Sorry, you need to enable JavaScript to visit this website.

കൊറോണ കണ്ടെത്തിയാല്‍ ഇറ്റലിയില്‍ കളി സ്‌റ്റോപ്

റോം - സ്‌പോര്‍ട്‌സ് മന്ത്രിയും ഫുട്‌ബോള്‍ അധികൃതരും തമ്മിലുള്ള ശക്തമായ വടംവലിക്കു ശേഷം ഇറ്റലിയില്‍ ഫുട്‌ബോള്‍ സീസണ്‍ പുനരാരംഭിക്കുന്നു. സമീപകാലത്തെ ഏറ്റവും ആവേശകരമായ ലീഗിനാണ് കൊറോണ തടസ്സം സൃഷ്ടിച്ചത്. യുവന്റസും ലാസിയോയും തമ്മില്‍ ഒരു പോയന്റിന്റെ വ്യത്യാസമേയുള്ളൂ. യുവന്റസിനെ ഈ സീസണില്‍ രണ്ടു തവണ തോല്‍പിച്ചിട്ടുണ്ട് ലാസിയൊ.
ജൂണ്‍ 20 ന് കളി പുനരാരംഭിക്കാന്‍ അനുമതി നല്‍കിയതായി സ്‌പോര്‍ട്‌സ് മന്ത്രി വിന്‍സന്‍സൊ സ്പദഫോറ പ്രഖ്യാപിച്ചു.
ഏതെങ്കിലും കളിക്കാരന് കൊറോണ സ്ഥിരീകരിച്ചാല്‍ എന്താവണം നടപടിയെന്നതിനെച്ചൊല്ലിയായിരുന്നു ഫെഡറേഷനും സര്‍ക്കാരും തമ്മില്‍ തര്‍ക്കം നിലനിന്നത്. ആ കളിക്കാരന്‍ മാത്രം ക്വാറന്റൈനില്‍ പോയാല്‍ മതിയെന്നായിരുന്നു ഫെഡറേഷന്റെ നിലപാട്. എന്നാല്‍ ക്ലബ്ബിലെ കളിക്കാരും ജീവനക്കാരും മുഴുവന്‍ രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയണമെന്ന നിബന്ധനയോടെയാണ് ലീഗ് പുനരാരംഭിക്കാന്‍ അനുമതി നല്‍കിയത്. ആര്‍ക്കെങ്കിലും കൊറോണ സ്ഥിരീകരിച്ചാല്‍ മത്സരക്രമം താളം തെറ്റും.
കാണികളില്ലാതെയാവും കളികള്‍ നടത്തുക. മത്സരക്രമം നിശ്ചയിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ഇനി മുന്നിലുള്ളത്. സീരീ അ-യിലും ഇറ്റാലിയന്‍ കപ്പിലുമായി 127 മത്സരങ്ങള്‍ ബാക്കിയുണ്ട്. മിക്ക ടീമുകള്‍ക്കും 12 ലീഗ് മത്സരങ്ങള്‍ ബാക്കിയുണ്ട്. എട്ട് ടീമുകള്‍ക്ക് പതിമൂന്നും. സീരീ അ തുടങ്ങുന്നതിന് മുമ്പ് ഇറ്റാലിയന്‍ കപ്പ് പൂര്‍ത്തിയാക്കണമെന്ന് സ്‌പോര്‍ട്‌സ് മന്ത്രി നിര്‍ദേശിച്ചു. ഇറ്റാലിയന്‍ കപ്പ് സെമി ഫൈനല്‍ ആദ്യ പാദം കഴിഞ്ഞു. ഇന്റര്‍ മിലാനും നാപ്പോളിയും തമ്മിലുള്ള രണ്ടാം പാദം ജൂണ്‍ 13 നും എ.സി മിലാനും യുവന്റസും തമ്മിലുള്ള രണ്ടാം പാദം ജൂണ്‍ 14 നും നടത്തിയേക്കും. ജൂണ്‍ 17 ന് ഫൈനല്‍ നടത്താനാണ് തീരുമാനം.
യുവന്റസിനും ലാസിയോക്കും ചാമ്പ്യന്‍സ് ലീഗ് സ്ഥാനമുറപ്പാണ്. മൂന്നാം സ്ഥാനത്തുള്ള ഇന്റര്‍ മിലാനും യോഗ്യത നേടിയേക്കും. നാലാം സ്ഥാനത്തിനായി അറ്റ്‌ലാന്റയും റോമയും തമ്മിലാണ് മത്സരം. അറ്റ്‌ലാന്റ ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറിയ ടീമാണ്, ആദ്യ ശ്രമത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിട്ടുണ്ട്. ബ്രേഷ്യയും സ്പാലും ലെക്കെയുമാണ് തരംതാഴ്ത്തല്‍ മേഖലയിലുള്ളത്.
 

Latest News