Sorry, you need to enable JavaScript to visit this website.

ബാൽക്കണികൾ സ്റ്റോർ റൂമുകളാക്കരുത്; മുന്നറിയിപ്പുമായി ഷാർജ മുനിസിപ്പാലിറ്റി 

ഷാർജ- ബാൽക്കണി സ്റ്റോർ റൂമായി ഉപയോഗിക്കുന്നവരിൽനിന്ന് 500 ദിർഹം പിഴ ഈടാക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി നഗരവാസികൾക്ക് മുന്നറിയിപ്പ് നൽകി. സൗന്ദര്യാത്മക ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായാണ് ഷാർജ നഗരസഭ ഇത്തരത്തിൽ നോട്ടീസ് നൽകിയത്. നിയമ ലംഘകരെ ശിക്ഷിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കി. ബാൽക്കണിയിൽ വസ്ത്രങ്ങൾ തൂക്കുക, ഉപേക്ഷിച്ച വസ്ത്രങ്ങൾ വലിച്ചെറിയുക, സാറ്റ്‌ലൈറ്റ് വിഭവങ്ങൾ സ്ഥാപിക്കുക എന്നിവക്കെതിരെ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി ലഘുലേഖകളും ബ്രോഷറുകളും വിതരണം ചെയ്യുന്നുണ്ടെന്ന് ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ സാബിത് അൽതറൈഫി പറഞ്ഞു. നഗരത്തിന്റെ സൗന്ദര്യാത്മകത നിലർത്തുന്നതിനുള്ള സന്ദേശം കൈമാറാൻ സോഷ്യൽ മീഡിയ അക്കൗണ്ടുകളും മുനിസിപ്പാലിറ്റി ഉപയോഗപ്പെടുത്തി വരുന്നു.
റസിഡൻഷ്യൽ ഏരിയകളിലെ എല്ലാ കെട്ടിടങ്ങളെയും ലക്ഷ്യമിട്ട് പരിശോധന തീവ്രമാക്കും. നിരവധി താമസക്കാർ ഫർണിച്ചറുകൾ വെക്കാനും വസ്ത്രങ്ങൾ തൂക്കിയിടാനും ഉപയോഗിക്കാത്ത വസ്ത്രങ്ങൾ സൂക്ഷിക്കാനും അപ്പാർട്ടുമെന്റിലെ ഡിഷ് ആന്റിന സ്ഥാപിക്കാനും ബാൽക്കണി ഉപയോഗപ്പെടുത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് -അൽതറൈഫി ചൂണ്ടിക്കാട്ടി. നഗരത്തിന്റെ രൂപത്തിന് ഭംഗം വരുത്തകയും കുട്ടികളുടെ സുരക്ഷക്ക് ഭീഷണി ഉയർത്തുകയും ചെയ്യുന്ന കുറ്റത്തിന് 500 ദിർഹം പിഴ ഈടാക്കും. ഇത് അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ ഇരട്ടിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉപയോഗിക്കാത്ത ഫർണിച്ചറുകൾ ബാൽക്കണിയിൽ സൂക്ഷിക്കുന്നത് അപകടകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കാരണം കുട്ടികളുടെ കാലിടറാനും അവർ തെന്നിവീഴാനും അത് കാരണമാകും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബാൽക്കണിയിൽനിന്ന് വീണു നൂറിലധികം കുട്ടികൾ മരിച്ചിട്ടുണ്ടെന്നും അൽതറൈഫി വിശദമാക്കി. ഷാർജ നിവാസികൾ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മുനിസിപ്പാലിറ്റി പരിശോധന തുടരും. വസ്ത്രങ്ങൾ ഉണങ്ങാൻ താമസക്കാർക്ക് ബാൽക്കണി ഉപയോഗിക്കാൻ കഴിയും. പക്ഷെ അവ പുറത്തുനിന്നും കാണാൻ കഴിയാത്ത വിധത്തിൽ കെട്ടിടത്തിന്റെ സൗന്ദര്യാത്മക രൂപം വികലമാകാതിരിക്കാൻ ബാൽക്കണി വൃത്തിയായി സൂക്ഷിക്കാൻ അവർ ബാധ്യസ്ഥരാണ്. കെട്ടിടങ്ങളുടെ പ്രവേശന കവാടത്തിൽ സർക്കുലറുകൾ നിരോധിക്കാൻ കെട്ടിട മാനേജ്മെന്റുകൾക്കും ഉടമകൾക്കും മുനിസിപ്പാലിറ്റി ഉത്തരവിട്ടിട്ടുണ്ട്. ഈ നിയമം ലംഘിക്കുന്നവരിൽനിന്ന് 250 ദിർഹം പിഴ ഈടാക്കും. ഇത് അടക്കാത്ത സാഹചര്യത്തിൽ അതിന്റെ ഇരട്ടിയും നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ മുനിസിപ്പാലിറ്റി ഹോട്ട് ലൈൻ നമ്പറായ 993 യിലേക്ക് വിളിക്കണമെന്ന് അൽതറൈഫി പൊതുജനങ്ങളോട് അഭ്യർഥിച്ചു.
 

Tags

Latest News