Sorry, you need to enable JavaScript to visit this website.

മാസ്‌ക് സുഖം തന്നെ, മെയ്ക്കപ് വേണ്ട -കവിറ്റോവ

പ്രാഗ് - കാണികളില്ലെങ്കില്‍ ഗ്രാന്റ്സ്ലാം ടെന്നിസ് ടൂര്‍ണമെന്റുകള്‍ കളിക്കാതിരിക്കുകയാണ് നല്ലതെന്ന് രണ്ടു തവണ വിംബിള്‍ഡണ്‍ ചാമ്പ്യനായ പെട്ര കവിറ്റോവ. റോജര്‍ ഫെദരറും കഴിഞ്ഞയാഴ്ച സമാനമായ അഭിപ്രായം പങ്കുവെച്ചിരുന്നു. 
എനിക്ക് 30 വയസ്സായി, ഒരു ഗ്രാന്റ്സ്ലാം കൂടി കളിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ ഇതുപോലെയാണെങ്കില്‍ കളിക്കാതിരിക്കുകയാണ് നല്ലത്. ഗ്രാന്റ്സ്ലാമുകളില്‍ പ്രധാന ഘടകം കാണികളാണ്. അവരാണ് കളിക്കാരുടെ എഞ്ചിന്‍ -ചെക് റിപ്പബ്ലിക്കുകാരി പറഞ്ഞു. 
പ്രാഗില്‍ കവിറ്റോവയുള്‍പ്പെടെ എട്ട് വീതം പുരുഷ, വനിതാ കളിക്കാര്‍ പങ്കെടുക്കുന്ന പ്രദര്‍ശന ടൂര്‍ണമെന്റ് തുടങ്ങി. കാണികളില്ലാതെയാണ് ടൂര്‍ണമെന്റ് നടത്തുന്നത്. ബോള്‍ബോയ്‌സും റഫറിമാരുമുണ്ട്. അവര്‍ തൂവാല കൈമാറില്ല. കളിക്കാര്‍ തമ്മിലും അമ്പയറുമായും ഹസ്തദാനവും പാടില്ല. ഹസ്തദാനം പാടില്ലെന്നതാണ് ഏറ്റവും അരോചകമായും അപമര്യാദയായും തോന്നുന്നതെന്ന് കവിറ്റോവ പറഞ്ഞു. 
ചെക് റിപ്പബ്ലിക്കില്‍ മാത്രമല്ല ലോകത്തില്‍ തന്നെ ടെന്നിസ് പുനരാരംഭിക്കുകയാണ് ഞങ്ങള്‍. എന്നാല്‍ താളം കണ്ടെത്തുകയാണ് പ്രയാസം. ഒരു പ്രചോദനവുമില്ലാത്ത കളിയാണ് ഇത്. ദീര്‍ഘകാലമായി കളിച്ചിട്ടില്ലാത്തതിന്റെ മരവിപ്പുമുണ്ട്. ഫെയ്‌സ്മാസ്‌ക് ധരിക്കുന്നതിനാല്‍ മെയ്ക്കപ്പ് വേണ്ടെന്നതാണ് ആശ്വാസമെന്ന് കവിറ്റോവ പറഞ്ഞു. 

Latest News