Sorry, you need to enable JavaScript to visit this website.

പ്രീമിയര്‍ ലീഗ്: ആറ് കളികള്‍ നോട്ടമിട്ട് പോലീസ്, ലിവര്‍പൂളിന് നിരാശ

ലണ്ടന്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ സീസണ്‍ അടുത്ത മാസം പുനരാരംഭിക്കാനിരിക്കെ രസം കൊല്ലാന്‍ ബ്രിട്ടിഷ് പോലീസ്. ആരാധകരില്‍ ആവേശം സൃഷ്ടിക്കാന്‍ സാധ്യതയുള്ള ആറ് മത്സരങ്ങള്‍ നിഷ്പക്ഷ വേദികളില്‍ നടത്തണമെന്നാണ് അവരുടെ ആവശ്യം. ലിവര്‍പൂള്‍ കിരീടമുറപ്പാക്കുന്ന മത്സരവും ഇതില്‍പെടും. ഹോം ഗ്രൗണ്ടില്‍ കളി നടത്തുമ്പോള്‍ ആരാധകര്‍ സ്റ്റേഡിയത്തിനു പുറത്ത് തടിച്ചുകൂടുമെന്ന് ഭയന്നാണ് ഇത്. കഴിഞ്ഞ ജൂണില്‍ മഡ്രീഡിലെ തിങ്ങിനിറഞ്ഞ സ്‌റ്റേഡിയത്തിനു മുന്നിലാണ് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് കിരീടമുയര്‍ത്തിയത്. എന്നാല്‍ 30 വര്‍ഷത്തിനു ശേഷം പ്രീമിയര്‍ ലീഗ് കിരീടം നേടുമ്പോള്‍ ഒഴിഞ്ഞ ഗാലറിയായിരിക്കും സാക്ഷി.
ലിവര്‍പൂളിന് കിരീടമുറപ്പാക്കാന്‍ രണ്ടു കളികള്‍ മതി. ബാക്കി 92 മത്സരങ്ങള്‍ കൂടിയുണ്ട്. അതില്‍ മാഞ്ചസ്റ്റര്‍ സിറ്റി-ലിവര്‍പൂള്‍, സിറ്റി-ന്യൂകാസില്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ഷെഫീല്‍ഡ് യുനൈറ്റഡ്, ന്യൂകാസില്‍-ലിവര്‍പൂള്‍, എവര്‍ടണ്‍-ലിവര്‍പൂള്‍ മത്സരങ്ങളാണ് പ്രശ്‌നസാധ്യതയുള്ളതായി പോലീസ് കരുതുന്നത്. ബാക്കി മത്സരങ്ങളൊക്കെ ഹോം ആന്റ് എവേ രീതിയില്‍ പൂര്‍ത്തിയാക്കും.
കളികള്‍ പുനരാരംഭിക്കുന്നതോടൊപ്പം കളികള്‍ നടത്തുന്നതിന് പോലീസിന്റെ സേവനം പരമാവധി കുറക്കുക എന്നതാണ് ലക്ഷ്യം. രണ്ടു കാര്യങ്ങള്‍ ഒത്തുവരികയാണെങ്കില്‍ ആദ്യ ആഴ്ച തന്നെ ലിവര്‍പൂളിന് കിരീടം ഉറപ്പാക്കാന്‍ സാധിച്ചേക്കും. ആഴ്‌സനലിനോട് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍ക്കണം, എവര്‍ടണിനെ ലിവര്‍പൂള്‍ തോല്‍പിക്കുകയും വേണം.
ഓഗസ്റ്റ് ഒന്നിന് എഫ്.എ കപ്പ് ഫൈനലോടെയാണ് സീസണ്‍ അവസാനിക്കുക.

Latest News