Sorry, you need to enable JavaScript to visit this website.

പള്ളികൾ നാളെ തുറക്കുന്നു; വൈദ്യുതി ധൂർത്ത് ഒഴിവാക്കാൻ  ഉണർത്തി മന്ത്രി 

റിയാദ് - ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ ബജറ്റിന്റെ നാലിലൊന്നും ചെലവഴിക്കുന്നത് മസ്ജിദുകളിലെ വൈദ്യുതി ഇനത്തിലാണെന്ന് വകുപ്പ് മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. ഞായറാഴ്ച മുതൽ വിശ്വാസികൾക്കു മുന്നിൽ തുറന്നുകൊടുക്കുന്നതിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് റിയാദിലെ ഏതാനും മസ്ജിദുകളിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. യഥാർഥത്തിൽ നിലവിൽ ചെലവഴിക്കപ്പെടുന്ന തുകയുടെ നാലിലൊന്നു പോലും മസ്ജിദുകളിലെ വൈദ്യുതി ഇനത്തിൽ ചെലവഴിക്കപ്പെടാൻ പാടില്ല. 
മസ്ജിദുകളിലെ വൈദ്യുതി ബില്ലുകൾ ഇസ്‌ലാമികകാര്യ മന്ത്രാലയത്തെ സംബന്ധിച്ചേടത്തോളം ഏറെ കൂടുതലാണ്. മന്ത്രാലയത്തിന്റെ ബജറ്റിന്റെ നാലിലൊന്നും വൈദ്യുതി ബിൽ ഇനത്തിലാണ് ചെലവഴിക്കപ്പെടുന്നത്. മസ്ജിദുകളിൽ വൈദ്യുതി ഉപയോഗത്തിൽ വലിയ ധൂർത്തുണ്ട്. പള്ളികളിൽ വൈദ്യുതി ഉപയോഗം കുറക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി മന്ത്രാലയം വൈകാതെ നടപ്പാക്കും. 
സൗദി പൗരന്മാരുടെ സഹകരണമില്ലാതെ മസ്ജിദുകളിൽ വൈദ്യുതി ഉപയോഗം കുറക്കാൻ കഴിയില്ല. ആവശ്യമില്ലാത്ത എയർ കണ്ടീഷനറുകളും ഫാനുകളും ലൈറ്റുകളും മറ്റും ഓഫാക്കാൻ സൗദി പൗരന്മാർ ഇമാമുമാരെയും മുഅദ്ദിനുകളെയും പ്രേരിപ്പിക്കണം. മസ്ജിദുകളിലെ വൈദ്യുതി ധൂർത്തിനെ കുറിച്ച് നാട്ടുകാർ ഇസ്‌ലാമികകാര്യ മന്ത്രാലയത്തെ അറിയിക്കുകയും വേണം. മന്ത്രാലയത്തിന്റെ ഏകീകൃത നമ്പർ വഴിയും ഉദ്യോഗസ്ഥരെ നേരിട്ട് കണ്ടും വൈദ്യുതി ധൂർത്തിനെ കുറിച്ച് റിപ്പോർട്ട് ചെയ്യാവുന്നതാണ്. 


മസ്ജിദുകളിൽ വൈദ്യുതി ധൂർത്ത് അവസാനിപ്പിക്കുന്നതിൽ ഇമാമുമാർക്കും മുഅദ്ദിനുകൾക്കും വലിയ ഉത്തരവാദിത്തമുണ്ട്. ധൂർത്തിനെയും വൈദ്യുതി പാഴാക്കിക്കളയുന്നതിനെയും കുറിച്ച് അല്ലാഹുവിനു മുന്നിലും ഇമാമുമാരും മുഅദ്ദിനുകളും ഉത്തരം പറയേണ്ടിവരും. വൈദ്യുതി ധൂർത്ത് തടയുന്നതിൽ എല്ലാവർക്കും മാതൃകയായി മാറാൻ ഇമാമുമാർക്കും മുഅദ്ദിനുകൾക്കും സാധിക്കും. നിലവിൽ മസ്ജിദുകളിലെ വൈദ്യുതി ബിൽ ഇനത്തിൽ 100 കോടിയോളം റിയാൽ ചെലവു വരുന്നുണ്ട്. ഇത് ഇസ്‌ലാമികകാര്യ മന്ത്രാലയത്തിനു മാത്രമല്ല, മുഴുവൻ പൗരന്മാർക്കും നഷ്ടമാണ്. ഈ പണം സൗദി പൗരന്മാരുടേതാണ്. വൈദ്യുതി ബിൽ ഇനത്തിലെ ഭീമമായ തുക കുറക്കാൻ സാധിക്കുന്ന പക്ഷം, അല്ലാഹുവിന്റെ ഭവനങ്ങളിൽ വിശ്വാസികളുടെ സേവനത്തിന് എത്ര വലിയ സൗകര്യങ്ങൾ ഒരുക്കാൻ കഴിയുമെന്ന് എല്ലാവരും ആലോചിക്കണം. വൈദ്യുതി ഉപയോഗം കുറക്കാൻ ഇമാമുമാരും മുഅദ്ദിനുകളും വലിയ ശ്രദ്ധ നൽകണം. തങ്ങളുടെ പ്രദേശത്തെ മസ്ജിദുകളിൽ വൈദ്യുതി ധൂർത്ത് ശ്രദ്ധയിൽ പെട്ടാൽ സൗദി പൗരന്മാർ അക്കാര്യം ഇമാമുമാരുടെയും മുഅദ്ദിനുകളുടെയും ശ്രദ്ധയിൽ പെടുത്തണം. അതല്ലെങ്കിൽ ഇതേക്കുറിച്ച് ഏകീകൃത നമ്പറിൽ ബന്ധപ്പെട്ട് മന്ത്രാലയത്തെ അറിയിക്കണം. ഇസ്‌ലാമികകാര്യ മന്ത്രാലയത്തിലെ ഏതെങ്കിലും ഡിപ്പാർട്ട്‌മെന്റുകളിൽ തങ്ങളുടെ സന്ദേശം എത്തുന്നില്ല എന്ന് തോന്നുന്ന പക്ഷം വൈദ്യുതി ധൂർത്തിനെ കുറിച്ച് ആർക്കും തന്നെ വ്യക്തിപരമായി അറിയിക്കാവുന്നതാണ്. 
മസ്ജിദുകളിലെ സന്നദ്ധ സേവനങ്ങൾ വ്യവസ്ഥാപിതമാക്കുന്ന തീരുമാനം മന്ത്രാലയം നേരത്തേ പുറപ്പെടുവിച്ചിട്ടുണ്ട്. മസ്ജിദുകളിൽ സന്നദ്ധ സേവന പദ്ധതികൾ നടപ്പാക്കാൻ ആഗ്രഹിക്കുന്നവർക്ക് മൂന്നു മണിക്കൂറിനകം അനുമതി ലഭിക്കും. ശുചീകരണം, മെയിന്റനൻസ്, അണുനശീകരണം, സമൂഹിക സേവനം എന്നീ മേഖലകളിൽ സന്നദ്ധ സേവനങ്ങൾ നടത്തുന്നവരുമായി മസ്ജിദ് ജീവനക്കാർ സഹകരിക്കണം. സന്നദ്ധസേവകരെ മന്ത്രാലയം സ്വാഗതം ചെയ്യുന്നതായും അവർക്ക് നന്ദി പ്രകടിപ്പിക്കുന്നതായും ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു.

Tags

Latest News