വ്യക്തിത്വമായിരുന്നു അദ്ദേഹം. നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ  പേരറിയാൻ വീരേന്ദ്ര കുമാറുമായി അൽപനേരം സംസാരിച്ചാൽ മതിയായിരുന്നുവെന്ന് ഓർത്തെടുത്ത്  അക്കാര്യം ശരിവെക്കുന്നത്  കോൺഗ്രസ് രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുന്ന വി.ഡി. സതീശനാണ്.
 

Tags

Latest News