Sorry, you need to enable JavaScript to visit this website.

റിയാദിലും ഹായിലിലും മദീനയിലും തായിഫിലും സ്ഥാപനങ്ങൾ അടപ്പിച്ചു

റിയാദ് - കർഫ്യൂ ഇളവുകൾ നിലവിൽ വന്ന ആദ്യ ദിവസമായ വ്യാഴാഴ്ച കൊറോണ വ്യാപനം തടയാൻ ലക്ഷ്യമിട്ടുള്ള മുൻകരുതലുകൾ പാലിക്കാത്തതിന് റിയാദിലും മദീനയിലും ഹായിലിലും തായിഫിലും വ്യാപാര സ്ഥാപനങ്ങൾ നഗരസഭകൾ അടപ്പിച്ചു. റിയാദിൽ വ്യാഴാഴ്ച 21 സ്ഥാപനങ്ങളാണ് അടപ്പിച്ചത്. നിയമ ലംഘകർക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികളും സ്വീകരിച്ചു. ഒന്നാം ഘട്ട കർഫ്യൂ ഇളവ നിലവിൽ വന്നതോടെ റിയാദ് നഗരസഭ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച 604 സ്ഥാപനങ്ങളിൽ നഗരസഭാ സംഘങ്ങൾ പരിശോധന നടത്തി. 


സ്ഥാപനങ്ങളിൽ കണ്ടെത്തിയ ഉപയോഗശൂന്യമായ 1720 കിലോ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. 138 വഴിവാണിഭക്കാരും വ്യാഴാഴ്ച റിയാദിൽ പിടിയിലായി. 
ഹായിലിൽ എട്ടു വ്യാപാര സ്ഥാപനങ്ങൾ നഗരസഭ അടപ്പിച്ചു. 18 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. വ്യാപാര സ്ഥാപനങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും നഗരസഭ ശക്തമായ പരിശോധന തുടരുകയാണ്. 
സുരക്ഷിതമായ ശാരീരിക അകലം പാലിക്കൽ അടക്കം രോഗവ്യാപനം തടയുന്ന മുൻകരുതൽ, പ്രതിരോധ നടപടികൾ എല്ലാവരും പാലിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടു. 
കർഫ്യൂ ഇളവ് നിലവിൽ വന്ന ആദ്യ ദിവസം മദീന നഗരസഭ അഞ്ചു വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുകയും 43 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. 
മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും വിൽപനക്കുള്ള ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും സുരക്ഷിതത്വം നിരീക്ഷിക്കാനും വ്യാപാര സ്ഥാപനങ്ങളിൽ ശക്തമായ പരിശോധന തുടരുമെന്ന് നഗരസഭ അറിയിച്ചു. 


വ്യാപാര സ്ഥാപനങ്ങളിലെ നിയമ ലംഘനങ്ങളെ കുറിച്ച് ഏകീകൃത നമ്പറായ 940 ലേക്കോ മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം പുറത്തിറക്കിയ ആപ് വഴിയോ അറിയിക്കണമെന്ന് മദീന നഗരസഭ സൗദി പൗരന്മാരോടും വിദേശികളോടും ആവശ്യപ്പെട്ടു. 
മുൻകരുതൽ നടപടികൾ പാലിക്കാത്തതിന് തായിഫ് നഗരസഭ മൂന്നു വ്യാപാര സ്ഥാപനങ്ങൾ വ്യാഴാഴ്ച അടപ്പിച്ചു. സാമൂഹിക അകലം ബാധകമാക്കാത്തതിനാണ് സ്ഥാപനങ്ങൾ അടപ്പിച്ചതെന്ന് നഗരസഭ പ്രസ്താവനയിൽ വ്യക്തമാക്കി. 
കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ പാലിക്കാത്തതിന് ജിദ്ദയിൽ വ്യാഴാഴ്ച 19 സ്ഥാപനങ്ങൾ അടപ്പിച്ചതായി ജിദ്ദ നഗരസഭ അറിയിച്ചു. 
ഷോപ്പിംഗ് സെന്ററുകളും റെസ്റ്റോറന്റുകളും മിനിമാർക്കറ്റുകളും കോഫി ഷോപ്പുകളുമാണ് അടപ്പിച്ചതെന്ന് നഗരസഭ അണ്ടർ സെക്രട്ടറി എൻജിനീയർ മുഹമ്മദ് അൽസഹ്‌റാനി പറഞ്ഞു.

 

Tags

Latest News