Sorry, you need to enable JavaScript to visit this website.

യൂറോപ്യന്‍ ലീഗുകള്‍, ഏറ്റവും പുതിയ വിവരങ്ങളറിയാം

ലണ്ടന്‍ - കൊറോണക്കു ശേഷം യൂറോപ്പിലെ അഞ്ച് പ്രമുഖ ലീഗുകളുടെ അവസ്ഥ
ജര്‍മന്‍ ലീഗ്
നിര്‍ത്തിവെച്ചത് -മാര്‍ച്ച് 11
പുനരാരംഭിച്ചത് - മെയ് 16
മെയ് മധ്യത്തോടെ ജര്‍മന്‍ ലീഗ് പുനരാരംഭിച്ചു. മൂന്നു റൗണ്ട് മത്സരങ്ങള്‍ കഴിഞ്ഞു. ബയേണ്‍ മ്യൂണിക് തുടര്‍ച്ചയായ എട്ടാം ലീഗ് കിരീടം ഏതാണ്ട് ഉറപ്പാക്കി. തൊട്ടുപിന്നിലുള്ള ബൊറൂഷ്യ ഡോര്‍ട്മുണ്ടിനെ തോല്‍പിച്ചതോടെ ബയേണ്‍ ഏഴ് പോയന്റ് മുന്നിലാണ്. പുനരാരംഭിച്ച ശേഷമുള്ള അവരുടെ തുടര്‍ച്ചയായ മൂന്നാം ജയമാണ് ഇത്. ബാക്കി രണ്ട് ചാമ്പ്യന്‍സ് ലീഗ് സ്ഥാനത്തിനായി ലെയ്പ്‌സിഷ്, ബൊറൂഷ്യ മോഞ്ചന്‍ഗ്ലാഡ്ബാക്, ബയര്‍ ലെവര്‍കൂസന്‍ ടീമുകള്‍ തമ്മിലാണ് മത്സരം.
പ്രീമിയര്‍ ലീഗ്
നിര്‍ത്തിവെച്ചത് - മാര്‍ച്ച് 13
പുനരാരംഭിക്കുന്നത് - ജൂണ്‍ 17
ഉദ്ഘാടന മത്സരം: മാഞ്ചസ്റ്റര്‍ സിറ്റി-ആഴ്‌സനല്‍, ആസ്റ്റണ്‍വില്ല-ഷെഫീല്‍ഡ് യുനൈറ്റഡ്.
ലിവര്‍പൂള്‍ കിരീടത്തിനരികിലാണ്. ആഴ്‌സനല്‍ ആദ്യ ദിനം സിറ്റിയെ തോല്‍പിക്കുകയാണെങ്കില്‍, ഒന്നാമത്തെ മത്സരത്തില്‍ തന്നെ ലിവര്‍പൂളിന് കിരീടമുറപ്പാക്കാം, എവര്‍ടനെ തോല്‍പിച്ചാല്‍ മതി. പ്രധാനമായും തീരുമാനിക്കാനുള്ളത് അടുത്ത ചാമ്പ്യന്‍സ് ലീഗ് സ്ഥാനങ്ങളാണ്. ആദ്യ നാലു സ്ഥാനക്കാര്‍ക്കാണ് ചാമ്പ്യന്‍സ് ലീഗ് സ്ഥാനം. ചെല്‍സിയാണ് നാലാം സ്ഥാനത്തുള്ളത്. ചെല്‍സിയെ പിടിക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും വുള്‍വര്‍ഹാംപ്റ്റന്‍ വാന്‍ഡറേഴ്‌സും ഷെഫീല്‍ഡ് യുനൈറ്റഡും ശ്രമിക്കും. തരംതാഴ്ത്തപ്പെടുന്ന ടീമുകളെ നിശ്ചയിക്കുന്നതിലും ശക്തമായ പോരാട്ടമാണ്. പതിനഞ്ചാം സ്ഥാനത്തിനു താഴെയുള്ള അഞ്ചു ടീമുകള്‍ തമ്മില്‍ നാല് പോയന്റിന്റെ വ്യത്യാസമേയുള്ളൂ.

ഇറ്റാലിയന്‍ ലീഗ്
നിര്‍ത്തിവെച്ചത് - മാര്‍ച്ച് 9
പുനരാരംഭിക്കുന്നത് - ജൂണ്‍ 20
ആര്‍ക്കെങ്കിലും കൊറോണ പോസിറ്റിവ് ആയാല്‍ സീസണ്‍ നിര്‍ത്തിവെക്കുമെന്ന് സര്‍ക്കാരിന്റെ ഭീഷണിയുണ്ട്. ഏതെങ്കിലും കളിക്കാരനോ സ്റ്റാഫിനോ കൊറോണ ബാധിച്ചാല്‍ ക്ലബ്ബിലെ എല്ലാവരും രണ്ടാഴ്ച ക്വാറന്റൈനില്‍ പോവണം. യുവന്റസ് തുടര്‍ച്ചയായ ഒമ്പതാം കിരീടത്തിലേക്കാണ് അടുക്കുന്നത്. എന്നാല്‍ ലാസിയൊ ഒരു പോയന്റ് പിന്നിലുണ്ട്.
സ്പാനിഷ് ലീഗ്
നിര്‍ത്തിവെച്ചത് - മാര്‍ച്ച് 12
പുനരാരംഭിക്കുന്നത് - ജൂണ്‍ 11
കര്‍ക്കശമായ നിബന്ധനകളോടെയാണ് ലീഗ് പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ജൂലൈ 19 ന് ലീഗ് അവസാനിപ്പിക്കാനാണ് ശ്രമം. അടുത്ത സീസണ്‍ സെപ്റ്റംബര്‍ 12 ന് തുടങ്ങണം. ആഴ്ചയില്‍ എല്ലാ ദിവസവും കളി നടക്കുന്ന വിധത്തിലായിരിക്കും മത്സരക്രമം. മത്സരത്തിന് 24 മണിക്കൂര്‍ മുമ്പ് കളിക്കാരും ഒഫിഷ്യലുകളും കൊറോണ പരിശോധന നടത്തണം. സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കും മുമ്പ് താപനില പരിശോധിക്കും.  
മത്സര ദിനം സ്റ്റേഡിയത്തില്‍ ആകെ 197 പേരെ മാത്രമേ അനുവദിക്കൂ. ബാഴ്‌സലോണയും റയല്‍ മഡ്രീഡും തമ്മില്‍ തന്നെയാണ് കിരീടപ്പോര്. ബാഴ്‌സലോണക്ക് രണ്ട് പോയന്റ് ലീഡുണ്ട്. 11 റൗണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്.  
ഫ്രഞ്ച് ലീഗ്
നിര്‍ത്തിവെച്ചത് -മാര്‍ച്ച് 10
ഉപേക്ഷിച്ചത് -ഏപ്രില്‍ 28
ഫ്രാന്‍സില്‍ ലോക്ഡൗണ്‍ ഇളവ് ചെയ്‌തെങ്കിലും സംഘടിത സ്‌പോര്‍ട്‌സ് അനുവദിക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. അതോടെ ഏപ്രില്‍ 28 ന് സീസണ്‍ അവസാനിപ്പിച്ചു. പി.എസ്.ജിയെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു. ടുളൂസും എയ്മിയന്‍സും തരംതാഴ്ത്തപ്പെട്ടു. തരംതാഴ്ത്തപ്പെട്ട ടീമുകള്‍ നിയമയുദ്ധത്തിനൊരുങ്ങുകയാണ്.  

Latest News