Sorry, you need to enable JavaScript to visit this website.

ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി പുനരാരംഭിക്കുക പടിപടിയായി -മന്ത്രി 

റിയാദ് - സർക്കാർ ഉദ്യോഗസ്ഥർക്ക് അടുത്ത ഞായറാഴ്ച മുതൽ പടിപടിയായാണ് ജോലി സ്ഥലങ്ങളിൽ ഡ്യൂട്ടി പുനരാരംഭിക്കുകയെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു. ജൂൺ 14 ഞായറാഴ്ച മുതൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പൂർണ തോതിൽ ഡ്യൂട്ടി പുനരാരംഭിക്കും. 
ഈദുൽ ഫിത്ർ അവധിക്കു ശേഷം ഞായറാഴ്ച സർക്കാർ ഓഫീസുകൾ തുറക്കും. ഞായറാഴ്ച മുതൽ ഡിപ്പാർട്ട് ഡയറക്ടർമാർ അടക്കം 50 ശതമാനത്തിൽ കുറയാത്ത ജീവനക്കാരാണ് ജോലി സ്ഥലങ്ങളിൽ ഹാജരാകേണ്ടത്. ജോലി സ്ഥലത്ത് തിരികെ എത്താത്ത അവശേഷിക്കുന്ന ഉദ്യോഗസ്ഥർ നിലവിൽ പിന്തുടരുന്നതു പോലെ ഡിസ്റ്റൻസ് രീതിയിൽ ജോലി തുടരണം. 
ജൂൺ ഏഴ് ഞായർ മുതൽ 75 ശതമാനത്തിൽ കുറയാത്ത സർക്കാർ ഉദ്യോഗസ്ഥർ ജോലി സ്ഥലങ്ങളിലെത്തണം. ബാക്കിയുള്ളവർ നിലവിൽ പിന്തുടരുന്നതു പോലെ ഡിസ്റ്റൻസ് രീതിയിൽ ജോലി തുടരുകയാണ് വേണ്ടത്. 
ജൂൺ 14 ഞായർ മുതൽ മുഴുവൻ ഉദ്യോഗസ്ഥരും ജോലി സ്ഥലങ്ങളിൽ ഹാജരാകണം. ഉദ്യോഗസ്ഥരെ മൂന്നു ഗ്രൂപ്പുകളായി തിരിച്ച് ഡ്യൂട്ടി സമയം ക്രമീകരിക്കണം. ആദ്യ ഗ്രൂപ്പിന്റെ ജോലി സമയം രാവിലെ ഏഴരക്കും രണ്ടാമത്തെ ഗ്രൂപ്പിന്റെ ജോലി സമയം രാവിലെ എട്ടരക്കും മൂന്നാമത്തെ ഗ്രൂപ്പിന്റെ ജോലി രാവിലെ ഒമ്പതരക്കും ആരംഭിക്കുന്ന നിലക്കാണ് ക്രമീകരിക്കേണ്ടത്. ജോലി സ്ഥലങ്ങളിൽ ഹാജരാകുന്നതിൽ നിന്ന് ഇളവ് നൽകി ആരോഗ്യ മന്ത്രാലയം നിർണയിച്ച വിഭാഗങ്ങളിൽ പെട്ടവർക്ക് മേൽപറഞ്ഞ ക്രമീകരണം ബാധകമല്ല. 
അടുത്ത ഞായർ മുതൽ ജൂൺ 11 വ്യാഴം വരെയുള്ള ദിവസങ്ങളിൽ പ്രത്യേകം നിശ്ചയിച്ച അനുപാദത്തിൽ കുറയാത്ത നിലക്ക് ജോലി സ്ഥലങ്ങളിൽ ഹാജരാകേണ്ട ഉദ്യോഗസ്ഥരെ നിർണയിക്കാൻ ബന്ധപ്പെട്ട മന്ത്രിമാർക്കും വകുപ്പ് മേധാവികൾക്കും അവർ ചുമതലപ്പെടുത്തുന്നവർക്കും അധികാരമുണ്ട്. അടുത്ത ഞായർ മുതൽ ജൂൺ 18 വ്യാഴം വരെയുള്ള കാലത്ത് സർക്കാർ ഓഫീസുകളിൽ നിന്നും വകുപ്പുകളിൽ നിന്നും ഡിജിറ്റൽ ചാനലുകൾ വഴി മാത്രാണ് സൗദി പൗരന്മാർക്കും വിദേശികൾക്കും സേവനങ്ങൾ നൽകേണ്ടത്. 
ശാഖകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ബന്ധപ്പെട്ട അധികാരികൾ തീരുമാനിക്കുന്ന പക്ഷം നേരത്തേ പരാമർശിച്ച നിശ്ചിത അനുപാതം പാലിച്ചാണ് ഉദ്യോഗസ്ഥർ ജോലിക്ക് ഹാജരാകേണ്ടത്. കൂടാതെ മുൻകൂട്ടി നിശ്ചയിക്കുന്ന അപ്പോയിന്റ്‌മെന്റുകൾക്ക് അനുസരിച്ചാണ് ഉപയോക്താക്കളെ ശാഖകളിൽ സ്വീകരിക്കേണ്ടത് എന്നും നിർദേശമുണ്ട്.  
വിരലടയാള പഞ്ചിംഗ് രീതി വിലക്കിയത് ജൂൺ 18 വ്യാഴം വരെ തുടരും. ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രതിരോധ നടപടികൾ ജോലി സ്ഥലങ്ങളിൽ പാലിക്കപ്പെടുന്നുണ്ടെന്ന് സർക്കാർ വകുപ്പുകളിലെ ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെന്റുകൾ പതിവായി പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും നിർദേശമുണ്ട്. 

Tags

Latest News